അമൃത്മിഷന്‍: സംസ്ഥാനത്തെ ഒന്‍പത് നഗരങ്ങള്‍ക്ക് 587.98 കോടി
Saturday, November 28, 2015 1:02 AM IST
തിരുവനന്തപുരം: നഗരങ്ങളുടെ അടിസ്ഥാനസൌകര്യവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന അമൃത്മിഷനില്‍ (അടല്‍മിഷന്‍ ഫൊര്‍ റിജ്യൂവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) ഉള്‍പ്പെടുത്തി കേരളത്തിലെ ഒന്‍പത് നഗരങ്ങളുടെ 587.98 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, ഗുരുവായൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. കുടിവെളള വിതരണം, മാലിന്യ ഓടകളുടെ ശൃംഖല, മഴവെളളം ഒഴുകിപ്പോകുന്നതിനുളള സംവിധാനം, പൊതുഗതാഗത സൌകര്യങ്ങള്‍, ഹരിത ഇടങ്ങളും പാര്‍ക്കുകളും എന്നിവ ഒരുക്കുന്നതിനുവേണ്ടിയാകും ഈ തുക വിനിയോഗിക്കുക. നഗരസഭകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കലും ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കലും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ 50 ശതമാനം കേന്ദ്രവിഹിതവും 30 ശതമാനം സംസ്ഥാനവിഹിതവും 20 ശതമാനം നഗരസഭാവിഹിതവുമാണ്. പദ്ധതിയുടെ സംസ്ഥാനതല മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഹനീഷും നോഡല്‍ ഓഫീസര്‍ ആര്‍. ഗിരിജയുമാണ്.


പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സംസ്ഥാനതല മിഷനും മാനേജ്മെന്റ് യൂണിറ്റും നഗരതല മിഷന്‍ മാനേജ്മെന്റ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.