വെള്ളാപ്പള്ളിക്ക് ഹവാല ബിസിനസുണ്െടന്ന് ടി.വി. രാജേഷ്
വെള്ളാപ്പള്ളിക്ക് ഹവാല ബിസിനസുണ്െടന്ന് ടി.വി. രാജേഷ്
Wednesday, November 25, 2015 12:51 AM IST
കൊല്ലം: വെള്ളാപ്പള്ളി നടേശന് രാജ്യാന്തര ബന്ധമുള്ള ഹവാല ബിസിനസുണ്െടന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എംഎല്‍എ. ഇതിനുള്ള തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അടിക്കടിയുള്ള വിദേശയാത്രകള്‍ അന്വേഷിക്കണം. തുഷാറിന്റെ പേരില്‍ ബാങ്കോക്കില്‍ മൂന്ന് ഫ്ളാറ്റുകളുണ്ട്. ഇതിന് എവിടുന്നാണ് പണമെന്നും ഇരുവരും വ്യക്തമാക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.

എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയുടെ മറവില്‍ കോടികളുടെ തട്ടിപ്പാണ് അരങ്ങേറിയത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇത്. ഇത്തരം കേസുകള്‍ അട്ടിമറിക്കുന്നതിനാണ് നടേശന്റെ ആര്‍എസ്എസ് ബാന്ധവം. പുതിയ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കയാണ്. അതുകൊണ്ട് സമത്വ മുന്നേറ്റ ജാഥയെ സമനില തെറ്റിയ ജാഥ എന്ന് പറയുന്നതാണ് ഉചിതം. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ തിരക്കഥ അനുസരിച്ചാണ് യാത്ര നടക്കുന്നതെന്നും രാജേഷ് പറഞ്ഞു.


കലാകാരന്മാരെ മതപരമായി ബ്രാന്‍ഡ് ചെയ്യാന്‍ രാജ്യവ്യാപകമായി ആര്‍എസ്എസ് ശ്രമം നടത്തുകയാണ്. ഇത് കേരളത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മോഹന്‍ ഭഗവത് കണ്ണൂരിലെത്തിയത്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും പ്രതികരിച്ച് കണ്ടില്ല. മുഖ്യമന്ത്രിയുടെ മൌനം അപകടകരമാണെന്നും രാജേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.