കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവ്
Friday, November 27, 2015 12:40 AM IST
തൊടുപുഴ: ഒന്നേകാല്‍ കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ കല്‍കൂന്തല്‍ പച്ചടി കട്ടക്കാല പുന്നക്കാട്ടില്‍ ജോസഫിന്റെ മകന്‍ ജോണ്‍സനെ (34) അഞ്ചുവര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയും അടയ്ക്കാന്‍ തൊടുപുഴ എന്‍ഡിപിഎസ് സ്പെഷല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.

കഴിഞ്ഞ ആഴ്ച ഈ പ്രതിയെ കഞ്ചാവ് കൈവശംവച്ചതിനു മറ്റൊരു കേസില്‍ ഈ കോടതിതന്നെ പത്തുവര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു. 2014 ഏപ്രില്‍ 19നു വൈകുന്നേരം നാലേകാലോടെ ഇരട്ടയാര്‍ കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹോളി ഏഞ്ചല്‍സ് ബസില്‍ കഞ്ചാവുമായി യാത്രചെയ്ത പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന പോലീസ് സബ് ഇന്‍സ്പെകടര്‍ ആയിരുന്ന ടി.ഡി. സുനില്‍കുമാറും സംഘവും കട്ടപ്പന പ്രൈവറ്റ് ബസ് സ്റാന്‍ഡില്‍വച്ച് അറസ്റ് ചെയ്യുകയായിരുന്നു.


കട്ടപ്പന പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റെജി എം. കുന്നിപ്പറമ്പില്‍ അന്വേഷണം നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.