അതിരമ്പുഴ ഫെസ്റ് നവംബര്‍ 20 മുതല്‍ 29 വരെ
Tuesday, October 13, 2015 12:52 AM IST
കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അതിരമ്പുഴ ഫെസ്റ് നവംബര്‍ 20 മുതല്‍ 29 വരെ നടക്കും. അതിരമ്പുഴ പള്ളി മൈതാനത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന വിശാലമായ പന്തലില്‍ നൂറിലേറെ സ്റാളുകളാണു ക്രമീകരിച്ചിരിക്കുന്നത്. വാണിജ്യം, കാര്‍ഷികം, വിദ്യാഭ്യാസം, ശാസ്ത്രം, ആരോഗ്യം, ഭക്ഷണം, കല, വിനോദം തുടങ്ങി വൈവിധ്യമാര്‍ന്ന സ്റാളുകള്‍ ഫെസ്റിന്റെ പ്രത്യേകതയാണ്. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച വാഹന സ്റാളില്‍ ഇത്തവണ കൂടുതല്‍ കമ്പനികളുടെ വിപുലമായ ശ്രേണിയാണ് ഒരുക്കുന്നത്.

ഫെസ്റിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. രാഷ്ട്രീയ സാമൂഹിക കലാരംഗങ്ങളിലെ ഒട്ടേറെ പ്രമുഖ വ്യക്തികള്‍ ഫെസ്റ് സന്ദര്‍ശിക്കാനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. വാണിജ്യ സംസ്കാരിക മേഖലകളില്‍ അതിരമ്പുഴയ്ക്കുള്ള നൂറ്റാണ്ടുകളുടെ പാരമ്പര്യം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി അതിരമ്പുഴ ഫെസ്റ് സംഘടിപ്പിക്കപ്പെട്ടത്. സ്റാളുകളുടെ എണ്ണവും വൈവിധ്യവും പൊതുജനങ്ങളുടെ പങ്കാളിത്തവും മൂലം ആദ്യവര്‍ഷം തന്നെ ഫെസ്റ് ശ്രദ്ധിക്കപ്പെട്ടു. പതിനായിരക്കണക്കിനു ആളുകളാണ് ദിവസവും ഫെസ്റ് സന്ദര്‍ശിക്കാനെത്തിയത്.


കഴിഞ്ഞവര്‍ഷത്തെ അതിരമ്പുഴ ഫെസ്റിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഫലമായി വേമ്പനാട്ടു കായലിനെ അതിരമ്പുഴ ചന്തക്കടവുമായി ബന്ധിപ്പിക്കുന്ന പെണ്ണാര്‍ തോടിന്റെ പുനര്‍ജനി സാധ്യമായി. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിസ്കവര്‍ കോട്ടയത്തിന്റെ ഭാഗമായുള്ള കനാല്‍ ടൂറിസം പദ്ധതിയില്‍ പെണ്ണാര്‍ തോടിനെ ഉള്‍പ്പെടുത്തുകയും അതിരമ്പുഴ ബോട്ട് ജെട്ടിക്കുസമീപം വഴിയോര വിശ്രമകേന്ദ്രം നിര്‍മിക്കുന്നതിനായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. കുമരകത്തുനിന്നും പെണ്ണാര്‍തോട്ടിലൂടെ ശിക്കാര്‍ വള്ളങ്ങളില്‍ ടൂറിസ്റുകളെ അതിരമ്പുഴയില്‍ എത്തിച്ച് ഇവിടെനിന്നു വിവിധ ടൂറിസ്റ് കേന്ദ്രങ്ങളിലേക്ക് പോകാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. അതിരമ്പുഴയെ എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള ടൂറിസ്റ് ഹബ് ആക്കി മാറ്റുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്.

പത്രസമ്മേളനത്തില്‍ അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. റോജന്‍ നെല്‍പ്പുരയ്ക്കല്‍, ജോയിന്റ് കണ്‍വീനര്‍ ബൈജു മാതിരമ്പുഴ, റെജി പ്രോത്താസീസ് കൂനാനിക്കല്‍, മീഡിയ കണ്‍വീനര്‍ രാജു കുടിലില്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.