നായ്ക്കളുടെയല്ല മനുഷ്യരുടെ ജീവനാണു വലുത്: ജസ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍
നായ്ക്കളുടെയല്ല മനുഷ്യരുടെ ജീവനാണു വലുത്: ജസ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍
Sunday, October 11, 2015 12:41 AM IST
കൊച്ചി: ഭൂമിയില്‍ മനുഷ്യ ജീവനാണ് ഏറ്റവും വലുതെന്നും തെരുവു നായ്ക്കളുടേതല്ലെന്നും ജസ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. സ്വയരക്ഷയ്ക്കായി മനുഷ്യനെപ്പോലും കെല്ലാമെന്ന നിയമമുള്ളപ്പോള്‍ ആക്രമിക്കാന്‍ വരുന്ന തെരുവ്നായയെ കൊല്ലരുതെന്നു പറയുന്നത് എന്തര്‍ഥത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, കാരിക്കാമുറി റസിഡന്റ്സ് അസോസിയേഷന്‍, ഹ്യുമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരുവുനായയും സാമൂഹ്യപ്രശ്നങ്ങളും എന്ന ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനേക്കാള്‍ സ്വാതന്ത്യ്രം തെരുവുനായ്ക്കള്‍ക്കു കൊടുക്കുന്ന സ്ഥിതിവിശേഷമാണിവിടെ. തെരുവുനായ്ക്കള്‍ക്കു വളരാന്‍ അവസരമൊരുക്കുന്നതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവരുടെ പ്രഥമജോലി മാലിന്യനിര്‍മാര്‍ജനമാണ്. അതു കൃത്യമായി നിറവേറ്റിയാല്‍ തന്നെ തെരുവുനായ്ക്കളുടെ ശല്യം കുറയും. കേരളത്തിലെ സര്‍ക്കാര്‍ അതിഥിമന്ദിരങ്ങള്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. തെരുവുനായ്ക്കള്‍ക്കു ഷെല്‍ട്ടര്‍ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേരളത്തിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആമുഖ പ്രഭാഷണം നടത്തിക്കൊണ്ടു കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു. നായ്ക്കള്‍ക്കു ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും എല്ലാ മൃഗാശുപത്രികളിലും വാക്സിന്‍ ലഭ്യമാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.പ്രമുദദേവി അഭിപ്രായപ്പെട്ടു. മൃഗസംരക്ഷണം അനിവാര്യമാണെന്നും നായ്ക്കളെ കൊല്ലാന്‍ അനുവദിക്കില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മൃഗക്ഷേമ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രനും പറഞ്ഞു.

അഡ്വ.എം.ആര്‍. രാജേന്ദ്രന്‍ നായര്‍, ജോസ് മാവേലി, എഡ്രാക്ക് സെക്രട്ടറി എം.ടി. വര്‍ഗീസ്, അഡ്വ.ഡി.ബി. ബിനു, ജസ്റ്റീസ് കെ. സുകുമാരന്‍, കാഴ്ച വൈകല്യമുള്ളവര്‍ക്ക് വേണ്ടിയുള്ള പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ഗിരീഷ് കീര്‍ത്തി, സി. ഡി. അനില്‍കുമാര്‍, ഫാ.റോബി കണ്ണന്‍ചിറ, വി.പി. തോമസ്, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞ ആശയങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു നല്‍കാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.