മുട്ടം വള്ളിപ്പാറയില്‍ ബസും കാറും കൂട്ടിയിടിച്ചു രണ്ടു മരണം
മുട്ടം വള്ളിപ്പാറയില്‍ ബസും കാറും കൂട്ടിയിടിച്ചു രണ്ടു മരണം
Monday, November 30, 2015 12:56 AM IST
അറക്കുളം: മുട്ടം വള്ളിപ്പാറയില്‍ കെഎസ്ആര്‍ടിസി ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മെംബര്‍ സൂസമ്മ മാത്യുവിന്റെ മകന്‍ തുറവാതിക്കല്‍ ബോബി (33), ബന്ധുവായ മുണ്ടക്കയം കരിനിലം തുറവാതിക്കല്‍ ആന്റണിയുടെ ഭാര്യ അന്നമ്മ (കുട്ടിയമ്മ-47) എന്നിവരാണ് മരിച്ചത്. മുട്ടം വള്ളിപ്പാറയില്‍ ഞായറാഴ്ച പുലര്‍ച്ചെ 6.20ന് ആണ് അപകടമുണ്ടായത്. മുണ്ടക്കയത്തുനിന്നു പെരിന്തല്‍മണ്ണയിലേക്കു പോയ കെഎസ്ആര്‍ടിസി ബസും നെടുമ്പാശേരിയില്‍നിന്നു മുണ്ടക്കയത്തേ ക്കു പോയ ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം.

മരിച്ച അന്നമ്മയുടെ മകന്‍ മനു അബുദാബിയില്‍ എസി മെക്കാനിക്കാണ്. അബുദാബിയില്‍നിന്നെത്തിയ മനുവിനെ കൂട്ടിക്കൊണ്ട് വരുമ്പോഴാണ് അപകടം. സഹോദരിയായ മീനു മുണ്ടക്കയം സാന്തോം കോളജ് അധ്യാപികയാണ്. കൂടെ ഉണ്ടായിരുന്ന മനുവിന്റെ പിതാവ് ആന്റണി, മനുവിന്റെ സഹോദരി മീനു എന്നിവരെ പരിക്കുകളോടെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാര്‍ നിശേഷം തകര്‍ന്നു. മൂടല്‍മഞ്ഞുമൂലമോ ഉറങ്ങിപ്പോയതു മൂലമോ ആകാം അപകടമെന്നു സംശയിക്കുന്നതായി സമീപവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.


കാഞ്ഞാര്‍ എസ്ഐമാരായ സുധാകരന്‍, ജയകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സേതു, സജീവന്‍, നാസര്‍, ജോണ്‍ ഡബ്ള്യുപിസിഒമാരായ അമ്പിളി, കനക ലക്ഷ്മി എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ 31-ാം മൈല്‍ വിശുദ്ധ ജോണ്‍ പോള്‍ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം നാലിന് അന്നമ്മയുടെയും ബോബിയുടെയും സംസ്കാരം 34-ാം മൈലിലെ വ്യാകുലമാതാ ഫൊറോന പള്ളിയില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.