എന്യുമറേറ്ററെത്തുമ്പോള്‍ വീട്ടിലൊരാള്‍ ആധാര്‍ കാര്‍ഡുമായി കാത്തിരിക്കണം
Thursday, November 26, 2015 12:44 AM IST
ചങ്ങനാശേരി: സെന്‍സസ് ഡേറ്റാ പുതുക്കല്‍ ജോലികള്‍ക്കു സ്കൂള്‍ അധ്യാപകരെ നിയമിച്ചതിനെതിരേ പരക്കേ ആക്ഷേപം. ക്രിസ്മസ് പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തിലും സ്കൂള്‍ കായിക, പ്രവര്‍ത്തിപരിചയ മേളകള്‍, കലോത്സവം എന്നിവ നടത്തേണ്ട സാഹചര്യത്തിലും അധ്യാപകര്‍ക്കു സെന്‍സസ് ജോലി ലഭിച്ചതാണ് ഇരുട്ടടിയായത്. സെന്‍സസ് ജോലികള്‍ക്കായി നിയമിച്ചതായും ഇങ്ങനെ നിയമനം ലഭിച്ചവര്‍ പരിശീലന ക്ളാസിന് ഹാജരാകണമെന്നുമുള്ള കത്ത് ലഭിച്ചപ്പോഴാണ് പല അധ്യാപകരും വിവരമറിയുന്നത്. ഇന്നാണ് സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ക്ളാസ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ പത്തിന് ആരംഭിച്ച് 18ന് സമാപിക്കുന്നതരത്തിലാണ് ഷെഡ്യൂള്‍. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കേണ്ട അവസരത്തില്‍ അധ്യാപകരെ കൂട്ടത്തോടെ സെന്‍സസ് ചുമതലയിലേക്കു നിയോഗിക്കുന്നത് സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് അധ്യാപകരും മാനേജ്മെന്റുകളും ചൂണ്ടിക്കാണിക്കുന്നു. പല മാനദണ്ഡങ്ങളും മറികടന്നാണു സെന്‍സസ് ജോലിക്കായി അധ്യാപകരെ നിയമിച്ചതെന്നും അധ്യാപകര്‍ പറയുന്നു. ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥരെയും സെന്‍സസ് ജോലികള്‍ക്കായി നിയമിച്ചിട്ടുണ്ട്. ഇത് പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.


ഡിസംബര്‍ ആദ്യവാരത്തോടെ സെന്‍സസ് ജോലികള്‍ ആരംഭിക്കാനാണ് ആലോചനകള്‍ നടക്കുന്നതെന്നാണ് റവന്യു വകുപ്പ് അധികാരികള്‍ നല്‍കുന്ന സൂചന. നേരത്തെ എടുത്ത വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താനും കൂട്ടിച്ചേര്‍ക്കാനും വ്യക്തികളുടെ പേരുകളോടൊപ്പം ആധാര്‍ നനമ്പറുകള്‍ കൂട്ടിച്ചേര്‍ക്കലുമാണ് ഈ സെന്‍സസില്‍ ലക്ഷ്യംവയ്ക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരശേഖരണത്തിനായി എന്യുമറേറ്റര്‍മാര്‍ വീട്ടിലെത്തുമ്പോള്‍ ആധാര്‍ കാര്‍ഡുകളുമായി ഒരാള്‍ വീട്ടിലുണ്ടാകണമെന്ന നിര്‍ദേശവും സെന്‍സസ് ചുമതലയുള്ള ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.