ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു
Friday, November 27, 2015 12:40 AM IST
ആലപ്പുഴ: ടാങ്കര്‍ലോറിയും കാറുമായി കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. അപകടത്തില്‍ ആറുമാസം പ്രായമുള്ള ഇരട്ടകുട്ടികളടക്കം അഞ്ചുപേര്‍ക്കു പരിക്കേറ്റു. കൊല്ലം കാവനാട് വിളയില്‍ (ശ്രീശൈലം) പുത്തന്‍വീട്ടില്‍ അംബികാദേവി(60) ആണ് മരിച്ചത്.

ഇവരുടെ സഹോദരി ഷീല(46), കാര്‍ ഓടിച്ചിരുന്ന ഷീലയുടെ ഭര്‍ത്താവ് ശിവകുമാര്‍(49), ഇവരുടെ ഇവരുടെ ആറുമാസം പ്രായമുള്ള ഇരട്ടകുട്ടികളായ ഇഷാന്‍, ഇഷാനി എന്നിവര്‍ക്കും അംബികയുടെ സഹോദരന്‍ പുത്തന്‍വീട്ടില്‍ ജയകുമാറി(48)നുമാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെ ദേശീയപാതയില്‍ കലവൂര്‍ ബിവറേജസിനു മുമ്പിലായിരുന്നു അപകടം. പരിക്കേറ്റവരെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അംബികയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആലുവായിലെ ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തു കൊല്ലത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്നു ടാങ്കര്‍ലോറി. ഇരു വാഹനങ്ങളും മറ്റു വാഹനങ്ങളെ മറികടന്ന് മുന്നോട്ടു വന്നതാണ് അപകടകാരണമെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. കാറിലിടിച്ച ടാങ്കര്‍ നിയന്ത്രണംതെറ്റി വൈദ്യുത പോസ്റ് ഇടിച്ചു തകര്‍ത്ത് റോഡരികിലെ ചതുപ്പിലേക്ക് മറിഞ്ഞു.


അപകടത്തില്‍ റോഡിനു കുറുകെയുണ്ടായിരുന്ന വൈദ്യുതലൈനുകള്‍ ഉള്‍പ്പടെയുള്ളവ പൊട്ടി വീണു. റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന ബൈക്കും സൈക്കിളും ലോറി ഇടിച്ചു തകര്‍ത്തു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പെട്രോള്‍ കയറ്റിവന്ന ലോറി കാലിയാതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ബിവറേജസിന്റെ വില്‍പ്പനശാലയില്‍ സൈക്കിളിലും ബൈക്കിലുമായെത്തിയവര്‍ റോഡില്‍നിന്നും ഒഴിഞ്ഞു മാറിയ സമയത്തായിരുന്നു അപകടം. സമീപത്തു വാഹനപരിശോധന നടത്തുകയായിരുന്ന മണ്ണഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.

മണ്ണഞ്ചേരി പോലീസ് അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചു. ആലപ്പുഴയില്‍നിന്നും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.