ഓര്‍ഗനൈസര്‍ ലേഖനം പിന്‍വലിച്ച് മാപ്പു പറയണമെന്നു മുഖ്യമന്ത്രി
ഓര്‍ഗനൈസര്‍ ലേഖനം പിന്‍വലിച്ച് മാപ്പു പറയണമെന്നു മുഖ്യമന്ത്രി
Saturday, November 28, 2015 12:58 AM IST
തിരുവനന്തപുരം: ദൈവത്തിന്റെ നാട് എന്നറിയപ്പെടുന്ന കേരളത്തെ, ദൈവമില്ലാത്ത നാട് എന്ന തലക്കെട്ടോടുകൂടി വര്‍ഗീയതയും വിദ്വേ ഷവും അടിമുടി നിറഞ്ഞു നില് ക്കുന്ന ലേഖനത്തിലൂടെ അവഹേളിക്കാന്‍ ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ (നവംബറിലെ ദീപാവലി സ്പെഷല്‍ ഇഷ്യു) ശ്രമിച്ചത് അത്യന്തം അ പലപനീയമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചരിത്രവും വസ്തു തകളും വളച്ചൊടിച്ചും മറച്ചുവച്ചും കേരളത്തിന്റെ സ്വത്വത്തിന്മേലുള്ള കടന്നുകയറ്റം കേരളത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞതായി പ്രസിദ്ധീകരണത്തിനു നല്‍കിയ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

വര്‍ഗീയത കുത്തിവയ്ക്കുക മാ ത്രമാണ് ഇതിന്റെ ഏകലക്ഷ്യം. കേ രളം ഒന്നടങ്കം ഒറ്റക്കെട്ടായി ഇതിനെതിരേ രംഗത്തുവരുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും സൌന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത് ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നതിനിടയില്‍ അതിന്റെ ദംഷ്ട്രങ്ങള്‍ കേരളത്തിലേക്കും നീളുന്നു എന്നതിന്റെ സൂചനയാണിത്.

രാഷ്ട്രപതി നാലുതവണയാണു വിഭാഗീയ രാഷ്ട്രീയത്തിനെതിരേ ശക്തമായ മുന്നറിയിപ്പ് മുഴക്കിയത്. വിദേശരാജ്യങ്ങളില്‍ സ്ഥിരം സന്ദര്‍ശകനായ പ്രധാനമന്ത്രിയെ അവിടൊക്കെ പ്രതിഷേധവും ചോദ്യങ്ങളുമായി ജനങ്ങളും മാധ്യമങ്ങളും നേരിടുന്നു. പ്രധാനമന്ത്രി ഇവിടെ കത്തുന്ന കനലുകള്‍ കാ ണണം. അതു മറ്റിടങ്ങളിലേക്ക് ആസൂത്രിതമായി വ്യാപിപ്പിക്കുന്നതു ശ്രദ്ധിക്കണം.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നും ഉദ്ഘോഷിച്ച് സംസ്ഥാനത്തെ നവോത്ഥാനത്തി ലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണു കേരളം. ഒന്നേ കാല്‍ നൂറ്റാണ്ടായി കേരളം ഈ മഹദ്വചനങ്ങളെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു. ശ്രീനാരായണഗുരുവിന്റെ നിത്യചൈതന്യം പുതുതലമുറയില്‍ എത്തിക്കാന്‍ അവ പാഠ്യപദ്ധതിയില്‍ വരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏഴാം നൂറ്റാണ്ടില്‍ തൃശൂര്‍ ജി ല്ലയിലെ കൊടുങ്ങല്ലൂര്‍ ആസ്ഥാ നമായി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ എന്ന ഹിന്ദു രാജാവാണ് മോസ്ക് പണിയാനായി സ്ഥലം വിട്ടുനല്കിയത്. ചേരമാന്‍ ജുമ മസ്ജി ദാണ് ഉപഭൂഖണ്ഡത്തിലെ ആ ദ്യത്തെ മോസ്ക്. ലോകമെമ്പാടും യഹൂദരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ജോസഫ് റബ്ബാന്‍ എന്ന യൂദപ്രമാണിക്ക് കൊടുങ്ങല്ലൂരിലെ ഭാസ്കര രവിവര്‍മ രാജാവ് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങള്‍ നല്കി അവര്‍ക്ക് അഭയം നല്കിയ നാടാണു കേരളം. ഇതൊക്കെയാണു കേരളത്തിന്റെ പൈതൃകം. കേരളത്തില്‍ വിഷം ചീറ്റാന്‍ ശ്രമിക്കുന്നവര്‍ ഈ നാടിന്റെ ചരിത്രം കൂടി അറിയണം. ഈ നാടിന്റെ ആ ദര്‍ശ ബിംബങ്ങളെ അറിയണം.

1992ല്‍ ബാബ്റി മസ്ജിദ് തകര്‍ ന്നുവീണപ്പോള്‍ അതിന്റെ പേരില്‍ കേരളത്തില്‍ ഒരിലപോലും അനങ്ങരുതെന്ന് ഉഗ്രശാസനം നല്കിയ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് നേതാവ് പാണക്കാട് സയ്യിദ് ശി ഹാബ് തങ്ങളെ ഈ നാടിനു മറ ക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പലഭാഗങ്ങളിലും അന്ന് പ്രശ്നങ്ങളു ണ്ടായെങ്കിലും കേരളം അതിന് അ പവാദമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമായി മാ ത്രമേ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാ യിട്ടുള്ളു. പക്ഷേ, അതൊരിക്കലും കാട്ടുതീ പോലെ പടര്‍ന്നിട്ടില്ല. കേരളത്തിന്റെ സ്വന്തം മനഃസാക്ഷിയില്‍നിന്ന് ഒരുള്‍വിളി ഉയരും. ഉടന്‍ കെട്ടടങ്ങുകയും ചെയ്യും.


കേരളത്തെക്കുറിച്ച് ഒരുപാട് തെറ്റായ വസ്തുതകള്‍ അവതരിപ്പിച്ചത് ശരിയായ വസ്തുതകളെ തമസ് കരിക്കാനല്ലേ എന്നു സംശയി ക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേ ഖലകളിലും ആയുര്‍ദൈര്‍ഘ്യ ത്തിലും ആണ്‍-പെണ്‍ അനുപാ തത്തിലുമൊക്കെ യൂറോപ്പിനോടു കിടപിടിക്കുന്ന സംസ്ഥാനമാണു കേരളം. പെണ്‍കുട്ടികള്‍ കൂടുതലുള്ളത് കേരളം ഭ്രൂണഹത്യയ്ക്കെതിരായതു കൊണ്ടാണ്. ക്രമസമാധാ നരംഗത്ത് മുന്‍നിരയിലാണ് നമ്മുടെ സംസ്ഥാനം. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള നാടാണിത്. ഇവയെല്ലാം കൂടി ചേര്‍ന്നപ്പോഴാണ് ടൂറിസ്റുകളുടെ പറുദീസയായ കേ രളം, ദൈവത്തിന്റെ സ്വന്തം നാടായി വിശേപ്പിക്കപ്പെട്ടത്.

നാലര പതിറ്റാണ്ടിനു മുമ്പ് ഭൂപരിഷ്കരണം നടപ്പാക്കിയ നാടാണിത്. കുടുംബശ്രീപോലുള്ള സ്ത്രീശാ ക്തീകരണ പ്രസ്ഥാനം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇവയെയൊക്കെ തമസ്കരിച്ചുകൊണ്ടാണ് കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളുടെയും മദ്യഉപയോഗത്തിന്റെയും പേരില്‍ ദൈവമില്ലാത്ത വഷളന്മാരുടെ നാടായി കേരളത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ മാത്രം നടക്കുന്ന അതിക്രമങ്ങളുടെയെല്ലാം ഒരറ്റത്ത് ബിജെപി- ആര്‍എസ്എസും മറ്റൊരറ്റത്ത് സിപിഎമ്മുമാണെന്ന് എല്ലാവര്‍ക്കുമറിയാം. യുഡിഎഫ് സര്‍ ക്കാര്‍ അക്രമികള്‍ക്കെതിരേ ശക്ത മായ നടപടികള്‍ സ്വീകരിച്ചതുമൂലം കണ്ണൂര്‍ ഇപ്പോള്‍ പൊതുവെ ശാന്തമാണ്.

മദ്യഉപഭോഗവും അതുണ്ടാക്കു ന്ന പ്രശ്നങ്ങളും സര്‍ക്കാരിന്റെ ശ്ര ദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ 730 ബാറുകള്‍ അ ടച്ചുപൂട്ടിയത്. ബിവറേജസ് കോര്‍ പറേഷന്റെ മദ്യഷാപ്പുകള്‍ പത്തുശതമാനം വച്ച് പ്രതിവര്‍ഷം പൂട്ടി പത്തുവര്‍ഷംകൊണ്ട് മദ്യനിരോധനം നടപ്പാക്കുകയും ചെയ്യുന്നു. മറ്റൊരു സംസ്ഥാനവും മദ്യത്തിനെതിരേ ഇത്രയും ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. അപകട മരണം, ആത്മഹത്യകള്‍, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയൊക്കെ കുറച്ചുകൊണ്ടുവരാന്‍ ഇതിലൂടെ സാ ധിച്ചു. ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കേരളം ഗോമാംസംപോലുള്ള വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നത്. അത് ആവശ്യമുള്ളവര്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്തവര്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇത്തരം സംസ്കൃതികളെ വിഭാഗീയതയുടെ ആയുധമാക്കി മാറ്റുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. തെരഞ്ഞെടുപ്പു ജയിക്കാന്‍ എന്തും ആയുധമാക്കുന്ന കാലമാണിത്. ഗോമാസംവരെ ആയുധമായി ഉപയോഗിച്ചിട്ടും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി ബിജെപിയുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ, മതേതരത്വ, ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബിജെപി പരിവാരങ്ങളെ ഇവിടെനിന്ന് അകറ്റിനിര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍ കാലുറപ്പിക്കാന്‍ എത്ര കാലമായി അവര്‍ ശ്രമിക്കുന്നു. വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ കേരളം എക്കാലത്തും ചെറുത്തുതോല്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, സമീപകാലത്ത് വളഞ്ഞ വഴിയിലൂടെ കേരളത്തില്‍ കാലുറപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. മലയാളികളുടെ പ്രകാശഗോപുരമായി നില്ക്കുന്ന മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ഹൈജാക്ക് ചെയ്യാനാണ് അവരുടെ ശ്രമം. കേരളം സംഘപരിവാറിനു മുന്നില്‍ കീഴടങ്ങുന്ന പ്രശ്നമില്ല. നൂറ്റാണ്ടുകള്‍കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങളും തച്ചുടയ്ക്കാന്‍ ശ്രമിക്കരുതെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.