ചക്കുപള്ളത്ത് എട്ടുപേരെ പട്ടി കടിച്ചു
ചക്കുപള്ളത്ത് എട്ടുപേരെ പട്ടി കടിച്ചു
Wednesday, October 14, 2015 12:41 AM IST
കട്ടപ്പന: ചക്കുപള്ളം പഞ്ചായത്തില്‍ ഇന്നലെ ഒറ്റ ദിവസം എട്ടുപേരെ പട്ടി കടിച്ചു. രണ്ടു പേപ്പട്ടികളാണ് ആക്രമണകാരികളെന്നു പറയുന്നു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. അണക്കര, ഏഴാംമൈല്‍, ആറാംമൈല്‍, കുങ്കിരിപ്പെട്ടി, ചക്കുപള്ളം മേഖലകളിലാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്.

ഏഴാംമൈല്‍ പിഎസിക്കു സമീപം അമ്പിയില്‍ പ്രകാശിന്റെ മകന്‍ രണ്ടുവയസുകാരന്‍ ദേവനാരായണന്‍, ചക്കുപള്ളം വടക്കേക്കര സുരേഷ് (43), ചക്കുപള്ളം ചാഞ്ഞപിലാക്കല്‍ ജയ്മോന്‍(37) ചക്കുപള്ളം മറ്റപ്പള്ളില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (60), ചക്കുപള്ളം പാലത്തിങ്കല്‍ ചെറിയാന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (76) എന്നിവര്‍ക്കും ചക്കുപള്ളം പളിയക്കുടിയില്‍ മൂന്നുപേര്‍ക്കുമാണ് കടിയേറ്റത്.

രാവിലെ വീട്ടുമുറ്റത്തു നിന്നവരാണ് പട്ടിയുടെ ആക്രമണത്തിനിരയായത്. ദേവനാരായണന്റെ തലയ്ക്കും ത്രേസ്യാമ്മയുടെ കഴുത്തിനും കൈക്കുമാണു കടിയേറ്റത്. ജയ്മോനെ തമിഴ്നാട്ടിലെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 7.30നും ഒന്‍പതിനുമിടയിലാണ് നായയുടെ ആക്രമണമുണ്ടായത്. ഗുരുതരമായ മുറിവുകളോടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച എല്ലാവരെയും പ്രഥമ ശുശ്രൂഷക്കുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു. നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും പട്ടിയുടെ കടിയേറ്റിട്ടുണ്ട്. ഏഴാംമൈല്‍ കുത്തതയില്‍ ജോയിയുടെ കൂട്ടില്‍ നിന്നിരുന്ന പശുക്കിടാവിനും പട്ടിയുടെ കടിയേറ്റു. വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം കിടാവിനെ കൊന്നുകളഞ്ഞു.


തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമായിട്ടും പേവിഷബാധയ്ക്കെതിരേയുള്ള വാക്സിന്‍ ഇടുക്കി ജില്ലയില്‍ ഒരാശുപത്രിയിലും ലഭ്യമല്ല. കടിയേറ്റുവരുന്നവര്‍ക്ക് ഐഡിആര്‍വി കുത്തിവ യ്പ് നല്‍കി മെഡിക്കല്‍ കോളജ് ആശുപത്രികളിലേയ്ക്കു പറഞ്ഞയക്കുകയാണ് പതിവ്.

ഗുരുതരമായി കടിയേറ്റവര്‍ക്ക് ഇമ്യൂണോ ഗ്ളോബിലിന്‍ വാക്സിനാണ് നല്‍കേണ്ടത്. സ്വകാര്യ ആശുപത്രികളില്‍ ഈ കുത്തിവയ്പിന് 6000 മുതല്‍ 9000 രൂപ വരെ ഈടാക്കും. വാക്സിന്റെ വിലക്കൂടുതല്‍ കൊണ്ടാണ് ഇതു സാധാരണ ആശുപത്രികളില്‍ സുക്ഷിക്കാത്തതെന്നു പറയുന്നു. പട്ടിയുടെ കടിയേറ്റാല്‍ 24 മണിക്കുറിനുള്ളില്‍ വാക്സിന്‍ നല്‍കണമെന്ന് ഇടുക്കി ഡിഎംഒ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.