രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ നാളെ നല്‍കിത്തുടങ്ങും
Sunday, October 11, 2015 12:23 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ നാളെ നല്‍കിത്തുടങ്ങും. സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനാര്‍ഥിനിര്‍ണയം പുരോഗമിക്കുന്ന സാഹചര്യത്തിലാണു നാളെമുതല്‍ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക നല്‍കിത്തുടങ്ങുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്.

പത്രികകള്‍ കൂട്ടത്തോടെ ലഭിച്ചുതുടങ്ങുമ്പോഴുള്ള തിരക്ക് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥതലത്തിലുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കാന്‍ ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കിയത് ഇതിന്റെ ഭാഗമായിട്ടാണ്. വരുന്ന ദിവസങ്ങളില്‍ ഒരു ലക്ഷത്തിലേറെ പത്രികകള്‍ ലഭിക്കുമെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അധികൃതര്‍ പറയുന്നത്. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ പത്രിക സമര്‍പ്പിക്കാം.


സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലായി 21, 781 പേരെയാണു തെരഞ്ഞെടുക്കേണ്ടത്. ഒരു വാര്‍ഡില്‍ അഞ്ചു സ്ഥാനാര്‍ഥികള്‍ വച്ചു കണക്കാക്കിയാലും ഒരു ലക്ഷത്തിലേറെ പേര്‍ പത്രിക സമര്‍പ്പിക്കുമെന്നാണു കണക്കാക്കുന്നത്. 2010ല്‍ നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ 1.45 ലക്ഷം പേരാണ് പത്രിക സമര്‍പ്പിച്ചത്. ഇതില്‍ പകുതിയോളം പേരുടെയും പിന്നീടു പത്രിക തള്ളുകയോ പിന്‍വലിക്കുകയോ ചെയ്യുകയായിരുന്നു. ഒടുവില്‍ 77,000 സ്ഥാനാര്‍ഥികളാണു മത്സരരംഗത്ത് ഉണ്ടായിരുന്നത്.
ഒരാഴ്ച സമയമുണ്ടായിട്ടും പത്രികാസമര്‍പ്പണം ഇഴയുന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞ ഏഴിനു വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണു പത്രികാ സമര്‍പ്പണം തുടങ്ങിയത്. സംസ്ഥാനത്തെ മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് എത്തുന്നതോടെ പോരാട്ടം മുറുകും. സ്ഥാനാര്‍ഥികള്‍ അണിനിരക്കുന്നതോടെ പോരാട്ടവും തീപാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.