പരാതിയും പ്രതിഷേധവുമായി യുഡിഎഫ് ഘടകകക്ഷികള്‍
Thursday, November 26, 2015 12:23 AM IST
തിരുവനന്തപുരം: പരാതിയും പ്രതിഷേധവുമായി യുഡിഎഫ് യോ ഗത്തില്‍ ഘടകകക്ഷികള്‍. തെരഞ്ഞെടുപ്പില്‍ റിബലുകളെ നിര്‍ത്തിയും കാലുവാരിയും പരാജയപ്പെടുത്തിയെന്ന വിമര്‍ശനം കോണ്‍ഗ്രസിനു നേരേ ഉയര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വമാകട്ടെ വിമര്‍ശനങ്ങള്‍ കുറെയൊക്കെ അംഗീകരിച്ചു.

യുഡിഎഫിലെ ഐക്യമില്ലായ്മയാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നായിരുന്നു എല്ലാ ഘടകകക്ഷികളുടെയും പൊതുവിലയിരുത്തല്‍. അതിന് അവര്‍ പഴിച്ചത് കോണ്‍ഗ്രസിനെയാണ്. താഴേത്തട്ടില്‍ സംഘടനാ ദൌര്‍ബല്യം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. സംസ്ഥാനതലത്തില്‍ നിന്നു നേതാക്കള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പോലും താഴേത്തട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിച്ചില്ലെന്നും ഘടകകക്ഷി നേതാക്കള്‍ ചൂണ്ടിക്കാട്ടി.


ബാര്‍കോഴ കേസിനെ നേരിട്ടു പരാമര്‍ശിക്കാതെ ഏറ്റവും രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത് കേരള കോണ്‍ഗ്രസ് - എം പ്രതിനിധിയായ ജോയി ഏബ്രഹാം എംപി ആയിരുന്നു. രണ്ടരയ്ക്കു കോടതി വിധി പുറത്തുവന്ന് പത്തു മിനിറ്റ് തികയുന്നതിനു മുമ്പേ ചില കോണ്‍ഗ്രസ് നേതാക്കള്‍ ചാനലുകളില്‍ പോയി അഭിപ്രായം പറഞ്ഞു. വിധി എന്തെന്നു മനസിലാക്കുക പോലും ചെയ്യാതെ ആയിരുന്നു അവരുടെ അഭിപ്രായ പ്രകടനം. മുന്നണി മര്യാദകള്‍ അവര്‍ പാലിച്ചില്ല. തങ്ങള്‍ക്കും അങ്ങനെ പറയാന്‍ അറിയാം. എന്നാല്‍, രാഷ്ട്രീയമര്യാദ ഉള്ളതുകൊണ്ടു പറയുന്നില്ലെന്നു മാത്രം: ജോയി ഏബ്രഹാം പറഞ്ഞു. മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.