ശാശ്വതീകാനന്ദയുടെ മരണം: വെളിപ്പെടുത്തലുകള്‍ പരിശോധിക്കും-മന്ത്രി കെ.സി. ജോസഫ്
ശാശ്വതീകാനന്ദയുടെ മരണം: വെളിപ്പെടുത്തലുകള്‍ പരിശോധിക്കും-മന്ത്രി കെ.സി. ജോസഫ്
Tuesday, October 13, 2015 12:34 AM IST
കോട്ടയം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണെന്നു മന്ത്രി കെ.സി. ജോസഫ്. പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണവിധേയമാക്കണം, ഇക്കാര്യത്തില്‍ സിബിഐ അന്വേഷണത്തെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. എസ്എന്‍ഡിപി-ബിജെപി ബന്ധത്തെ എസ്എന്‍ഡിപിയുടെ സാധാരണ പ്രവര്‍ത്തകര്‍ തള്ളിക്കളയും. രാഷ്ട്രീയ ബോധമുള്ള ഇവരെ അടിയറവു വയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകക്കേസിലെ പ്രതികളെ സ്ഥാനാര്‍ഥിയാക്കുക വഴി സിപിഎം ജനങ്ങളെ വെല്ലുവിളിക്കുകയാണ്. തലശേരി നഗരസഭാ ചെയര്‍മാനായും ജില്ലാ പഞ്ചായത്തു പ്രസിഡന്റായും ജയിലില്‍ കഴിയുന്നവരെ പരോളിലിറക്കി മത്സരിപ്പിക്കാനുള്ള നീക്കം സിപിഎം അഹങ്കാരത്തിന്റെ നഗ്നമായ പ്രകടനമാണ്.

ഫസല്‍ വധക്കസിലെ പ്രതികളെ ഇഡ്ഡലി മോഷണകേസുമായി താരതമ്യപ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ നിസാരവത്കരിക്കുകയാണ്. കൊലപാതകക്കേസിലെ പ്രതികള്‍ക്കു ജനകീയ കോടതികളല്ല, നീതിന്യായ കോടതികളാണു ശിക്ഷ വിധിക്കേണ്ടത്. സിപിഎമ്മിന്റെ ഇത്തരം നീക്കം പരാജയത്തിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ നിലപാടുകളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിന്തുണയ്ക്കുകയാണെന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെയും ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്.

കോണ്‍ഗ്രസിനു പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഗീബല്‍സിയന്‍ തന്ത്രമാണു സിപിഎം പരീക്ഷിക്കുന്നത്. വിഷയ ദാരിദ്യ്രമാണു സിപിഎം നേരിടുന്ന പ്രധാന വെല്ലുവിളി. കോണ്‍ഗ്രസിനെ വിമര്‍ശിച്ചു രക്ഷപ്പെടാനാണു സിപിഎം ശ്രമിക്കുന്നതെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.