ഹാരിസണ്‍സ് മലയാളത്തിന് ഇന്ത്യയില്‍ ഭൂമികച്ചവടത്തിന് അവകാശമില്ല: ഹൈക്കോടതി
ഹാരിസണ്‍സ് മലയാളത്തിന് ഇന്ത്യയില്‍ ഭൂമികച്ചവടത്തിന് അവകാശമില്ല: ഹൈക്കോടതി
Thursday, November 26, 2015 12:31 AM IST
കൊച്ചി: ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന്‍സ് വിദേശ കമ്പനിയായതിനാല്‍ നിയമപരമായി ഇന്ത്യയില്‍ ഭൂമി കൈവശം വച്ചു കച്ചവടം നടത്താന്‍ അവകാശമില്ലെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. കമ്പനിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി ഡിവിഷന്‍ ബെഞ്ചിനു റഫര്‍ ചെയ്താണു ജസ്റീസ് പി.വി. ആശയുടെ നിരീക്ഷണം.എന്നാല്‍, സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ മൂലം ഡിവിഷന്‍ ബെഞ്ചാണു തീര്‍പ്പുകല്‍പ്പിക്കേണ്ടതെന്നു വ്യക്തമാക്കി ഹര്‍ജി ഡിവിഷന്‍ ബെഞ്ചിനു വിടുകയായിരുന്നു.

തര്‍ക്കപരിഹാരത്തിന് സര്‍ക്കാരിനും ഹാരിസണ്‍സ് കമ്പനിക്കും സിവില്‍ കോടതിയെ സമീപിക്കുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

1923ല്‍ ഇംഗ്ളണ്ടില്‍ തയാറാക്കിയ വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണു ഹാരിസണ്‍സ് ഭൂമി സ്വന്തമാക്കിയതെന്നും വിദേശ കമ്പനിയായ ഹാരിസണ്‍സ് റിസര്‍വ് ബാങ്കിന്റെ അനുമതി നേടിയിട്ടില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഈ വാദം ശരിവയ്ക്കുന്നതാണു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍.

1947ലെയും 1973ലെയും വിദേശനാണ്യ വിനിയമ നിയന്ത്രണ നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ചു വിദേശ കമ്പനിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വച്ച് അനുഭവിക്കാനാവില്ല. ഈ വിഷയം ഉചിതമായ ഡിവിഷന്‍ ബെഞ്ച് പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് ഉത്തരവില്‍ പറയുന്നു.

ഇംഗ്ളണ്ടിലെ കമ്പനി നിയമപ്രകാരം രജിസ്റര്‍ ചെയ്ത വിദേശ കമ്പനിയാണു ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന്‍സ്. കേരള ഭൂപരിഷ്കരണ നിയമത്തിലെ തോട്ടം, കൃഷി തുടങ്ങിയ മേഖലകളിലെ ഇളവുകള്‍ക്കു കമ്പനിക്ക് അര്‍ഹതയില്ല. 1947ലെ ഫെറ നിയമത്തിലെ 18, 18 എ വകുപ്പുകള്‍ പ്രകാരവും 1973ലെ നിയമത്തിലെ 28, 30, 31 വകുപ്പുകള്‍ പ്രകാരവും റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ വിദേശ കമ്പനിക്കു ഭൂമി കൈവശം വയ്ക്കാനും ബിസിനസ് നടത്താനും അധികാരമില്ലെന്നും ഉത്തരവില്‍ പറയുന്നു.


ഹാരിസണ്‍സ് പിന്നീട് ഇന്ത്യന്‍ കമ്പനിയാക്കി മാറ്റിയെന്നു ഹര്‍ജിക്കാര്‍ പറയുന്നുണ്െടങ്കിലും ഇന്ത്യന്‍ കമ്പനി നിയമം നിലവില്‍ വന്നശേഷം തങ്ങള്‍ക്കുള്ള സാധുത വ്യക്തമാക്കുന്ന രേഖകള്‍ ഇവര്‍ ഹാജരാക്കിയിട്ടില്ലെന്നു സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹാരിസണ്‍സ് കമ്പനിയുടെ കൈവശമുള്ളതും കൈമാറ്റം ചെയ്തതുമായ 40,000 ഏക്കറോളം ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹാരിസണ്‍സ് മലയാളം കമ്പനിയും ഭൂമി വാങ്ങിയവരും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ചെറുവള്ളി എസ്റേറ്റ്, റിയ എസ്റേറ്റ്, ബോയ്സ് എസ്റേറ്റ്, അമ്പനാട് എസ്റേറ്റ് എന്നിവ ഉള്‍പ്പെടെയുള്ള ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാന്‍ സ്പെഷല്‍ കമ്മീഷണര്‍ എം.ജി. രാജമാണിക്യം നടപടി സ്വീകരിച്ചിരുന്നു.

ഇതിനെതിരെ ഹാരിസണ്‍സ് മലയാളം കമ്പനിയും മറ്റും നല്‍കിയ ഹര്‍ജിയാണുഹൈക്കോടതി പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.