ഹോട്ടലുകളിലെ വില ഏകീകരണ ബില്ലിന്റെ കരട് മന്ത്രിസഭാ യോഗം ഇന്നു പരിഗണിക്കും
Wednesday, November 25, 2015 12:38 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നിരക്ക് ഏകീകരിക്കുന്നതിനുള്ള നിയമത്തിന്റെ കരടു ബില്‍ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കെത്തും.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്നു ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഹോട്ടലുകളെ നാലു ഗ്രേഡുകളായി തിരിച്ചാണു വില ഏകീകരണം നടപ്പാക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന ഗ്രേഡുകളിലെ ഹോട്ടലുകളില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന വില മാത്രമേ ഈടാക്കാന്‍ വ്യവസ്ഥയുള്ളൂ. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ കനത്ത പിഴയുണ്ടാകും. നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കാനും വ്യവസ്ഥയുണ്െടന്നാണു സൂചന.

2004 മുതല്‍ ഹോട്ടല്‍ വില ഏകീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണു നടപടികള്‍ വേഗത്തിലാക്കിയത്. പുതിയ റേഷന്‍ കാര്‍ഡ് വിതരണം അടുത്ത ജനുവരി മുതല്‍ തുടങ്ങാനാകും. തെറ്റുതിരുത്തല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന താലൂക്കുകളുടെ അടിസ്ഥാനത്തിലാകും റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നത്. പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യാന്‍ കഴിയുന്നത്.


നിലവിലുള്ള റേഷന്‍ കാര്‍ഡുകള്‍ക്കു പുതിയ കാര്‍ഡ് ലഭിക്കുന്നതു വരെ അംഗീകാരമുണ്ടാകും. വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും മറ്റു സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. റേഷന്‍ കാര്‍ഡുകളിലെ വിവര ശേഖരണത്തിനായി അക്ഷയ, കുടുംബശ്രീ, സി-ഡിറ്റ് എന്നീ ഏജന്‍സികളെയാണ് ഏല്‍പിച്ചിരുന്നത്. വിവര ശേഖരണത്തില്‍ 15 ശതമാനം വരെ തെറ്റുണ്ടായി. തെറ്റുകള്‍ തിരുത്താന്‍ ഈ ഏജന്‍സികള്‍ക്ക് ഇനി ഒരു രൂപ പോലും അധികം നല്‍കില്ലെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.