ധീരജവാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
ധീരജവാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Friday, November 27, 2015 12:44 AM IST
കൊയിലാണ്ടി: ജമ്മുകാഷ്മീരിലെ രജൌറി ജില്ലയിലെ നൌഷേറയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ ചേലിയ മുത്തുബസാര്‍ അടിയളളൂര്‍ മീത്തല്‍ സുബിനേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നിന്നു വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം കണ്ണൂര്‍ ഡിഎസ്സി ബറ്റാലിയന്‍ അംഗങ്ങളാണ് ഏറ്റുവാങ്ങിയത്.

റോഡ് മാര്‍ഗം ഇന്നലെ പുലര്‍ച്ചെ ആറിന് കോഴിക്കോട്ട് എത്തിച്ച മൃതദേഹത്തെ ജനപ്രതിനിധികളും ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അനുഗമിച്ചു. ഏഴോടെ കോരപ്പുഴപ്പാലത്തിനു സമീപം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജന്മദേശമായ ചെങ്ങോട്ട്കാവ് ചേലിയയിലെ വീട്ടിലെത്തിക്കുകയായിരുന്നു. കോരപ്പുഴ പാലത്തില്‍ നിന്നും ആരംഭിച്ച വിലാപയാത്രയ്ക്കു തിരുവങ്ങൂര്‍, ചേമഞ്ചേരി, ചെങ്ങോട്ട്കാവ് ടൌണ്‍ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. എന്‍സിസി, ജെആര്‍സി കേഡറ്റുകളും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

എട്ടോടെ ചേലിയ മുത്തുബസാറില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ പൊതുദര്‍ശനത്തിനു വച്ചു. പൊതുദര്‍ശനത്തിന് ശേഷം പതിനൊന്നോടെ ഔദ്യോഗിക ബഹുമതിയോടെ സുബിനേഷിന് ജന്മനാട് യാത്രമൊഴി നല്‍കി. എട്ടു വര്‍ഷം മുമ്പ് സൈന്യത്തിലെത്തിയ സുബിനേഷിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കേയാണു പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത്, കെ.ദാസന്‍ എംഎല്‍എ, പുരുഷന്‍ കടലുണ്ടി എംഎല്‍എ, കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുളളി കരുണന്‍, കെപിസിസി സെക്രട്ടറി അഡ്വ.പ്രവീണ്‍കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ തുടങ്ങിയവരും റവന്യൂ ഉദ്യോഗസഥരും, കേണല്‍ മോഹന്‍ദാസ്, കേണല്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.


വിവിധ സംഘടനകളുടെ നൂറുകണക്കിനു റീത്തുകളാണ് മൃതദേഹത്തില്‍ സമര്‍പ്പിച്ചത്. ആദരസൂചകമായി ചെങ്ങോട്ടുകാവില്‍ ഇന്നലെ ദുഃഖാചരണം നടത്തി. സിഐ ആര്‍. ഹരിദാസന്റെ നേതൃത്വത്തില്‍ പോലീസും അകമ്പടി സേവിച്ചു. മൃതദേഹം ചിതയിലേക്ക് എടുക്കുന്നതിനു മുമ്പ് ചീഫ് ഓഫ് ആര്‍മി സ്റാഫിന് വേണ്ടി കേണല്‍ മോഹന്‍ദാസ് മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.