കേന്ദ്രസേനയെ ലഭിച്ചാല്‍ കണ്ണൂരിനു പ്രഥമ പരിഗണനയെന്ന് എഡിജിപി
Tuesday, October 13, 2015 12:49 AM IST
കണ്ണൂര്‍: കേന്ദ്രസേനയെ കേരളത്തിന് അനുവദിച്ചാല്‍ ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുള്ള കണ്ണൂരിനായിരിക്കും പ്രഥമ പരിഗണനയെന്ന് ഉത്തരമേഖല എഡിജിപി എന്‍. ശങ്കര്‍റെഡ്ഡി. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രസേനയെ ലഭിക്കാനുള്ള സാധ്യത വിരളമാണ്. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയും സേനയെ അനുവദിക്കുകയും ചെയ്താല്‍ കണ്ണൂരിനെയായിരിക്കും ആദ്യം പരിഗണിക്കുകയെന്നു എഡിജിപി ദീപികയോടു പറഞ്ഞു.

ജില്ലയിലെ പോലീസ് സേനയ്ക്കു പുറമെ മറ്റു ജില്ലകളില്‍നിന്നും കണ്ണൂരിലെ തെരഞ്ഞെടുപ്പ് ജോലിക്കായി കൂടുതല്‍ സേനയെ കൊണ്ടുവരും.

ജില്ലയിലെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമായി നടത്തുന്നതിനാവശ്യമായ പോലീസ് ക്രമീകരണം ഒരുക്കും. പോസ്റര്‍ പതിക്കല്‍, പൊതുയോഗം, പ്രകടനം എന്നിവിടങ്ങളില്‍ പ്രശ്ന സാധ്യതയ്ക്കുള്ള സാഹചര്യമുണ്െടങ്കില്‍ അവ ഒഴിവാക്കാന്‍ സേനാംഗങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യോഗത്തില്‍ എഡിജിപി നിര്‍ദേശം നല്‍കി.

ബോംബുകള്‍, ആയുധങ്ങള്‍ എന്നിവയ്ക്കായി റെയ്ഡ് കര്‍ശനമാക്കാനും വാഹന പരിശോധനയടക്കം ശക്തമാക്കാനും നിര്‍ദേശമുണ്ട്. ജില്ലയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളാണു യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതേസാഹചര്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഉണ്ടാകണമെന്നും അതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും എഡിജിപി നിര്‍ദേശിച്ചു.

പ്രശ്നബാധിത ബൂത്തുകളിലും ചില പാര്‍ട്ടികള്‍ക്കു സ്വാധീനമുള്ള മേഖലകളിലും കനത്ത സുരക്ഷയും പട്രോളിംഗും ശക്തമാക്കാനാണു പോലീസ് തീരുമാനം. അടുത്തകാലത്തു രാഷ്ട്രീയ സംഘര്‍ഷമുണ്ടായ മേഖലകളിലും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ സേനാംഗങ്ങളുടെ ലിസ്റ്റും എസ്പി യോഗത്തില്‍ അവതരിപ്പിച്ചു.

ഉച്ചകഴിഞ്ഞു 2.30ന് പോലീസ് കമ്യൂണിറ്റി ഹാളില്‍ തുടങ്ങിയ യോഗം വൈകുന്നേരം 4.40 നാണ് അവസാനിച്ചത്. യോഗത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്ര കശ്യപ്, ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍, ജില്ലയിലെ ഡിവൈഎസ്പിമാര്‍, സിഐമാര്‍, പ്രിന്‍സിപ്പല്‍ എസ്ഐമാര്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.