എക്സിറ്റ് പോളിനു വിലക്ക്: മാധ്യമങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം
Wednesday, October 14, 2015 12:56 AM IST
കൊച്ചി: പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാര്‍ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്സിറ്റ് പോള്‍ നടത്തുന്നതും അതു സംബന്ധിച്ച ഫലപ്രഖ്യാപനം മറ്റുള്ളവരെ അറിയിക്കുന്നതും തടയുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126(എ) വകുപ്പിലെ വ്യവസ്ഥകള്‍ തദ്ദേശ തെരഞ്ഞെടുപ്പിനും ബാധകമാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഒരു തരത്തിലുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാവാതെ ശ്രദ്ധിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തര്‍ക്കായി കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയ പരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുതെന്ന് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126-ാം വകുപ്പില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളതു തദ്ദേശ തെരഞ്ഞടുപ്പിനും ബാധകമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നശേഷം കേബിള്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. വിവിധ മാധ്യമങ്ങള്‍ക്കായി ബ്രോഡ്കാസ്റിംഗ് കണ്ടന്റ് കംപ്ളയിന്റ് കൌണ്‍സില്‍, പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ, എന്‍ബിഎസ്എ (ന്യൂസ് ബ്രോഡ്കാസ്റിംഗ് സ്റാന്‍ഡേര്‍ഡ് അഥോറിട്ടി) എന്നിവ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശം കര്‍ശനമായും പാലിക്കണം. തെരഞ്ഞെടുപ്പ് വിജയമാക്കാന്‍ എല്ലാ മാധ്യമങ്ങളുടെയും സഹകരണവും കമ്മീഷന്‍ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.