തദ്ദേശഭരണ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധന 15ന്
Sunday, October 11, 2015 12:43 AM IST
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന 15ന് ബന്ധപ്പെട്ട വരണാധികാരികള്‍ നിര്‍വഹിക്കും.

സൂക്ഷ്മ പരിശോധനാ സമയത്ത് സ്ഥാനാര്‍ഥിക്കും തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ഥിയുടെ ഒരു നിര്‍ദേശകനും സ്ഥാനാര്‍ഥി രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തിക്കും ഹാജരാകാവുന്നതാണ്. സൂക്ഷ്മപരിശോധനാ സമയത്ത് എല്ലാ സ്ഥാനാര്‍ഥികളുടേയും നാമനിര്‍ദേശപത്രികകള്‍ പരിശോധിക്കുന്നതിന് ഇവര്‍ക്ക് സൌകര്യം ലഭിക്കും.

ഒരു സ്ഥാനാര്‍ഥിയുടെ യോഗ്യതയും അയോഗ്യതയും നാമനിര്‍ദേശപത്രിക പരിശോധനക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കുന്നത്.

എന്നാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാര്‍ഥിക്ക് 21 വയസ് പൂര്‍ത്തിയായിരിക്കണം.


ഗുരുതരമായ ന്യൂനതകള്‍ ഉണ്െടങ്കില്‍ മാത്രമേ നാമനിര്‍ദേശപത്രിക നിരസിക്കാന്‍ പാടുള്ളു. വെറും സാങ്കേതിക പിശകുകളും എഴുത്ത് പിശകുകളും അവഗണിക്കുന്നതാണ്. തെരഞ്ഞെടുപ്പ് വര്‍ഷം, വാര്‍ഡിന്റെ പേര്, വോട്ടര്‍ പട്ടികയിലെ നമ്പര്‍, ചിഹ്നത്തിന്റെ തെരഞ്ഞെടുക്കല്‍, വയസ്, പേര് എന്നിവയിലെ ചില പൊരുത്തക്കേടുകള്‍ തുടങ്ങി നിസാര കാരണങ്ങള്‍ പരിശോധനയില്‍ അവഗണിക്കും.

തെറ്റുകളില്‍ പലതും പത്രിക സമര്‍പ്പിക്കുന്ന സമയത്ത് തിരുത്താന്‍ കഴിയുന്നവ ആണെങ്കില്‍ തിരുത്തിക്കേണ്ടതാണ്. മത്സരിക്കുന്നതിനുള്ള ഡെപ്പോസിറ്റ് യഥാവിധി കെട്ടിവച്ചുവെന്ന് വരണാധികാരി ഉറപ്പ് വരുത്തേണ്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.