നിസാമിനെ ഒറ്റയ്ക്കു ചോദ്യംചെയ്തതില്‍ തെറ്റില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്
നിസാമിനെ ഒറ്റയ്ക്കു ചോദ്യംചെയ്തതില്‍  തെറ്റില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്
Friday, November 27, 2015 12:32 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുഹമ്മദ് നിസാമിനെ അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് ഒറ്റയ്ക്കു ചോദ്യം ചെയ്തതില്‍ അസ്വാഭാവികത ഇല്ലെന്നു വിജിലന്‍സ് പോലീസിന്റെ റിപ്പോര്‍ട്ട്.

കോടതിയുടെ നിര്‍ദേശാനുസരണം വിജിലന്‍സ് പോലീസ് തൃശൂര്‍ ഡിവൈഎസ്പി എ. രാമചന്ദ്രന്‍ അന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിച്ച ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരം. വിജിലന്‍സ് ഡയറക്ടര്‍ ഏതാനും ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

നിസാമിനെ ഒറ്റയ്ക്കു ചോദ്യംചെയ്തതു ക്രമക്കേടാണെന്നു ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ അന്നത്തെ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു. പത്തു മാസമായിട്ടും സസ്പെന്‍ഷന്‍ തുടരുകയാണ്. ജേക്കബ് ജോബ് നിസാമിനെ ചോദ്യം ചെയ്തതില്‍ ക്രമക്കേടുണ്െടന്ന് ആരോപിച്ചു ഒരാള്‍ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉടനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി വിജിലന്‍സ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ടു സമര്‍പ്പിക്കാത്തതിനെ ചോദ്യംചെയ്തു ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ മേയ് 25നകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു കോടതി ഉത്തരവിട്ടു. ഇതുവരെയും കോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചില്ല.

ജേക്കബ് ജോബിനെതിരേ തെളിവുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിസാമിനെ പോലീസ് മേധാവികള്‍ അഞ്ചു മണിക്കൂര്‍ ചോദ്യംചെയ്തു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടും റിപ്പോര്‍ട്ടു ഫയല്‍ ചെയ്യാതെ സസ്പെന്‍ഷന്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. പോലീസ് കമ്മീഷണര്‍ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെ ഒറ്റയ്ക്കോ കൂട്ടായോ ചോദ്യം ചെയ്യുന്നതില്‍ അസ്വാഭാവികത ഇല്ലെന്നും അതു പോലീസ് ഓഫീസറുടെ ഉത്തരവാദിത്വമാണെന്നുമാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംശയമുളവാക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി നിസാമിനെയും കൂട്ടി പോലീസ് ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലേക്കും മറ്റും പോയതു നിസാമിന്റെ ചെലവിലുള്ള വെറും വിനോദയാത്രയും ധൂര്‍ത്തുമായിരുന്നെന്ന ആരോപണത്തിലെ നിജസ്ഥിതി മനസിലാക്കാനാണ് മറ്റ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി നിസാമിനെ ചോദ്യംചെയ്തതെന്നു ജേക്കബ് ജോബ് വിശദീകരിച്ചിരുന്നു.

പോലീസിന്റെ കസ്റഡിയിലുള്ള യാത്രാമധ്യേ നിസാം സ്വന്തം ഫോണുകള്‍ ഉപയോഗിച്ചു വമ്പന്മാരെയെല്ലാം വിളിച്ചു കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ബര്‍മുഡ ധരിച്ചു ഫോണില്‍ സംസാരിക്കുന്നതിന്റെ ഫോട്ടോകള്‍ ചില മാധ്യമങ്ങളിലൂടെ പുറത്താകുകയും ചെയ്തു. നിസാമിന്റെ സുഹൃത്തുക്കളാണെന്ന പേരില്‍ പോലീസ് ഓഫീസര്‍മാരെ തിരുനെല്‍വേലിയിലെ സ്വന്തം ഗസ്റ് ഹൌസില്‍ താമസിപ്പിച്ചു. ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ 16 മണിക്കൂര്‍ പ്രതി നിസാമും പോലീസ് ഉദ്യോഗസ്ഥരും മുങ്ങുകയും ചെയ്തിരുന്നു.


നിസാമിനെ ഒറ്റയ്ക്കു ചോദ്യംചെയ്തതു മാധ്യമങ്ങള്‍ വിവാദമാക്കിയതോടെ അന്നത്തെ ഐജി ടി.ജെ. ജോസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് ജോബിനെ ഫെബ്രുവരി 26 നു സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒറ്റയ്ക്കു ചോദ്യം ചെയ്യുന്നതു തെറ്റാണെന്നു വിജിലന്‍സ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്കിയാല്‍ പോലീസിനുതന്നെ അതു പൊല്ലാപ്പാകും. ചോദ്യം ചെയ്യണമെന്ന് അനുശാസിക്കുന്ന ഭരണഘടനയ്ക്കു വിരുദ്ധവുമാകും. മറിച്ചു സസ്പെന്‍ഷന്‍ നടപടി തെറ്റാണെന്നു തുറന്നു സമ്മതിക്കേണ്ടി വരുന്ന വിജിലന്‍സ് പോലീസിന്റെ റിപ്പോര്‍ട്ട് മറ്റൊരു തരത്തില്‍ മുന്‍ പോലീസ് മേധാവികളെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്നതുമാകും. സസ്പെന്‍ഷന്‍ നടപടികളില്‍ ആറുമാസത്തിനകം തീര്‍പ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവു ലംഘിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പ് ജേക്കബ് ജോബിന്റെ സസ്പെന്‍ഷന്‍ പത്തു മാസം നീട്ടിക്കൊണ്ടുപോയത്.

ജേക്കബ് ജോബ് മുന്‍ എഡിജിപി കൃഷ്ണമൂര്‍ത്തിയുമായി സംസാരിച്ച ഫോണ്‍ സംഭാഷണം സംബന്ധിച്ച അന്വേഷണവും തെളിവില്ലാത്ത നിലയിലാണ്. ഫോണ്‍ സംഭാഷണത്തില്‍ ജേക്കബ് ജോബ് സ്വാമിയെന്നു പരാമര്‍ശിച്ചയാള്‍ ഡിജിപി ബാലസുബ്രഹ്മണ്യം അല്ലെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. അതിനാല്‍ സ്വാമിക്കെതിരേയുള്ള ആരോപണം ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരായ ആരോപണമാണെന്നു വ്യാഖ്യാനിക്കാന്‍ പോലീസിനു കഴിയില്ല.

വനിതാ പോലീസ് എസ്ഐയെ കാറില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതടക്കം നിസാമിനെതിരേയുള്ള 17 കേസുകളും ഒത്തുതീര്‍പ്പാക്കാനും തെളിവു നശിപ്പിക്കാനും മുന്‍കൈയെടുത്തതു പോലീസിലെ ഉന്നതരാണ്.

ചന്ദ്രബോസിനെ ആക്രമിച്ച കേസില്‍ മാത്രമാണു നിസാം പിടിയിലായത്. അറസ്റ്ചെയ്തു നിയമത്തിനു മുന്നിലെത്തിച്ച പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ കെണിയില്‍ കുടുക്കിയത്, നിസാമില്‍നിന്നു കോടികള്‍ വാങ്ങിയ വമ്പന്മാരെ രക്ഷിക്കാനാണെന്നു ദീപിക കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.