തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഡിസംബര്‍ ഏഴിനകം നല്‍കണം
Saturday, November 28, 2015 12:59 AM IST
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ ഡിസംബര്‍ ഏഴിനകം ചെലവ് കണക്ക് നല്‍കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്തില്‍ മത്സരിച്ചവര്‍ ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ളോക്ക് പഞ്ചായത്തില്‍ മത്സരിച്ചവര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ മത്സരിച്ചവര്‍ ജില്ലാ കലക്ടര്‍ക്കുമാണ് കണക്ക് നല്‍കേണ്ടത്.

ഗ്രാമപഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ഥി 10,000 രൂപ വരെയും ബ്ളോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 30,000 രൂപവരെയും ജില്ലാ പഞ്ചായത്തിലേയ്ക്കും കോര്‍പറേഷനിലേക്കും മത്സരിച്ചവര്‍ 60,000 രൂപവരെയും ചെലവാക്കാം. സ്ഥാനാര്‍ഥിയോ, ഏജന്റോ സ്ഥാനാര്‍ഥിക്കുവേണ്ടി മറ്റാരെങ്കിലുമോ ചെലവാക്കിയ തുക കണക്കില്‍പ്പെടുത്തണം.

സ്ഥാനാര്‍ഥി നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവു കണക്കാണ് നല്‍കേണ്ടത്. കണക്കിനൊപ്പം രസീത്, വൌച്ചര്‍, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കണം. അവയുടെ അസല്‍ സ്ഥാനാര്‍ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി നല്‍കുകയും വേണം. സ്ഥാനാര്‍ഥികള്‍ എന്‍ 30 ഫോറത്തിലാണ് കണക്ക് നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവരെ കമ്മീഷന്‍ അഞ്ചു വര്‍ഷത്തേയ്ക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യനാക്കും. നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നല്‍കിയതെന്ന് ബോദ്ധ്യപ്പെട്ടാലും കമ്മീഷന്‍ അവരെ അയോഗ്യരാക്കും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവരില്‍ 11000ത്തോളം പേര്‍ക്ക് അയോഗ്യത കാരണം ഇത്തവണ മത്സരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഡിസംബര്‍ ഏഴിനകം കണക്ക് സമര്‍പ്പിച്ചെന്ന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും ഉറപ്പ് വരുത്തണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.