ചന്ദ്രബോസ് കേസ്: ജേക്കബ് ജോബിനെ ഇരയാക്കിയതു വമ്പന്മാരെ രക്ഷിക്കാന്‍
Thursday, November 26, 2015 12:30 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിനെ ഫോണില്‍ വിളിച്ചു സംസാരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവരുന്നതില്‍ സര്‍ക്കാരിനു ഭയം. ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരായ ഹൈക്കോടതി സ്റേ മാറ്റാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.

ഫോണ്‍കോള്‍ രജിസ്റര്‍ വിവരങ്ങള്‍ ആറുമാസത്തോടെ ലഭ്യമല്ലാതാകും. സംശയിക്കുന്നവരുടെ പട്ടികയില്‍നിന്നു തലയൂരാനാണു ഹൈക്കോടതി സ്റേ നീക്കംചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നിസാമിനെ പിടികൂടിയ ദിവസങ്ങളില്‍ സര്‍ക്കാരിലെ പല ഉന്നതരും ഫോണില്‍ വിളിച്ചു സംസാരിച്ചിട്ടുണ്െടന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാനാണു തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അന്നത്തെ പോലീസ് മേധാവിയും സര്‍ക്കാരില്‍ വലിയ സ്വാധീനമുള്ള ചില എംഎല്‍എമാരും അടക്കമുള്ളവര്‍ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. നിസാമിനെതിരായ വിചാരണ നാളുകള്‍ക്കകം പൂര്‍ത്തിയാകാനിരിക്കേ, നിസാമിനെ ഒറ്റയ്ക്കു കണ്ടു സംസാരിച്ചെന്ന ആരോപണത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെതിരായ അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ മേയ് 25നകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന കോടതിയുടെ നിര്‍ദേശം പാലിക്കാനും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ പത്തു മാസമായി ജേക്കബ് ജോബ് സസ്പെന്‍ഷനിലാണ്. കൊലക്കേസില്‍ കോടതി വിധി പ്രസ്താവിച്ചാലും പ്രതിയുടെ അറസ്റ് രേഖപ്പെടുത്തിയ പോലീസ് മേധാവിയെ വെറുതെ വിടില്ലെന്ന വാശിയിലാണു മന്ത്രിയടക്കമുള്ള ചിലരെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ജേക്കബ് ജോബിനെതിരേ പത്തുമാസമായി പോലീസ് മേധാവികള്‍ നടത്തിയ അന്വേഷണത്തില്‍ തെളിവൊന്നും ലഭിച്ചില്ലെന്നാണു സൂചന. അതിനാല്‍ നടപടിയെടുക്കാനും കഴിഞ്ഞിട്ടില്ല. എങ്കിലും, വീണ്ടും ഒരു മാസത്തേക്കുകൂടി സസ്പെന്‍ഷന്‍ നീട്ടാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കഴിഞ്ഞ ദിവസം തീരുമാനിച്ചത്.


നിസാമിനെ കൈയോടെ അറസ്റ്ചെയ്യുകയും കെപിസിസി നേതാവായ എംഎല്‍എ അടക്കമുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ തുടര്‍നടപടികളെടുക്കുകയും ചെയ്തതിനു പ്രതികാരമായാണ് ജേക്കബ് ജോബിനെ കെണിയില്‍ കുടുക്കിയതെന്നു പോലീസിലെതന്നെ ഒരുവിഭാഗം അന്നുതന്നെ ആരോപിച്ചിരുന്നു. ആരോപണവിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടക്കമുള്ളവര്‍ നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ചതും അക്കാലത്തു വിവാദമായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കകം ചന്ദ്രബോസ് മരിച്ചപ്പോള്‍ തെളിവെടുപ്പിനെന്ന പേരില്‍ ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ നിസാമിനേയുംകൊണ്ടു ബംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്കു പോയതും വിവാദമായിരുന്നു. തെളിവെടുപ്പല്ല, വിനോദയാത്രയാണ് അവര്‍ നടത്തിയതെന്നായിരുന്നു ആക്ഷേപം. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ നിസാമിനോട് ആരാഞ്ഞതു ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണു പോലീസ് കമ്മീഷണറായ ജേക്കബ് ജോബിനെതിരേ നടപടി എടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.