കുടുംബശ്രീ ടാക്സി ഇനി മൊബൈല്‍ വഴിയും
കുടുംബശ്രീ ടാക്സി ഇനി മൊബൈല്‍ വഴിയും
Tuesday, October 13, 2015 12:51 AM IST
തിരുവനന്തപുരം: കുടുംബശ്രീ ട്രാവല്‍സിന്റെ ടാക്സി കാറുകള്‍ ഇനി ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയും ബുക്കു ചെയ്യാം. ഒരു സംഘം ചെറുപ്പക്കാരുടെ സ്റാര്‍ട്ടപ്പ് സംരംഭമായ വിഎസ്ടി ട്രാവല്‍ സൊല്യൂഷന്‍സാണ് ഇത്തരമൊരു സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെഹിക്കിള്‍എസ്ടി എന്ന പേരിലാണ് ആപ്ളിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. കെഎസ്ഐഡിസിയുടെ അങ്കമാലി സ്റാര്‍ട്ടപ്പ് സോണില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റാര്‍ട്ടപ്പ് കമ്പനിയാണു വിഎസ്ടി.

ഓട്ടോറിക്ഷ മുതല്‍ വിമാനം വരെ ഏതു യാത്രയ്ക്കുമുള്ള വാഹനം ഒറ്റ മൌസ് ക്ളിക്കില്‍ ലഭ്യമാക്കാനുതകുന്നതാണു വെഹിക്കിള്‍ എസ്ടി. ഓട്ടോറിക്ഷ, ടാക്സി കാര്‍, ടൂറിസ്റ് ബസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കൊപ്പം വിമാന ടിക്കറ്റ് ബുക്കിംഗ്, ക്രെയ്ന്‍, ബുള്‍ഡോസര്‍, റിക്കവറി വാഹനങ്ങള്‍, ആംബുലന്‍സ് പോലുള്ള അത്യാവശ്യ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ആപ്ളിക്കേഷന്‍ വഴി ഉപയോക്താക്കള്‍ക്കു പെട്ടെന്നു കണ്െടത്താനാകും. അതോടൊപ്പം വാഹനത്തിന്റെ ടയര്‍ പഞ്ചറാകുകയോ വാഹനം കേടാകുകയോ ചെയ്താലും ഈ ആപ്ളിക്കേഷന്‍ ഉപയോഗിച്ചു തൊട്ടടുത്തുള്ള സേവനദാതാവിനെ കണ്െടത്താന്‍ സാധിക്കും.

ഉപയോക്താക്കള്‍ക്കു ലഭ്യമാകുന്ന സേവനത്തിന്റെ നിലവാരവും റിവ്യുവും അടിസ്ഥാനമാക്കി സേവന ദാതാക്കളെ റേറ്റ് ചെയ്യാനുള്ള സൌകര്യവും ഇതിലുണ്ട്. അതുകൊണ്ടുതന്നെ, തുടര്‍ന്ന് ആപ്ളിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കു റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കാവശ്യമുള്ള സേവനദാതാവിനെ നിശ്ചയിക്കാനും സാധിക്കും. തുടക്കത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ഈ ആപ്ളിക്കേഷന്‍ വഴിയുള്ള സേവനം ലഭ്യമാകുക. അക്ഷയ കേന്ദ്രങ്ങളുമായി ചേര്‍ന്നു സംസ്ഥാനത്തുടനീളം സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. ഗൂഗിള്‍ പ്ളേ സ്റോറില്‍ ലഭ്യമായ ആപ്ളിക്കേഷന്‍ ഉടന്‍തന്നെ ഐഒഎസ്, വിന്‍ഡോസ് എന്നിവയിലും ലഭ്യമാക്കും.


സ്ത്രീ യാത്രക്കാര്‍ക്ക് ഏറെ സുരക്ഷിതവും സൌകര്യപ്രദവുമായ സേവനം ലഭ്യമാക്കുകയാണു കുടുംബശ്രീ ട്രാവല്‍സുമായുള്ള കരാറിലൂടെ ലക്ഷ്യമിടുന്നതെന്നു വിഎസ്ടി സിഇഒ ആല്‍വിന്‍ ജോര്‍ജ് പറഞ്ഞു. കുടുംബശ്രീയുമായി ചേര്‍ന്നുള്ള ആദ്യ ടാക്സി സര്‍വീസ് ടെക്നോപാര്‍ക്ക് സിഇഒ കെ.ജി.ഗിരീഷ് ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ടെക്നോപാര്‍ക്കിലെ ജീവനക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ് ഈ സേവനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ സ്ഥലത്ത് അപ്പപ്പോള്‍ ലഭ്യമാകുന്ന സേവനദാതാക്കളെ റിവ്യുവും റേറ്റിംഗും പരിശോധിച്ചു തെരഞ്ഞെടുക്കാനുള്ള സൌകര്യത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

കുടുംബശ്രീ ട്രാവല്‍സിനു വരുമാനം വര്‍ധിപ്പിക്കാന്‍ ഈ ആപ്ളിക്കേഷന്‍ ഉപകാരപ്രദമാകുമെന്നു കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഗഫാര്‍ ചൂണ്ടിക്കാട്ടി. ടെക്നോപാര്‍ക്ക് സിഎഫ്ഒ ജയന്തി ലക്ഷ്മി, വെഹിക്കിള്‍എസ്ടി ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് നവീന്‍ ദേവ് എംകെ എന്നിവര്‍ പ്രസംഗിച്ചു. വെഹിക്കിള്‍എസ്ടിയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ടാക്സി ഓപ്പറേറ്റര്‍മാരും ഓട്ടോ ഡ്രൈവര്‍മാരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.