വനംവകുപ്പ് പിടികൂടിയ കടുവ ചികിത്സയ്ക്കു പോകുംവഴി ചത്തു
വനംവകുപ്പ് പിടികൂടിയ കടുവ ചികിത്സയ്ക്കു പോകുംവഴി ചത്തു
Wednesday, October 14, 2015 12:59 AM IST
പുല്‍പ്പള്ളി: നീണ്ട പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് പിടികൂടിയ കടുവ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടെ ചത്തു. മണിക്കൂറുകളോളം ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ പ്രദേശവാസികളെ ഭീതിയിലാക്കിയ ആണ്‍ കടുവയെ മയക്കുവെടി വച്ചു പിടിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. കടുവയെ ഇന്നലെ വൈകുന്നേരമാണു മയക്കുവെടിവച്ചു വീഴ്ത്തിയത്.

കടുവകള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ഗുരുതര പരിക്കുണ്ടായിരുന്നതാണു മരണകാരണമെന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ് മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ.

തിങ്കളാഴ്ച രാത്രി ചീയമ്പം കാപ്പിത്തോട്ടം കോളനിയിലിറങ്ങിയ കടുവ രണ്ട് ആടുകളെ കൊന്നു തിന്നിരുന്നു. ഇന്നലെ രാവിലെ ആറോടെ കോളനിയിലെ കാളന്റെ വീടിനടുത്താണ് ആദ്യം കടുവയെ കണ്ടത്. തുടര്‍ന്നു കോളനിവാസികള്‍ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.ജിജുമോന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ പത്തോടെ സ്ഥലത്തെത്തി. ഏഴു തവണ ഡോ. ജിജുമോന്റെ നേതൃത്വത്തില്‍ മയക്കുവെടി വച്ചെങ്കിലും ലക്ഷ്യം കാണാത്തതിനെത്തുടര്‍ന്നു പൂക്കോട് വെറ്ററിനറി കോളജില്‍നിന്ന് ഉച്ചയ്ക്കു മൂന്നോടെ ഡോ.അരുണ്‍ സക്കറിയ സ്ഥലത്തെത്തിയാണു കടുവയെ മയക്കു വെടിവച്ചു വീഴ്ത്തിയത്. തുടര്‍ന്നു കൂടിനുള്ളില്‍ കയറ്റി ബത്തേരി വൈല്‍ഡ് ലൈഫ് കാര്യാലയത്തിലെത്തിച്ചെങ്കിലും കടുവ ചത്തു.


പത്തു വയസോളമുള്ള ആണ്‍കടുവയ്ക്കു ശരീരത്താകമാനം പരുക്കുണ്ടായിരുന്നു. പിന്‍കാലുകളില്‍ ഗുരുതരമായ മുറിവുണ്ടായതാണു കടുവയെ നാട്ടിലിറങ്ങി ഇരതേടാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു. കാപ്പിത്തോട്ടത്തിനുള്ളില്‍ കടുവ പലപ്പോഴും മാറിമാറി താവളം തേടിയതു മയക്കുവെടി വയ്ക്കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കി. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹനന്‍പിള്ള, ഡിഎഫ്ഒ അബ്ദുള്‍ അസീസ്, ചെതലയം റേഞ്ച് ഓഫീസര്‍ പി. രഞ്ജിത്ത് കുമാര്‍, കുറിച്ച്യാട് റേഞ്ചര്‍ രാമന്‍, പുല്‍പ്പള്ളി സിഐ സജീവ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.