കാര്‍ഷിക പ്രതിസന്ധി: ഇന്‍ഫാം സമ്മേളനം ഡിസംബര്‍ ഒന്നിനു തുടങ്ങും
Saturday, November 28, 2015 12:41 AM IST
കൊച്ചി: തീരദേശ, ഇടനാട്, മലയോര പ്രദേശങ്ങളിലെ കാര്‍ഷിക, ജനകീയ പ്രശ്നങ്ങള്‍ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്‍ഫാമിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക നേതൃസമ്മേളനങ്ങള്‍ കേരളത്തിലെ 10 മേഖലകളിലായി സംഘടിപ്പിക്കും. കര്‍ഷകര്‍ നേരിടുന്ന വിവിധ വിഷയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിലപാടുകളും ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം കാര്‍ഷിക പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ബദല്‍ സംവിധാനങ്ങളെക്കുറിച്ചു കര്‍ഷകര്‍ മേഖലാ നേതൃസമ്മേളനങ്ങളില്‍ പങ്കുവയ്ക്കലുകള്‍ നടത്തും.

നൂതന കൃഷിരീതികള്‍, കര്‍ഷക ബാങ്ക്, ഇടനിലക്കാരില്ലാത്ത കര്‍ഷക വിപണികള്‍, കര്‍ഷക ഉത്പാദക കമ്പനികള്‍, മൂല്യവര്‍ധിത ഉത്പന്ന യൂണിറ്റുകള്‍ എന്നിവയും വിവിധ കര്‍ഷക പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയുള്ള പദ്ധതികളുടെ രൂപീകരണവും മേഖലാ സമ്മേളനങ്ങളില്‍ നടക്കും.

പ്രഥമ മേഖലാ കര്‍ഷക പ്രതിനിധി സമ്മേളനം ഡിസംബര്‍ ഒന്നിനു വൈകുന്നേരം മൂന്നിനു പാലാ ബിഷപ്സ് ഹൌസില്‍ ചേരും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. പാലാ രൂപത വികാരി ജനറാള്‍ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, കോട്ടയം രൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ ആശംസ നേരും. ഇന്‍ഫാം ദേശീയ സെക്രട്ടി ജനറല്‍ ഷെവലിയര്‍ വി.സി. സെബാസ്റ്യന്‍ വിഷയാവതരണവും റീജണല്‍ ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍ ആമുഖപ്രഭാഷണവും നടത്തും.


ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, സംസ്ഥാന കണ്‍വീനര്‍ ജോസ് ഇടപ്പാട്ട്, ദേശീയ വൈസ് ചെയര്‍മാന്‍ കെ. മൈതീന്‍ ഹാജി, ദേശീയ ട്രസ്റി ഡോ.എം.സി. ജോര്‍ജ്, ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടി, ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം രൂപത ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ (കോതമംഗലം), ഫാ. സെബാസ്റ്യന്‍ കൊച്ചുപുര (ഇടുക്കി), ഫാ. തോമസ് മറ്റമുണ്ടയില്‍ (കാഞ്ഞിരപ്പള്ളി), ഫാ. ജോസഫ് കളരിക്കല്‍ (ചങ്ങനാശേരി), ഫാ. ബിന്‍സ് ചേത്തലില്‍ (കോട്ടയം) എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും തുടര്‍പദ്ധതികളും അവതരിപ്പിക്കും. ഇന്‍ഫാം ജില്ലാ സെക്രട്ടറി ബേബി പന്തപ്പള്ളില്‍, സണ്ണി മുത്തോലപുരം, ഔസേപ്പച്ചന്‍ വെള്ളിമൂഴയില്‍, ജെയിംസ് ചൊവ്വാറ്റുകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ജനുവരി ആറിന് ഇന്‍ഫാം സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്തു ചേര്‍ന്നു കാര്‍ഷിക നയരേഖ പ്രഖ്യാപിക്കും. ജനുവരി 15ന് ഇന്‍ഫാം കര്‍ഷകദിനമായി ആചരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.