പൊമ്പിളൈ ഒരുമൈയില്‍ ഭിന്നസ്വരം
പൊമ്പിളൈ ഒരുമൈയില്‍  ഭിന്നസ്വരം
Tuesday, October 13, 2015 12:12 AM IST
മൂന്നാര്‍: ദിവസക്കൂലി 350 രൂപ കിട്ടിയാലും ജോലിക്കു പോകുമെന്നു പൊമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി. 500 രൂപയില്‍നിന്നു പിന്നോട്ടില്ലെന്നു മറ്റൊരു നേതാവ് ഗോമതി അഗസ്റിന്‍. ഇന്നലെ വൈകുന്നേരം സമരവേദിയില്‍ ലിസി നടത്തിയ പരസ്യപ്രഖ്യാപനത്തെ ചോദ്യംചെയ്തു ഗോമതി അഗസ്റിന്‍ രംഗത്തുവന്നതോടെ സമരവേദി സംഘര്‍ഷവേദിയായി.

വ്യക്തമായ സംഘടനാ സംവിധാനങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ മുന്നോട്ടുപോകുന്ന പൊമ്പിളൈ ഒരുമൈയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നലെ പരസ്യമാവുകയായിരുന്നു. ആറായിരത്തിലധികം സ്ത്രീ തൊഴിലാളികള്‍ പങ്കെടുത്ത മൂന്നാറിലെ ആദ്യസമരത്തില്‍ സ്ത്രീകള്‍ സദാസമയവും സമരമുഖത്തുണ്ടായിരുന്നു. ഇപ്പോഴത്തെ സമരത്തിനു കഷ്ടിച്ച് 300 പേര്‍ മാത്രമാണു ദിവസവും എത്തുന്നത്.

ഇതിനിടെ, എസ്റേറ്റ് തൊഴിലാളികളില്‍ ഒരു വിഭാഗം ജോലിക്ക് ഇറങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പൊമ്പിളൈ ഒരുമൈ നേതൃത്വം അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണു രേഖപ്പെടുത്തുന്നതെന്നും കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സ്കൂളില്‍ പഠിക്കുന്ന കുട്ടിയെ കാണാന്‍ പോകാനുള്ള പണം പോലും കൈയിലില്ലാത്ത അവസ്ഥയിലാണെന്നും അതിനാല്‍തന്നെ ഈ അവസ്ഥയില്‍ സമരം അധികം തുടരാനാവില്ലെന്നും ജോലിക്കു പോകാന്‍ തയാറാണെന്നുമാണ് കെഡിഎച്ച്പി ചെണ്ടവര എസ്റേറ്റ് എല്ലപ്പെട്ടി ഡിവിഷനിലുള്ള തൊഴിലാളികള്‍ പ്രതികരിച്ചത്. പട്ടിണിയിലും സാമ്പത്തിക ബുദ്ധിമുട്ടിലും വലയുന്ന എസ്റേറ്റ് തൊഴിലാളികളില്‍ ചിലര്‍ ഉടന്‍ ജോലിക്കു പോയേക്കുമെന്നാണു സൂചന.


ഇന്നലെയും രാവിലെ മുതല്‍ പൊമ്പിളൈ ഒരുമൈ സമരവേദിയിലും ഐക്യ ട്രേഡ് യൂണിയന്‍ വേദിയിലും സമരം തുടര്‍ന്നു. ഇന്നു നടക്കുന്ന പിഎല്‍സി ചര്‍ച്ച തൊഴിലാളികള്‍ ഉറ്റുനോക്കുന്നുണ്ട്. കവിയും കേരള സാഹിത്യ അക്കാഡമി അവര്‍ഡ് ജേതാവുമായ കുരീപ്പുഴ ശ്രീകുമാര്‍ ഇന്നലെ വേദിയിലെത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കവിത ആലപിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.