കോണ്‍ഗ്രസ്-എസ് നേതാവിന് 65 ലക്ഷത്തിന്റെ ഭാഗ്യ കടാക്ഷം
കോണ്‍ഗ്രസ്-എസ് നേതാവിന് 65 ലക്ഷത്തിന്റെ ഭാഗ്യ കടാക്ഷം
Tuesday, October 13, 2015 12:36 AM IST
ഗുരുവായൂര്‍: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ വിജയത്തിലെത്തിക്കുന്നതിനുമുമ്പു ലോട്ടറിയുടെ ഒന്നാം സമ്മാനം നേടി വിജയത്തേരിലേറിയിരിക്കുകയാണു കോണ്‍ഗ്രസ്-എസ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മായാമോഹന്‍.

തിങ്കളാഴ്ച നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷത്തിലൂടെയാണ് ഭാഗ്യം മായാമോഹനെ കടാക്ഷിച്ചത്. 65 ലക്ഷത്തിനു പുറമേ 10,000 രൂപ വീതമുള്ള ആറു സമാശ്വാസ സമ്മാനങ്ങളും മായാമോഹനുതന്നെയാണ്.

ഗുരുവായൂര്‍ സ്വദേശി മഠത്തില്‍ ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള പടിഞ്ഞാറെനടയിലെ നല്ലകാലം ലോട്ടറി ഏജന്‍സിയില്‍നിന്നെടുത്ത ഡബ്ള്യുവൈ 130707 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.


ഗുരുവായൂര്‍ ദേവസ്വം റിട്ടയേഡ് ജീവനക്കാരനാണു മായാമോഹന്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ഗുരുവായൂരിലാണു താമസം. ദേവസ്വം ജീവനക്കാരനായ മകന്‍ ജയകൃഷ്ണനൊപ്പം താമരയൂരിലുള്ള ദേവസ്വം ക്വാര്‍ട്ടേഴ്സിലാണു താമസിക്കുന്നത്. സ്വന്തമായി വീടില്ലാത്ത മായമോഹനു ഗുരുവായൂരില്‍ വീടു വയ്ക്കണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസ് എസ് സംസ്ഥാന കമ്മിറ്റിയംഗം കൂടിയാണിദ്ദേഹം. തെരഞ്ഞെടുപ്പ് വിജയാഹ്ളാദം പോലെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും മായാമോഹന്‍ നാട്ടുകാര്‍ക്കൊപ്പം സന്തോഷം പങ്കിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.