പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കിയതു ഹൈക്കോടതി റദ്ദാക്കി
പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കിയതു ഹൈക്കോടതി റദ്ദാക്കി
Tuesday, October 13, 2015 12:42 AM IST
കൊച്ചി: തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ ഏഴ് അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയി കെ. ദേവസ്യ ഉള്‍പ്പെടെ ഏഴ് അംഗങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി പത്രോസിനെതിരേ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയിലാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹര്‍ജിക്കാരെ അയോഗ്യരായി പ്രഖ്യാപിച്ചത്.

ഡിസിസി പ്രസിഡന്റായിരുന്ന ബല്‍റാമിന്റെ വിപ്പു ലംഘിച്ചാണു ഹര്‍ജിക്കാര്‍ വോട്ടു രേഖപ്പെടുത്തിയതെന്നു പി.വി പത്രോസ് ആരോപിച്ചിരുന്നു.


തുടര്‍ന്നു വിപ്പു ലംഘിച്ചു വോട്ടു രേഖപ്പെടുത്തിയതു കൂറുമാറ്റമാണെന്നു വിലയിരുത്തിയ കമ്മീഷന്‍ ഹര്‍ജിക്കാരെ അയോഗ്യരാക്കി പ്രഖ്യാപിക്കുകയും മത്സരിക്കുന്നത് ആറു വര്‍ഷത്തേക്കു വിലക്കുകയും ചെയ്തു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നു ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

ഹര്‍ജി അനുവദിച്ച കോടതി ഹര്‍ജിക്കാര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസമില്ലെന്നും പറഞ്ഞിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ.ഷാജി ജോസഫ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.