വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തെ മര്‍ദിച്ച് മുടിമുറിച്ചു
Friday, November 27, 2015 12:34 AM IST
കഴക്കൂട്ടം: സിപിഎം വനിതാ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ യുവതിയെ ഒരു സംഘം വീടുകയറി ആക്രമിച്ചു. കണ്ണില്‍ മുളകു പൊടി എറിഞ്ഞ ശേഷം തലമുടി മുറിച്ചു. മംഗലപുരം വരിക്കമുക്ക് സ്വദേശികവിതയാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ കവിത ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ സിപിഎം നേതാവായ മുന്‍ ജില്ലാ പഞ്ചായത്തംഗത്തിന്റെ ബന്ധുക്കള്‍ അടങ്ങുന്ന സംഘമാണെന്ന് കവിത പോലീസില്‍ മൊഴി നല്‍കി.


വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. കവിതയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്. കൈയില്‍ കരുതിയിരുന്ന മുളകുപൊടി കവിതയുടെ കണ്ണിലെറിഞ്ഞ ശേഷം രണ്ടു വനിതകള്‍ ചേര്‍ന്ന് വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് തലമുടി മുറിച്ച ശേഷമാണ് സംഘം മടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.