ഡിസിഎല്‍
ഡിസിഎല്‍
Friday, November 27, 2015 12:41 AM IST
കൊച്ചേട്ടന്റെ കത്ത് / കണ്ഠമിടറാതെ മണികണ്ഠന്‍

സ്നേഹമുള്ള ഡിസിഎല്‍ കൂട്ടുകാരേ,

'വാങ്കോ ചാമീ... വാങ്കോ..'' ഹോട്ടല്‍ എന്ന ബോര്‍ഡും നീട്ടിനിന്നുള്ള അവന്റെ വിളിക്കും നിഷ്കളങ്കമായ ചിരിക്കും ഒരേ സൌന്ദര്യമായിരുന്നു. കാറില്‍നിന്നും ഇറങ്ങിയ ഞങ്ങളെ ചടുലചലനങ്ങളും നിറഞ്ഞ പുഞ്ചിരിയുംകൊണ്ട് ആനയിച്ച് ഹോട്ടലിലെ കസേരയിലിരുത്തി, വിവിധ പലഹാരങ്ങളുടെ മധുരമുള്ള പേരുകള്‍ ഒരു ഗുണ്ടല്‍പ്പേട്ട് സ്ളാങ്ങില്‍ പറഞ്ഞപ്പോഴേക്കും അവന്‍ എന്റെ മനസില്‍ കുടിയേറിക്കഴിഞ്ഞിരുന്നു.

ദീപികയുടെ ബാംഗളൂര്‍ എഡിഷനെപ്പറ്റി മാണ്ഡ്യബിഷപ്സ് ഹൌസില്‍വച്ച് ബിഷപ് ആന്റണി കരിയിലും വൈദികസംഘവുമായുള്ള സഫലമായചര്‍ച്ചയ്ക്കുശേഷമുള്ള മടക്കയാത്രയിലായിരുന്നു ഞങ്ങള്‍. സുദീര്‍ഘമായ യാത്രയ്ക്കിടെ ലഘുഭക്ഷണത്തിനായി ഗുണ്ടല്‍പ്പേട്ടില്‍ ഇറങ്ങിയപ്പോഴാണ്, 'എന്‍ പേര്‍ മണികണ്ഠന്‍' എന്ന് സ്വയം പരിചയപ്പെടുത്തിയ ആ ബാലനെ ശ്രദ്ധിച്ചത്.

'' വീണ്ടും യാത്ര തുടരാന്‍നേരം അവനെ അരികില്‍വിളിച്ച് വിശേഷങ്ങള്‍ ആരാഞ്ഞു. 'അപ്പാ ഇറന്തുപോച്ച്. അക്കാവുടെ മാര്യേജ് സെയ്തുവിട്ട്. അമ്മാവുക്ക് നാന്‍ മട്ടുമേ ഇറുക്കത്. എനക്ക് പത്താംതരം എക്സാമുക്ക് 85% മാര്‍ക്ക് ഇറുക്ക്.'' "നീ എന്താ പ്ളസ് ടു പഠിക്കാത്തത്?'' എനിക്ക് പ്ളസ് ടു പഠിക്കപ്പോവതിറുക്ക് ഇഷ്ടമില്ലൈ.'' വാടിയമുഖം താഴ്ത്തിയുള്ള അവന്റെ മറുപടി എനിക്കു വിശ്വാസമായില്ല. ഞാന്‍ പറഞ്ഞു. "മണികണ്ഠാ, നീ നല്ല സ്മാര്‍ട്ട് കുട്ടിയാണ്. നിന്റെ മര്യാദയോടുള്ള പെരുമാറ്റവും നീയുണ്ടാക്കിയ ചൂടുകാപ്പിയും ഞങ്ങള്‍ക്കിഷ്ടമായി. നിന്റെ ജീവിതം ഈ ഹോട്ടലില്‍ ഒടുങ്ങരുത്. നീ പഠിക്കണം. പഠിച്ച് വലിയ ആളാവണം. അതുകൊണ്ട് പഠനത്തെ സ്നേഹിക്കണം.''

"ഒക്കെ സറി ചാമീ...'' കണ്ഠമിടറാതെ മണികണ്ഠന്‍ പറഞ്ഞു. "വിറുപ്പം ഇറുന്താല്‍ മട്ടും പോതാത്. ആനാല്‍ കാശും വേണമേ...'' "പഠിക്കാന്‍ ഇഷ്ടമുണ്ടായാല്‍ മാത്രം പോരാ, കാശും വേണ്േട'' എന്ന മണികണ്ഠന്റെ ചോദ്യം നിലമ്പൂര്‍ ചുരമിറങ്ങി കോട്ടയമെത്തിയിട്ടും എന്റെ ഉള്ളില്‍ മുഴങ്ങുകയാണ്. ഹോട്ടല്‍ജോലിക്ക് 6000 രൂപ മാസശമ്പളം കിട്ടുന്നുണ്െടന്നും, അമ്മയുടെ ചികിത്സയും മറ്റുചിലവും കഴിഞ്ഞുള്ള തുക മിച്ചം വയ്ക്കുന്നുണ്െടന്നും മണി പറഞ്ഞു.

പരിമിതമായ ജീവിതസാഹചര്യത്തിലും അതിജീവനത്തിന്റെ ആവേശവുമായി എത്ര മണികണ്ഠന്മാര്‍ ഹോട്ടലുകളിലും തീപ്പെട്ടിക്കമ്പനികളിലും തുണിമില്ലുകളിലും പൊരിവെയിലില്‍ വിയര്‍ത്തുകുളിക്കുന്നുണ്ടാവും, നമ്മുടെ ഇന്ത്യയില്‍.

മികച്ച ജീവിതസാഹചര്യവും കുടുംബപശ്ചാത്തലവും മാതാപിതാക്കളുടെ പരിചരണവും ലഭിക്കുന്നവരല്ലേ, ഡിസിഎല്‍ കൂട്ടുകാരില്‍ ഏറെയും? എങ്കിലും ഉറച്ച ജീവിത ലക്ഷ്യമോ, ലഭ്യമായ സാഹചര്യങ്ങളെ പരമാവധി ഉപയോഗിക്കാനുള്ള ആത്മവിശ്വാസമോ നമ്മില്‍ എത്രപേര്‍ക്കുണ്ട്. നമുക്ക് ഇല്ലാത്ത കാര്യങ്ങള്‍ എണ്ണിപ്പെറുക്കി സ്വയം പരിതപിക്കുകയും സ്വന്തം അലസത സമ്മാനിക്കുന്ന ഉന്മേഷമില്ലായ്മയ്ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നവര്‍ എത്രയോ അസുലഭമായ അവസരങ്ങളാണ് നശിപ്പിക്കുന്നത്?

മണികണ്ഠന്റെ പ്രസരിപ്പുള്ള ശരീരഭാഷ അവന്റെ സ്വയംഭാഷണമാണ്. ഓരോ നിമിഷവും സ്വന്തം പരിമിതികള്‍ക്കു മുകളിലേക്കു കുതിക്കാന്‍ സ്വയം കൊതിപ്പിക്കുന്ന ഒരു മനസുള്ളവര്‍ക്ക് സദാ പുഞ്ചിരിക്കാനും പ്രസന്നത പ്രസരിപ്പിക്കാനും മാത്രമേ കഴിയൂ. ഉയര്‍ന്ന ലക്ഷ്യവും ഉണര്‍ന്ന സ്വയംബോധവും കൈമുതലാക്കി സദാ ഉന്മേഷത്തോടെ കൂട്ടുകാര്‍ അസരങ്ങള്‍ വെട്ടിപ്പിടിക്കുക. ചെറിയ പരാജയങ്ങളെ ഊതിവീര്‍പ്പിച്ച് കൃത്രിമമായ നിസ്സഹായതയുടെ അടിമകളാകാതെ, വിജയം കൈവരുന്നതുവരെ പോരാടുക, അതാണ് ജീവിതം.


ആശംസകളോടെ,
സ്വന്തം കൊച്ചേട്ടന്‍

പത്തനംതിട്ട പ്രവിശ്യാ ടാലന്റ് ഫെസ്റ് ജനു. 2-ന് കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളില്‍

കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം പത്തനംതിട്ട പ്രവിശ്യാ ടാലന്റ് ഫെസ്റ് 2016 ജനുവരി രണ്ടിന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ളിക് സ്കൂളില്‍ നടക്കും.

മത്സരങ്ങള്‍ രാവിലെ 9.30-ന് പ്രിന്‍സിപ്പല്‍ സിസ്റര്‍ റോസ്മിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ ഉദ്ഘാടനം ചെയ്യും.

മേഖലാ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കാണു പ്രവിശ്യാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.

പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, കഥ, കവിത, ഉപന്യാസരചന എന്നീ ഇനങ്ങളിലായിരിക്കും മത്സരം.
പ്രസംഗത്തിന് എല്‍.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം.

പ്രസംഗവിഷയം: എല്‍പി വിഭാഗം. "തളരുന്ന കൃഷിയും കിതയ്ക്കുന്ന കേരളവും'' യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതില്‍ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. നഷ്ടപ്പെടുന്ന മൂല്യങ്ങള്‍, തകരുന്ന കുടുംബങ്ങള്‍, 2. മായം കലര്‍ന്ന ഭക്ഷണവും മരവിക്കുന്ന മലയാളി മനസും എന്നിവയുമാണ്.

മേഖലാ മത്സര വിജയികളുടെ ലിസ്റ് ഡിസംബര്‍ 15-നു മുമ്പ് പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേലിനെ അറിയിക്കേണ്ടതാണ്. ഫോണ്‍: 9447137188.

ആലപ്പുഴ പ്രവിശ്യാ ചോക്ളേറ്റ് ക്വിസ് നാളെ സെന്റ് ആന്റണീസ് ജി.എച്ച്.എസില്‍

ആലപ്പുഴ: ദീപിക ബാലസഖ്യം ആലപ്പുഴ പ്രവിശ്യാ ചോക്ളേറ്റ് ക്വിസ് നാളെ രാവിലെ 9.30-ന് ആലപ്പുഴ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളില്‍ നടക്കും. മേഖലാ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിട്ടുള്ള ടീമുകള്‍ക്ക് പ്രവിശ്യാമത്സരങ്ങളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. മറിയാമ്മയെ സമീപിക്കുക. ഫോണ്‍: 9995484850.

കാര്‍ത്തികപ്പള്ളിമേഖലാ ടാലന്റ് ഫെസ്റ് നാളെ നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ സ്കൂളില്‍

നങ്ങ്യാര്‍കുളങ്ങര: ഡിസിഎല്‍ കാര്‍ത്തികപ്പള്ളി മേഖലാ ടാലന്റ് ഫെസ്റ് നാളെ രാവിലെ 9.30 മുതല്‍ നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്ര ല്‍ സ്കൂളില്‍ നടക്കും.

പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, കഥാരചന, ഉപന്യാസരചന, കവിതാരചന എന്നീ ഇനങ്ങളിലായിരിക്കും മത്സരം. രാവിലെ 9.30 നു ചേരുന്ന സമ്മേളനത്തില്‍ ബഥനി സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ ആന്‍സിറ്റ് ഉദ്ഘാടനംചെയ്യും. മേഖലാ ഓര്‍ഗനൈസര്‍ കെ.രാജേഷ്കുമാര്‍, സിസ്റര്‍ ചെറുപുഷ്പ തുടങ്ങിയവര്‍ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞു നടക്കുന്ന സമാപനസമ്മേളനത്തില്‍ കരീലക്കുളങ്ങര എസ്ഐ സുധിലാല്‍ സമ്മാനങ്ങളും ട്രോഫികളും വിതരണംചെയ്യും. മേഖലാഓര്‍ഗനൈസര്‍ കെ. രാജേഷ്കുമാര്‍, ശാഖാ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ ഫെസ്റിനു നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.