മുല്ലപ്പെരിയാര്‍ നിറയുന്നു; കേരളം ആശങ്കയില്‍
മുല്ലപ്പെരിയാര്‍ നിറയുന്നു; കേരളം ആശങ്കയില്‍
Wednesday, November 25, 2015 12:31 AM IST
പ്രസാദ് സ്രാമ്പിക്കല്‍

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപകടരേഖയും കടന്ന് 138 അടിയിലേക്ക് അടുത്തതോടെ കേരളത്തില്‍ ആശങ്ക പടര്‍ന്നു. ശക്തമായ മഴയെത്തുടര്‍ന്നു നീരൊഴുക്ക് വര്‍ധിച്ചതും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നതു കുറച്ചതുമാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ ഇടയാക്കുന്നത്.

ഇന്നലെ രാവിലെ ജലനിരപ്പ് 137 അടിയായിരുന്നു. ഇന്നു രാത്രിയോടെ അത് 138 അടി പിന്നിട്ടേക്കും. സെക്കന്‍ഡില്‍ 3143 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സെക്കന്‍ഡില്‍ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ദുര്‍ബലമായിരുന്നെങ്കിലും നീരൊഴുക്ക് ശക്തമാണ്.

വൈഗ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 72 അടിയോടടുത്തു. ഇന്നലെ രാവിലെ 66.8 അടിയാണ് അവിടത്തെ ജലനിരപ്പ്. രാത്രിയോടെ ഇത് 70 അടി കടന്നേക്കാം. തമിഴ്നാട്ടില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ സെക്കന്‍ഡില്‍ 3110 ഘനയടി വെള്ളമാണ് വൈഗ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്‍ഡില്‍ 60 ഘനയടി വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ഇന്നലെ രാവിലെവരെ വൈഗ അണക്കെട്ട് പ്രദേശത്ത് 21 മില്ലിമീറ്റര്‍ മഴ പെയ്തു. ഈ സ്ഥിതി തുടര്‍ന്നാല്‍ വൈഗ അണക്കെട്ട് തുറന്നുവിട്ടേക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്, സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 142 അടിയാക്കി ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ ഇപ്പോള്‍ സ്പില്‍വേ വഴി പെരിയാറ്റിലേക്കു വെള്ളം ഒഴുകുന്നില്ല. കോടതി ഉത്തരവ് വരുന്നതുവരെ 136 അടിയില്‍ കൂടുതലായി എത്തുന്ന വെള്ളം ഷട്ടറിന്റെ സ്പില്‍വേ വഴി ഒഴുകി പെരിയാറിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തിയിരുന്നതാണ്. അണക്കെട്ടിനു ബലക്ഷയമില്ലെന്ന കണ്െടത്തല്‍ നടത്തി ജലനിരപ്പ് ഉയര്‍ത്താനുള്ള കോടതി ഉത്തരവ് വന്നെങ്കിലും ജലനിരപ്പ് ഉയരുന്നത് ഗൌരവത്തോട നിരീക്ഷിക്കണമെന്ന നിര്‍ദേശമുണ്ട്. എന്നാല്‍ തമിഴ്നാട് ഈ നിര്‍ദേശം അവഗണിച്ചിരിക്കുകയാണ്.


കഴിഞ്ഞ വര്‍ഷം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി മനഃപൂര്‍വം ജലനിരപ്പ് 142 അടിയാക്കി. 142 അടിയിലെത്തിയപ്പോള്‍ തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്ക് കൂട്ടി ജലനിരപ്പ് തമിഴ്നാട് നിയന്ത്രിച്ച് കേരളത്തെ വെല്ലുവിളിച്ചു. എന്നാല്‍ ഇത്തവണ ഈ വെല്ലുവിളി തമിഴ്നാടിന്റെ കണക്കുകൂട്ടലും തെറ്റിച്ചേക്കും. തമിഴ്നാട്ടില്‍ വെള്ളപ്പൊക്കവും മഴയും രൂക്ഷമായതോടെ തമിഴ്നാട് ഉദ്ദേശിക്കുന്നതുപോലെ വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കാനുള്ള സാധ്യത കുറയും.

വൈഗ ഡാമും തമിഴ്നാട്ടില്‍ ജലസംഭരണത്തിനായി നിര്‍മിച്ചിട്ടുള്ള വലിയ കുളങ്ങളുമെല്ലാം നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് തമിഴ്നാടിന്റെയും ഉറക്കംകെടുത്തുന്നുണ്ട്.

കഴിഞ്ഞദിവസം ഇടുക്കി കളക്ടര്‍ പെരിയാര്‍ തീരവാസികള്‍ക്ക് ആദ്യ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കുമെന്ന സൂചനയാണിതെന്നാണ് തമിഴ്നാട് ഉദ്യോഗസ്ഥരും പറയുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച തട്ടൈ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. തങ്ങള്‍ക്ക് തൂക്കുകയറാണ് വിധിച്ചിരിക്കുന്നതെന്നാണ് ഡാമിന്റെ അടിവാരത്തുള്ള വള്ളക്കടവ് നിവാസികള്‍ ഇന്നും പരിതപിക്കുന്നത്.

മുമ്പ് ജലനിരപ്പ് 136 അടിയിലേക്കെത്തുമ്പോള്‍തന്നെ പെരിയാര്‍ തീരങ്ങളില്‍ വൈദ്യുതിവിളക്കുകള്‍, സൈറണ്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒന്നുംതന്നെയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.