ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ഭാഷതന്നെ ഉപയോഗിക്കണം: ചീഫ് സെക്രട്ടറി
ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ ഭാഷതന്നെ ഉപയോഗിക്കണം: ചീഫ് സെക്രട്ടറി
Wednesday, November 25, 2015 12:53 AM IST
തിരുവനന്തപുരം: ജനങ്ങളുടെ ദൈനംദിന ജീവല്‍പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളുടെ ഭാഷതന്നെ ഉപയോഗിക്കണമെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ദര്‍ബാര്‍ ഹാളില്‍ കൂടിയ സംസ്ഥാനതല ഔദ്യോഗിക ഭാഷാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം എല്ലും പല്ലുമുള്ള ഭാഷയാണ്. ഔദ്യോഗികതലത്തില്‍ മലയാളഭാഷ ഉപയോഗിക്കുന്നതിന് ജീവനക്കാര്‍ക്ക് ശുഷ്കാന്തിയും നിശ്ചയദാര്‍ഢ്യവുമുണ്ടാകണം. മലയാള ഭാഷ ഉപയോഗിക്കുക വഴി ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്.

കോടതി ഭാഷയും മലയാളമാക്കുന്നത് പ്രാധാന്യമുള്ളതാണ്. നവംബര്‍ 30 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ മലയാളം ഭാഷാ ബില്‍ അവതരിപ്പിക്കും. അതിനു മുന്നോടിയായി ഹൃദയത്തിന്റെ ഭാഷയായ മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിന് ഓരോ ജീവനക്കാരനും ദൃഢനിശ്ചയം ചെയ്യണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഔദ്യോഗിക ഭാഷാ വകുപ്പ് നൂറു ശതമാനം ഭാഷാമാറ്റം നടത്തിയതായും റവന്യൂ, ക്ഷീരവികസനം, സഹകരണ വകുപ്പുകള്‍ 90 മുതല്‍ 99 വരെ ശതമാനവും ഭവനനിര്‍മാണം, പരിസ്ഥിതി, പിന്നോക്കസമുദായ, പട്ടികജാതി-വര്‍ഗ, നിയമ വകുപ്പുകള്‍ 70 മുതല്‍ 80 വരെ ശതമാനവും ഭാഷാമാറ്റ പുരോഗതി കൈവരിച്ചതായും അവലോകന റിപ്പോര്‍ട്ടില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ അറിയിച്ചു. മുപ്പത് സെക്രട്ടേറിയറ്റ് വകുപ്പുകളും 54 ഇതര വകുപ്പുകളും പരിഭാഷാ സെല്ലിനും രൂപം നല്‍കിയിട്ടുണ്ട്. നാലു സെക്രട്ടേറിയറ്റ് വകുപ്പുകളും ഒന്‍പത് ഇതര വകുപ്പുകളും മലയാളത്തില്‍ വെബ്സൈറ്റ് വികസിപ്പിച്ചിട്ടുണ്ട്.


ഇരുപത് സര്‍ക്കാര്‍ വകുപ്പുകളും പത്തു ജില്ലാ കളക്ടറേറ്റുകളും 53 സര്‍ക്കാര്‍ വകുപ്പുകളും 84 പൊതുമേഖലാ- സ്വയംഭരണ സ്ഥാപനങ്ങളും ഭാഷാമാറ്റം സംബന്ധിച്ച കര്‍മപരിപാടി സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നു വകുപ്പുകള്‍ ഒഴികെ എല്ലാ വകുപ്പുകളും വകുപ്പുതല സമിതി രൂപീകരിച്ചിട്ടുള്ളതായും പൊതുഭരണ സെക്രട്ടറി പറഞ്ഞു.

കര്‍മപരിപാടി, ഭാഷാമാറ്റ പുരോഗതി, വകുപ്പുതല ഔദ്യോഗികഭാഷാ സമിതി, വകുപ്പുതല പരിശോധനാ സംവിധാനം, ഫോമുകളുടെ പരിഭാഷ, മലയാളം വെബ്സൈറ്റ് എന്നീ വിഷയങ്ങള്‍ സമിതി വിശദമായി ചര്‍ച്ച ചെയ്തു.

ജില്ലാ കളക്ടര്‍മാര്‍, വകുപ്പ് തലവന്മാര്‍, പൊതുമേഖലാ-സ്വയംഭരണ സ്ഥാപന മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.