സ്കൂള്‍ ശാസ്ത്രമേള
സ്കൂള്‍ ശാസ്ത്രമേള
Thursday, November 26, 2015 12:32 AM IST
ശാസ്ത്രത്തിന്റെ അഗ്നിച്ചിറകില്‍ കൌമാരം

കൊല്ലം: കൈവിരലുകള്‍ തീര്‍ത്ത വിസ്മയങ്ങളും പാഴ്വസ്തുക്കളില്‍ വിരിഞ്ഞ അലങ്കാരവസ്തുക്കളും കുട്ടിശാസ്ത്രജ്ഞന്‍മാരുടെ കണ്ടുപിടുത്തങ്ങളും ഇളംതലമുറയുടെ കുഞ്ഞു കുഞ്ഞു നിര്‍മാണ മാതൃകകളുമായി സംസ്ഥാന ശാസ്ത്രോത്സവം കൊല്ലത്തിന്റെ മണ്ണില്‍ മിഴിതുറന്നു.

പാഴ്വസ്തുക്കള്‍ക്കൊണ്ട് ഉപയോഗ പ്രദമായ നിരവധി വസ്തുക്കളാണ് കുരുന്നു ഭാവനയില്‍ രൂപം കൊണ്ടത്. ശാസ്ത്രവും ഗണിതവും ഭാവനയും ഒത്തുചേര്‍ന്നപ്പോള്‍ കുരുന്നുകള്‍ വിരിയിച്ച വിസ്മയങ്ങള്‍ കാഴ്ചക്കാരിലും അതിശയവും അഭിമാനവുമുണ്ടാക്കി.

ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നു നിയന്ത്രിക്കാവുന്ന റോബോര്‍ട്ട് മനുഷ്യനും വായു ഉപയോഗിച്ച് കംപ്രസര്‍ പ്രവര്‍ത്തിപ്പിച്ച് 40 മിനിറ്റു വരെ ഓടിക്കാവുന്ന വണ്ടിയും മള്‍ട്ടിപര്‍പ്പസ് പമ്പ് ഉപയോഗിച്ച് ഡാമുകളിലെ വെളളം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതും സൈക്കിള്‍ ചവിട്ടി കിണറ്റിലെ വെള്ളം വാട്ടര്‍ടാങ്കിലെത്തിക്കുന്നതൊടൊപ്പം ഗ്രയിന്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കണ്ടുപിടുത്തവും രണ്ടാം ദിനത്തിലെ അതിശയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങളായി.

ഒരേ സമയം കയര്‍പിരിക്കാനും തേങ്ങ ചിരണ്ടാനും കഴിയുന്ന യന്ത്രവും ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി നിര്‍മിക്കുന്ന ഡെസിബലും ഊര്‍ജ സംരക്ഷണത്തിന്റെ വിവിധ മാര്‍ഗങ്ങളും കാഴ്ചക്കാരില്‍ വിസ്മയം ജനിപ്പിച്ചു.

അന്താരാഷ്ട്ര മണ്ണു വര്‍ഷത്തിന്റെ ഭാഗമായി ജീവനുള്ള മണ്ണ് എന്ന ലക്ഷ്യം വച്ചുള്ള ജൈവമണ്ണ് ഉണ്ടാക്കുന്ന മാതൃകയും ഈ വര്‍ഷത്തെ ശാസ്ത്രമേളയിലെ വേറിട്ട ഇനമായി.

ഉപയോഗ ശൂന്യമായ പ്ളാസ്റിക്കുകള്‍ ഉപയോഗിച്ച് മനോഹരമായ പൂക്കളും ചിരട്ടകള്‍ കൊത്തിയെടുത്ത് വിവിധ രൂപങ്ങളും മാതൃകകളും നിര്‍മിച്ചപ്പോള്‍ മുതിര്‍ന്നവര്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതു കാണാമായിരുന്നു.

കൊട്ടുവടിയും ഉളിയും ഉപയോഗിച്ച് ചെറിയ സമയത്തിനുള്ളിലാണ് വിദ്യാര്‍ഥികള്‍ കട്ടിലും മേശയും കസേരയും സ്റ്റൂളും നിര്‍മിച്ചത്. ചന്ദനത്തിരി നിര്‍മാണം, ചോക്കു നിര്‍മാണം, പാവ നിര്‍മാണം, കുട നിര്‍മാണം, തടിയില്‍ ചിത്രപണികള്‍ എന്നിവ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് കുട്ടികള്‍ ചെയ്തു തീര്‍ത്തത്.

കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളില്‍ നിന്നായി അയ്യായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് നാലു ദിവസത്തെ ശാസ്ത്രോത്സവത്തിനായി കശുവണ്ടിയുടെ നാടായ കൊല്ലത്ത് എത്തിയിരിക്കുന്നത്.

മൂന്നാം ദിനമായ ഇന്ന് ഗണിതശാസ്ത്ര പ്രദര്‍ശനങ്ങളുടെ തത്സമയ മത്സരങ്ങളും മൂല്യനിര്‍ണയവും നടക്കും. തത്സമയ നിര്‍മാണ മത്സരങ്ങളും ക്വിസ് മത്സരവും ഹൈസ്കൂള്‍ വിഭാഗം സ്റില്‍ മോഡല്‍ മത്സരങ്ങളും ഇന്ന് വിവിധ വേദികളില്‍ നടക്കും.

വിജയികള്‍ക്ക് മെഡലുകള്‍

കൊല്ലം: കേരള ശാസ്ത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ നല്‍കാന്‍ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

മഴ പെയ്താല്‍ ഇനി തുണികള്‍ തനിയെ അകത്തുവരും

കൊല്ലം: വീട്ടമ്മമാര്‍ക്ക് ഇനി തുണികള്‍ പുറത്തിട്ടിട്ടു ധൈര്യമായി പുറത്തുപോകാം. ഇനി ഒരു ദിവസമോ രണ്ടു ദിവസമോ വന്നില്ലെങ്കിലും കുഴപ്പമില്ല. മഴ വന്നു കഴിഞ്ഞാല്‍ തുണികള്‍ സുരക്ഷിതമായി വീടിനുള്ളിലെത്തും. മലപ്പുറം പുലാമന്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രമേഷും ശ്രീലക്ഷ്മിയുമാണ് വൈദ്യുതി ചെലവ് വളരെ കുറഞ്ഞ രീതിയില്‍ മഴ നനയാതെ തുണികള്‍ വീടിനുള്ളിലാക്കുന്ന യന്ത്രവുമായി ശാസ്ത്രമേളയിലെത്തിയിരിക്കുന്നത്.

സെന്‍സറോ, ഇലക്്ട്രോണിക് സര്‍ക്യൂട്ടോ ഇല്ലാതെ വളരെ ലളിതമായി പ്രവര്‍ത്തനത്തിലൂടെയാണ് മുറ്റത്തും ടെറസിനു മുകളിലുമുള്ള തുണികള്‍ വീടിനുള്ളിലാക്കുന്നത്.

തുണികള്‍ ഉണക്കാനിടുന്ന കമ്പി മോട്ടറുമായി ഘടപ്പിച്ചിരിക്കുകയാണ്. മഴത്തുള്ളികള്‍ കയറില്‍ ഘടിപ്പിച്ചിരിക്കുന്ന തളികയില്‍ വീഴുമ്പോള്‍ തന്നെ മോട്ടോര്‍ സ്വിച്ച് ഓണാകുന്നു. ഇതോടു കൂടി തുണികള്‍ വിരിച്ചിട്ടിരിക്കുന്ന കമ്പി ഒരു റോപ് വേ പോലെ പ്രവര്‍ത്തിച്ച് തുണികള്‍ ഉള്ളിലേക്ക് വലിക്കുന്നു.

തുണികള്‍ക്കു ശേഷം കമ്പിയില്‍ ഘടിപ്പിക്കുന്ന പോയിന്റര്‍ തളികയില്‍ തട്ടുന്നതോടെ സ്വിച്ച് ഓഫാകുകയും തുണികള്‍ സുരക്ഷിതമായി അകത്ത് എത്തുകയും ചെയ്യുന്നു. വൈദ്യുതി ഇല്ലാതായാല്‍ ഇന്‍വര്‍ട്ടര്‍ ഉപയോഗിച്ചും ഇതു പ്രവര്‍ത്തിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.

കണ്ണൂര്‍, കോഴിക്കോട് മുന്നേറ്റം തുടങ്ങി

കൊല്ലം: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ മുന്നേറ്റം തുടങ്ങി. ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും കണ്ണൂര്‍ യഥാക്രമം 83, 116 പോയിന്റുകള്‍ കരസ്ഥമാക്കി. ഗണിത ശാസ്ത്രമേളയില്‍ കോഴിക്കോടും 116 പോയിന്റ് കരസ്ഥമാക്കിയിട്ടുണ്ട്. സാമൂഹ്യ ശാസ്ത്രമേളയില്‍ 59 പോയിന്റ് നേടി കോഴിക്കോട് ഒന്നാമതാണ്. ഐടി മേളയില്‍ 23 പോയിന്റ് നേടി ആതിഥേയരായ കൊല്ലമാണ് മുന്നില്‍.

ജില്ലകളുടെ പോയിന്റ് നിലവാരം ചുവടെ:

ശാസ്ത്രമേള: തൃശൂര്‍- 80, കൊല്ലം-78, മലപ്പുറം-77, കാസര്‍ഗോഡ്-69, കോഴിക്കോട്-68, തിരുവനന്തപുരം-68, എറണാകുളം-67, പാലക്കാട്-66, ആലപ്പുഴ-64, കോട്ടയം-61, ഇടുക്കി-60, പത്തനംതിട്ട-58, വയനാട്-51.

ഗണിതശാസ്ത്രമേള: പാലക്കാട്-112, മലപ്പുറം-108, കാസര്‍ഗോഡ്-105, തിരുവനന്തപുരം-99, കൊല്ലം-93, വയനാട്-87, തൃശൂര്‍-84, ആലപ്പുഴ-82, പത്തനംതിട്ട-81, കോട്ടയം-77, എറണാകുളം-75, ഇടുക്കി-75.

സാമൂഹ്യശാസ്ത്രമേള: തൃശൂര്‍-57, കാസര്‍ഗോഡ്-53, മലപ്പുറം-53, തിരുവനന്തപുരം-51, കണ്ണൂര്‍-51, എറണാകുളം-50, ആലപ്പുഴ-49, കൊല്ലം-48, പത്തനംതിട്ട-46, വയനാട്-44, ഇടുക്കി-44, പാലക്കാട്-42, കോട്ടയം-39.

ഐടി മേള: കോട്ടയം-23, മലപ്പുറം-19, എറണാകുളം-17, തിരുവനന്തപുരം-15, പത്തനംതിട്ട-12, കോഴിക്കോട്-11, തൃശൂര്‍-10, കണ്ണൂര്‍-10, കാസര്‍ഗോഡ്-9, പാലക്കാട്-8, ആലപ്പുഴ-8, ഇടുക്കി-7, വയനാട്-7.

അടുപ്പിലെ താപം ഇനി പാഴാകില്ല

കൊല്ലം: അടുപ്പില്‍ നിന്നും പാഴാകുന്ന താപം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഓവെന്‍ കം ഹോട്ട് കെയര്‍ യൂണിറ്റുമായി മുഹമ്മദ് ഭായീസിന്റെയും ജസീമയുടേയും ശാസ്ത്രപ്രദര്‍ശനം ശ്രദ്ധേയമായി. മലപ്പുറം പുക്കളത്തൂര്‍ സിഎച്ച്എംഎച്ച്എസ്എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥികളായ ഇവര്‍ അടുപ്പില്‍ നിന്നും പാഴാകുന്ന താപം ഉപയോഗിച്ച് ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് ഇത് രൂപകല്‍പന ചെയ്തത്.

ഗണിത ശാസ്ത്രമേള നടക്കുന്ന സെന്റ് അലോഷ്യസ് സ്കൂളിലാണ് മുഹമ്മദ് ഭായീസും ജെസീനയും ഈ യൂണിറ്റ് ഒരുക്കിയത്. ഒരു ചെമ്പ് കുഴല്‍ ഹീറ്റിംഗ് കോയില്‍, ഫ്രിഡ്ജിന്റെ ഉപയോഗശൂന്യമായ ഭാഗം, വിവിധതരം അടുപ്പുകള്‍, ഒരു വാട്ടര്‍ ടാങ്ക്, ഫ്ളോട്ട് വാല്‍വ്, ഒരു പുകക്കുഴല്‍ എന്നിവ ഉപയോഗിച്ചാണ് ഈ ചൂട് സൂക്ഷിക്കല്‍ പെട്ടി തയാറാക്കിയിരിക്കുന്നത്. മുകളില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കില്‍ നിന്നും പൈപ്പ് വഴി വെള്ളം താഴെയുള്ള കോയില്‍ വലയം ചെയ്ത് അടുപ്പിലെത്തുകയും അടുപ്പിലെ ചൂടേറ്റ് കോയില്‍ ചൂടായി വെള്ളം തിളയ്ക്കുകയും ചെയ്യും.

ഇവിടെ നിന്നുള്ള മറ്റൊരു പൈപ്പ് വഴി ആഹാര സാധനങ്ങള്‍ സൂക്ഷിക്കാനുള്ള അറയിലേക്ക് ചൂട് ലഭിക്കുകയും ചെയ്യും.

ഫലത്തില്‍ ഇതുവഴി കൂടുതല്‍ ഇന്ധനലാഭം ഉണ്ടാകുകയും സമയലാഭം ഉണ്ടാകുകയും ചെയ്യും. കൂടാതെ സമയലാഭവും കൂടുതല്‍ ക്ഷമതയും ലഭിക്കുമെന്നും ഈ കുട്ടി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ആകെ 640 രൂപയാണ് ഇതിന് ചെലവ് വേണ്ടിവരുന്നത്.



ചക്ക വൈവിധ്യവുമായി ചവറയിലെ കുട്ടികള്‍

കൊല്ലം: ചക്കപ്പഴം ഉപയോഗിച്ചുളള സിപ്പ് അപ്പ് കേള്‍ക്കുമ്പോള്‍ ആദ്യം ഒന്ന് അതിശയിക്കും. കഠിനമായ ചൂടില്‍ നിന്നും കൊല്ലം നിവാസികള്‍ക്ക് ഈ സിപ്പ് അപ്പ് കഴിച്ച് ആശ്വസിക്കാം.

സിപ്പ് അപ്പ്, പപ്പടം, ചക്കമടല്‍ കരിമീന്റെ ആകൃതയില്‍ ചെത്തിയെടുത്തുണ്ടാക്കിയ ഫിഷ്മോളി, ചക്ക ഉപ്പുമാവ്, പൂരി, അട, കൊഴുക്കട്ട, ബജി, സമൂസ, ചക്ക അച്ചാര്‍, ചക്കബിരിയാണി, ഫ്രൈഡ് റൈസ് ചക്കകൊണ്ട് 125 ലധികം വിഭവങ്ങള്‍ ഉണ്ടാക്കി മലയാളിയുടെ ദേശീയ ഭക്ഷണമായി ചക്കയെ മാറ്റിയിരിക്കുകയാണ് കൊല്ലം ചവറ ആണുവേലില്‍ യുപിഎസിലെ റാബിയായും സൌമ്യയും യുപി വിഭാഗം പ്രോജക്്ട് വിഭാഗത്തിലാണ് ചക്ക ഒരു ഒറ്റമൂലി എന്ന പ്രോജക്ട് അവതരിപ്പിച്ച് ചക്കകൊണ്ടുള്ള പോഷക സമൃദ്ധമായ വിഭവങ്ങള്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗീത ടീച്ചറുടെ നിര്‍ദേശാനുസരണം സയന്‍സ് അധ്യാപകരായ ഷൈല ടീച്ചറുടെയും ജോസ് സാറിന്റെയും ശോഭന ടീച്ചറിന്റെയും നേതൃത്വത്തില്‍ ഓച്ചിറ കൃഷ്ണപുരം തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ പോയാണ് വിദ്യാര്‍ഥികള്‍ ചക്കകൊണ്ടുള്ള വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാമെന്നു പഠിച്ചത്.

ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദമാണെന്നാണ് ഈ കുട്ടികളുടെ പക്ഷം ഉണക്ക പ്ളാവില കരിച്ചെടുത്ത് എണ്ണയില്‍ ചാലിച്ചു പുരട്ടിയില്‍ തൊലിപ്പുറത്തെ പാടുകളും മറ്റും പോകുമെന്നാണ് ഇവര്‍ പറയുന്നത്.

കൂടാതെ ചക്ക പ്രമേഹരോഗത്തിനും കാന്‍സര്‍ രോഗത്തിനും ഫലപ്രദമാണ്. ചക്കക്കുരു ഉപയോഗിച്ചുള്ള പായസവും ചകിണി ഉപയോഗിച്ചുളള ജെല്ലിയും പഴുത്ത ചക്കയില്‍ നിന്നുളഅള വൈനും വിന്നാഗിരിയും ഏറെ ഔഷധഗുണമുള്ളതാണ്.

ചക്കയുടെ അവശിഷ്ടങ്ങള്‍ കാലിത്തീറ്റയായും കമ്പോസ്റ്റായും ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു.
കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമായ ചക്കയെ മാഗി ന്യൂഡില്‍സിനു പകരമായി ഉപയോഗിക്കാമെന്നാണ് ഇവര്‍ കുട്ടികളോടു പറയുന്നത്.

സൈക്കിള്‍ ചവിട്ടിയാല്‍ മൂന്നുണ്ട് കാര്യം

കൊല്ലം: സൈക്കില്‍ ചവിട്ടുമ്പോള്‍ ഉണ്ടാകുന്ന യാന്ത്രികോര്‍ജം ഉപയോഗിച്ച് ഹോംമേറ്റുമായി ജോമന്‍ ജോയിയും ഫ്രാന്‍സിസ് കെ.ജോസഫും. ഇടുക്കി നെടുങ്കണ്ടം സെന്റ് സെബാസ്റ്യന്‍ യുപിസ്കൂളിലെ വിദ്യാര്‍ഥികളായ ഇവര്‍ നിര്‍മിച്ച യൂണിറ്റ് വഴി ഒരേ സമയം തേങ്ങ തിരുകുകയും വസ്ത്രംവാഷ് ചെയ്യുകയും വെള്ളം പമ്പ് ചെയ്യുകയും ചെയ്യാം.

സൈക്കിള്‍ ചവിട്ടുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജം ഡൈനാമോ വഴി മോട്ടോറില്‍ വൈദ്യുതി ഉണ്ടാക്കുന്നു. ഈ വൈദ്യുതി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്യുകയും തേങ്ങ തിരുകുകയും വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഒപ്പം ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കുന്ന റോബോട്ട്

കൊല്ലം: അന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും നിയന്ത്രിക്കാവുന്ന റോബോട്ടിനെയാണ് ഈരാറ്റുപേട്ട സെന്റ് ജോര്‍ജ് എച്ച്എസിലെ മുഹമ്മദ് അസ്ഹാലും പി.എസ്. രവീഷും അവതരിപ്പിച്ചത്. മിസ്റര്‍ റോബോട്ട് എന്നു പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ ഉപയോഗിച്ച് ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യാനും വെള്ളം ചോരുന്നത് തടയാനും ഓഫീസില്‍ നിന്ന് വരുമ്പോഴേക്കും ചായ ഉണ്ടാക്കി വയ്ക്കാനും കഴിയും. മള്‍ട്ടി ടാലന്റഡ് ഹ്യൂമന്‍ ഓറിയന്റഡ് റോബോട്ടായിട്ടാണ് മിസ്റര്‍ റോബോട്ടിനെ ഉപയോഗിക്കുന്നതെന്നും ഇത് നിര്‍മിക്കാന്‍ ചെലവ് കുറവാണെന്നും ഇവര്‍ പറയുന്നു.

കൈവിരലില്‍ വിസ്മയംതീര്‍ത്ത് രഞ്ജിത്ത്

കൊല്ലം: വൈകല്യങ്ങളെ മറന്നുകൊണ്ട് രഞ്ജിത്ത് കൈവിരലില്‍ തീര്‍ത്തത് ലാളിത്യത്തിന്റെ മാധുര്യം പകര്‍ന്നു തരുന്ന കളിമണ്‍ശില്പം. ഹയര്‍സെക്കന്‍ഡറി വിഭാഗം ക്ളേ മോഡലിംഗിലാണ് തൃശൂര്‍ ഒല്ലൂര്‍ ആശാഭവന്‍ സ്്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥിയായ ടി.ആര്‍. രഞ്ജിത്ത് കൈവിരലുകള്‍ ഉപയോഗിച്ച് വിസ്മയം തീര്‍ത്തത്. ലാളനയായിരുന്നു ക്ളേ മോഡലിംഗില്‍ വിഷയമായി നല്‍കിയത്. രഞ്ജിത്തിന്റെ അധ്യാപിക വിഷയം പറഞ്ഞു മനസിലാക്കി. തുടര്‍ന്ന് അമ്മ തന്റെ കുഞ്ഞിന്റെ ലാളിക്കുന്ന മനോഹരമായ ശില്പം രഞ്ജിത്തിന്റെ ഭാവനയില്‍ ഉദിച്ചു. മൂന്നു മണിക്കൂര്‍ കൊണ്ട് മനോഹരമായ ശില്പമാണ് രഞ്ജിത്തിന്റെ കുരുന്നു കൈവിരലുകള്‍ തീര്‍ത്തെടുത്തത്.

ബിരിയാണിപ്പൊതിയില്‍ അച്ചാര്‍ മാത്രം

കൊല്ലം: മത്സരാര്‍ഥികള്‍ക്ക് വിതരണം ചെയ്ത ബിരിയാണിപ്പൊതിയെച്ചൊല്ലി പരാതിപ്രളയം. ശാസ്ത്രമേള നടന്ന സെന്റ് അലോഷ്യസ് എച്ച്എസ്എസില്‍ ഉച്ചയ്ക്ക് നല്‍കിയ പൊതിയിലാണ് വളരെ കുറച്ചുമാത്രം ഭക്ഷണവും കറിയായി നാരങ്ങാഅച്ചാര്‍ മാത്രവും കണ്ട് ശാസ്ത്രപ്രതിഭകള്‍ അമ്പരന്നത്.

പരാതിയുമായി രക്ഷകര്‍ത്താക്കളും മത്സരാര്‍ഥികള്‍ക്കൊപ്പം എത്തിയ അധ്യാപകരും രംഗത്ത് എത്തിയെങ്കിലും സംഘാടകര്‍ കൈമലര്‍ത്തി. ശാസ്ത്രോത്സവത്തിന്റെ പ്രധാനവേദിയായ തേവള്ളി ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മത്സരാര്‍ഥികള്‍ക്ക് ജില്ലാപഞ്ചായത്തിന് സമീപത്തെ ബ്രാഹ്മണ സമാജം സ്കൂളിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്.

എന്നാല്‍ മത്സരം നടക്കുന്ന മറ്റ് സ്കൂളുകളില്‍ ബിരിയാണിപ്പൊതി വിതരണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളും മറ്റും ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുകയായിരുന്നു.

സയിന്റിഫിക് മാജിക് ഷോ

കൊല്ലം: ശാസ്ത്രോത്സവത്തില്‍ ഇന്ന് വൈകുന്നേരം 6.30ന് കൊല്ലം ആര്‍.സി.ബോസും സംഘവും അവതരിപ്പിക്കുന്ന സയന്റിഫിക് മാജിക് ഷോ ഗവ. ബോയ്സ് എച്ച്എസ്എസില്‍ നടക്കും.

വേദികളില്‍ ഇന്ന്

സെന്റ് അലോഷ്യസ് എച്ച്എസ്എസ് (ശാസ്ത്രമേള): രാവിലെ 9.30ന് ശാസ്ത്രപ്രദര്‍ശനം (യുപി, എച്ച്എസ്), പ്രദര്‍ശന വസ്തുക്കളുടെ ക്രമീകരണവും മൂല്യനിര്‍ണയവും (എച്ച്എസ്എസ്- വിഎച്ച്എസ്എസ്), പത്തിന് യുപി വിഭാഗം ക്വിസ് മത്സരം, ഉച്ചകഴിഞ്ഞ് രണ്ടിന് എച്ച്എസ് വിഭാഗം ക്വിസ് മത്സരം.

സെന്റ്ജോസഫ് കോണ്‍വന്റ് എച്ച്എസ്എസ് (ഗണിതശാസ്ത്രമേള): രാവിലെ 9.30ന് യുപി, എച്ച്എസ് ഗണിതശാസ്ത്ര പ്രദര്‍ശനം, എച്ച്എസ്എസ്- വിഎച്ച്എസ്എസ് തല്‍സമയ മത്സരങ്ങളും മൂല്യനിര്‍ണയവും, എച്ച്എസ്എസ്-വിഎച്ച്എസ്എസ് ടീച്ചിംഗ് എയ്ഡ് മത്സരം, പത്തിന് എച്ച്എസ് ക്വിസ് മത്സരം, ഉച്ചകഴിഞ്ഞ് രണ്ടിന് യുപി ക്വിസ് മത്സരം. എസ്എന്‍ ട്രസ്റ് സെന്‍ട്രല്‍ സ്കൂള്‍ (സാമൂഹ്യശാസ്ത്രമേള): രാവിലെ 9.30ന് യുപി, എച്ച്എസ്, എച്ച്എസ്എസ്-വിഎച്ച്എസ്എസ് വര്‍ക്കിംഗ് മോഡല്‍, പത്തിന് ഇതേ വിഭാഗങ്ങളില്‍ സ്റില്‍ മോഡല്‍, 11ന് എച്ച്എസ്, എച്ച്എസ്എസ്-വിഎച്ച്എസ്എസ് അഭിമുഖം-പ്രാദേശിക ചരിത്രം.

ക്രിസ്തുരാജ് എച്ച്എസ്എസ് (പ്രവൃത്തി പരിചയമേള): രാവിലെ 9.30ന് എച്ച്എസ്, എച്ച്എസ്എസ്-വിഎച്ച്എസ്എസ് ജനറല്‍ വിഭാഗം തല്‍സമയ നിര്‍മാണ മത്സരവും മൂല്യനിര്‍ണയവും.

മോഡല്‍ ബോയ്സ് എച്ച്എസ്(ഐടി മേള): രാവിലെ 9.30ന് എച്ച്എസ് വിഭാഗം മലയാളം ടൈപ്പിംഗ്, എച്ച്എസ്എസ്-വിഎച്ച്എസ്എസ് മലയാളം ടൈപ്പിംഗ്, പത്തിന് എച്ച്എസ്, എച്ച്എസ്എസ്-വിഎച്ച്എസ്എസ് ഐടി ക്വിസ് പ്രാഥമിക മത്സരം, 11ന് എച്ച്എസ്, എച്ച്എസ്എസ്-വിഎച്ച്എസ്എസ് വെബ്പേജ് ഡിസൈനിംഗ്, 12ന് എച്ച്എസ്എസ്-വിഎച്ച്എസ്എസ് ഐടി ക്വിസ് ഫൈനല്‍, ഉച്ചകഴിഞ്ഞ് രണ്ടിന് എച്ച്എസ് ഐടി ക്വിസ് ഫൈനല്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.