വൈദികര്‍ വിശ്വാസിസമൂഹത്തിനൊപ്പം സഞ്ചരിക്കണം: മാര്‍ ആലഞ്ചേരി
വൈദികര്‍ വിശ്വാസിസമൂഹത്തിനൊപ്പം സഞ്ചരിക്കണം: മാര്‍ ആലഞ്ചേരി
Friday, November 27, 2015 12:38 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: വിശ്വാസിസമൂഹത്തിനൊപ്പം സഞ്ചരിക്കാനും വിശ്വാസപരിശീലനം കാര്യക്ഷമമാക്കാനും വൈദികര്‍ പരിശ്രമിക്കണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മാറുന്ന കുടുംബ, സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ചു വൈദികപരിശീലന പരിപാടികളില്‍ മാറ്റം ആവശ്യമാണ്. കേരളത്തിലെയും ഭാരതത്തിലെയും സഭയ്ക്ക് അഭിമാനിക്കാനാവുന്ന നേട്ടങ്ങളാണു കാര്‍മല്‍ഗിരി സെമിനാരി സംഭാവന ചെയ്തിട്ടുള്ളത്. കര്‍മലീത്ത മിഷനറിമാര്‍ സഭയിലും സമൂഹത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനം വിസ്മരിക്കാനാവില്ല. അറുപതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കാര്‍മല്‍ഗിരി സെമിനാരിയെ വളര്‍ത്തുകയും ഇവിടെ പരിശീലനം നടത്തുകയും ചെയ്തവരെ നന്ദിയോടെ സ്മരിക്കുന്ന അവസരമാണ് ജൂബിലിവേളയെന്നു അദ്ദേഹം പറഞ്ഞു.

കേരളസഭയുടെ വൈദികപരിശീലന മേഖലയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ കാര്‍മല്‍ഗിരി സെമിനാരി സഭയ്ക്ക് അഭിമാനമാണെന്ന് ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ദൈവവുമായി കൂടുതല്‍ അടുക്കാനുള്ള അവസരമായി ജൂബിലി ആഘോഷങ്ങളെ കാണേണ്ടതുണ്െടന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ റവ. ഡോ.ജേക്കബ് പ്രസാദ്, മംഗലപ്പുഴ സെമിനാരി റെക്ടര്‍ റവ.ഡോ.മാത്യു ഇല്ലത്തുപറമ്പില്‍, ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ.ഡോ.ചാക്കോ പുത്തന്‍പുരയ്ക്കല്‍, കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, എംഎസ്എസ്ടി മദര്‍ ജനറല്‍ സിസ്റര്‍ ശാന്തി, റവ.ഡോ.ആര്‍.ബി. ഗ്രിഗറി, കാര്‍മല്‍ഗിരി വൈസ് റെക്ടര്‍ റവ.ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ.ഫെര്‍ണാണ്േടാ ഫിലോനിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. കാര്‍മല്‍ഗിരിയുടെ പുതിയ വെബ്സൈറ്റ് അപ്പസ്തോലിക് നുണ്‍ഷ്യോയും ലിവിംഗ് ഇന്‍ ടുഗതര്‍ ഡോക്യുമെന്ററി ബിഷപ് ഡോ. വിന്‍സന്റ് സാമുവലും പ്രകാശനംചെയ്തു. ജൂബിലി ഷോര്‍ട്ട്ഫിലിം മത്സവിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി. നേരത്തെ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.