മോദി പങ്കെടുക്കുന്ന ഏക പാര്‍ട്ടി പരിപാടി തൃശൂരില്‍
Saturday, November 28, 2015 12:36 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: അടുത്തമാസം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഏക പാര്‍ട്ടി പരിപാടി 15നു തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ ബിജെപിയുടെ പൊതുസമ്മേളനമാണ്. പ്രധാനമന്ത്രിക്കൊപ്പം മറ്റു ദേശീയനേതാക്കളും പങ്കെടുക്കും.

മോദി പങ്കെടുക്കുന്ന സംസ്ഥാനത്തെ ബിജെപിയുടെ ഒരേയൊരു പരിപാടി എന്ന നിലയ്ക്കു വന്‍ പ്രാധാന്യമാണ് ദേശീയ-സംസ്ഥാനനേതൃത്വം തൃശൂരിലെ സമ്മേളനത്തിനു നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള ഷെഡ്യൂളില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനമുണ്ടാകുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നുവെങ്കിലും ഇല്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. എങ്കിലും, ഗുരുവായൂരിനെ അന്താരാഷ്ട്ര തീര്‍ഥാടകേന്ദ്രമാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ തൃശൂര്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വികസനത്തിനു പുതിയ പദ്ധതികളും തൃശൂരില്‍ പ്രഖ്യാപിക്കുമെന്നു സൂചനകളുണ്ട്.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണു പൊതുസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിനും കൊച്ചിയില്‍ സംയുക്തസേനാ വിഭാഗങ്ങളുടെ കമാന്‍ഡര്‍മാരുടെ യോഗത്തിനും ശേഷം 15നു വൈകുന്നേരം നാലിനു പ്രധാനമന്ത്രി തൃശൂരിലെത്തും. കൊച്ചിയില്‍നിന്നു തൃശൂരിലേക്കുള്ള യാത്ര എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.


പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്നു തൃശൂരില്‍ നടക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, കെ.ആര്‍.ഉമാകാന്തന്‍ എന്നിവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്ററിലെ ഹോട്ടല്‍ വൃന്ദാവനിലാണു യോഗം. കനത്ത സുരക്ഷാക്രമീകരണങ്ങളടക്കമുള്ള ഒരുക്കങ്ങളാണ് തേക്കിന്‍കാട് മൈതാനിയില്‍ സജ്ജമാക്കുക. ഒരുലക്ഷത്തോളം പ്രവര്‍ത്തകരെ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനിയിലെ സമ്മേളനത്തിന് അണിനിരത്താനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നു ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.