അങ്കത്തട്ട്
അങ്കത്തട്ട്
Sunday, October 11, 2015 12:29 AM IST
കോട്ട കാക്കാന്‍ കോട്ടയത്ത് യുഡിഎഫ് കച്ചമുറുക്കി

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രിസഭയിലെ പല പ്രമുഖരുടെയും സ്വന്തം ജില്ലയായ കോട്ടയം എക്കാലവും യുഡിഎഫിന്റെ കോട്ടയാണ്. ഉറച്ച കോട്ടയായ കോട്ടയം കൈവിടാതിരിക്കാന്‍ യുഡിഎഫ് കച്ചകെട്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. കോട്ടയത്തെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാനുള്ള തന്ത്രങ്ങളുമായി എല്‍ഡിഎഫും കളത്തിലിറങ്ങി. ബിജെപിയാകട്ടെ കൂടുതല്‍ സീറ്റ് പിടിക്കാനുള്ള ശ്രമത്തിലുമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് തരംഗമായിരുന്നു. ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളില്‍ 19ഉം യുഡിഎഫ് പിടിച്ചപ്പോള്‍ എല്‍ഡിഎഫ് നാല് സീറ്റില്‍ ഒതുങ്ങി. 11 ബ്ളോക്ക് പഞ്ചായത്തുകളില്‍ 10ലും യുഡിഎഫ് ഭരണം പിടിച്ചപ്പോള്‍ വൈക്കം ബ്ളോക്ക് പഞ്ചായത്ത് മാത്രം എല്‍ഡിഎഫിനൊപ്പം നിന്നു. പല ബ്ളോക്കിലും പ്രതിപക്ഷം പോലുമില്ലായിരുന്നു. കോട്ടയം, പാലാ, വൈക്കം, ചങ്ങനാശേരി നഗരസഭകളും യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍, സ്വതന്ത്രനെ കൂട്ടുപിടിച്ച് അവസാന 10 മാസം ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു. 73 പഞ്ചായത്തുകളില്‍ 57ഉം യുഡിഎഫ് നേടി. 13 പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിനു സ്വന്തമാക്കാന്‍ കഴിഞ്ഞത്. യുഡിഎഫിനു ഭരണം കിട്ടിയ കോരുത്തോട് പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ വിജയിക്കാത്തതിനാല്‍ ബിഎസ്പി അംഗമാണ് പ്രസിഡന്റായത്. പനച്ചിക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ വിമത പ്രസിഡന്റായപ്പോള്‍ വാഴൂരില്‍ സ്വതന്ത്രന്‍ യുഡിഎഫ് പിന്തുണയില്‍ പ്രസിഡന്റായി. കുറവിലങ്ങാട്, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്.

കഴിഞ്ഞ തവണ ജില്ലയില്‍ 43 പഞ്ചായത്ത് അംഗങ്ങളെ ബിജെപിക്ക് ജയിപ്പിക്കാനായി. ചിറക്കടവ്, പള്ളിക്കത്തോട്, പനച്ചിക്കാട് പഞ്ചായത്തുകളില്‍ ബിജെപി മികച്ചപ്രകടനം കാഴ്ചവച്ചു. കോട്ടയം നഗരസഭയില്‍ നാല് അംഗങ്ങളുമുണ്ട്.

കഴിഞ്ഞ തവണ രാമപുരം, മേലുകാവ്, തിടനാട്, കരൂര്‍, മീനടം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും തമ്മില്‍ സൌഹൃദ മത്സരവും നടന്നിരുന്നു.

ജില്ലാ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇത്തവണയും യുഡിഎഫ്. കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകളില്‍ കോണ്‍ഗ്രസും മാണി ഗ്രൂപ്പും മത്സരിക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. നഗരസഭകളില്‍ നിലവിലെ ഭരണം നിലനിര്‍ത്താനും ചങ്ങനാശേരി പിടിച്ചെടുക്കാനും പുതുതായി രൂപംകൊണ്ട ഏറ്റുമാനൂരിലും ഈരാറ്റുപേട്ടയിലും ഭരണത്തിലേറാമെന്നുമുള്ള വിശ്വാസത്തിലാണ് യുഡിഎഫ്. ബ്ളോക്ക് പഞ്ചായത്തുകളില്‍ ഇത്തവണ സമ്പൂര്‍ണ ആധിപത്യമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞതവണ കൈവിട്ടുപോയ വൈക്കം പിടിക്കാനുളള തീവ്രയജ്ഞത്തിലാണ് അവര്‍. പഞ്ചായത്തുകളിലും സമ്പൂര്‍ണ അധിപത്യം ലക്ഷ്യമിടുന്നുണ്െടങ്കിലും ചില പഞ്ചായത്തുകള്‍ യുഡിഎഫിനു പ്രതീക്ഷയില്ല. കഴിഞ്ഞ തവണത്തെ സൌഹൃദമത്സരം ഇത്തവണ വേണ്െടന്നും ഒറ്റക്കെട്ടായി മത്സരിക്കാനുമാണ് യുഡിഎഫ് ജില്ലാ നേതൃയോഗത്തിലെ തീരുമാനം.

അഭിമാനപോരാട്ടമായ എല്‍ഡിഎഫ് മുമ്പ് ഭരണം പിടിച്ചതുപോലെ ഇത്തവണ ജില്ലാ പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ഇതിനായി കേരള കോണ്‍ഗ്രസ് സെക്കുലറുമായി ധാരണയുണ്ടാക്കുന്നുണ്ട്. കൂടാതെ യുഡിഎഫിലെ അതൃപ്തരെയും പൊതുസ്വതന്ത്രരെയും രംഗത്തിറക്കുന്നുണ്ട്. ബ്ളോക്ക് പഞ്ചായത്തില്‍ വൈ ക്കം നിലനിര്‍ത്തുന്നതോടൊപ്പം പള്ളം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ബ്ളോക്ക് പഞ്ചയായത്തുകളില്‍ ഭരണം പ്രതീക്ഷിക്കുന്നു. നഗരസഭകളില്‍ നിലവില്‍ ഭരിക്കുന്ന ചങ്ങനാശേരി നിലനിര്‍ത്തുന്നതിനു പുറമേ മുമ്പ് ഭരിച്ചിരുന്ന വൈക്കവും കോട്ടയവും തിരിച്ചുപിടിക്കാനും ഏറ്റുമാനൂരില്‍ ഭരണത്തിലേറാനുമുള്ള ശ്രമത്തിലാണ്.

കഴിഞ്ഞതവണ ഭരി ച്ച 13 പഞ്ചായത്തുകള്‍ക്കു പുറമേ 15പഞ്ചായ ത്തുകളില്‍ കൂടി എല്‍ഡിഎഫ് ഭരണം പ്രതീ ക്ഷിക്കുന്നുണ്ട്. പൂ ഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ സെക്കു ലര്‍ പാര്‍ട്ടിയുമായും ധാ രണയില്‍ മത്സരിക്കാ നാണ് എല്‍ഡിഎഫി ന്റെ തീരുമാനം. പൂ ഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് എ ല്‍ഡിഎഫിന്റെ പ്രതീ ക്ഷ.

ബിജെപിയാകട്ടെ ജില്ലാ പഞ്ചായത്തില്‍ അക്കൌണ്ട് തുറക്കാനു ള്ള ശ്രമത്തിലാണ്. ബിജെപിക്കു സ്വാധീനമു ള്ള ഡിവിഷനുകളില്‍ കേന്ദ്രീകരിച്ചാണു പ്രവ ര്‍ത്തനം. ചിറക്കടവ്, പള്ളിക്കത്തോട്, പനച്ചിക്കാട്, വാഴൂര്‍ എന്നിവി ടങ്ങളില്‍ ഭരണം ബിജെപി പ്രതീക്ഷിക്കുന്നു ണ്ട്. എസ്എന്‍ഡിപിക്കു സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവരുമായി ചര്‍ച്ച നടത്തിയാണ് ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. എസ്എന്‍ഡിപി-ബിജെപി സംഖ്യം ചില പഞ്ചായത്തുകളില്‍ ഇരു മുന്നണികള്‍ക്കും തലവേദനയാകും.


കോട്ടയം 2010ല്‍

ജില്ലാ പഞ്ചായത്ത് (23)

യുഡിഎഫ്-19
എല്‍ഡിഎഫ്-4
മുനിസിപ്പാലിറ്റി (4)
യുഡിഎഫ്-3
എല്‍ഡിഎഫ്-1

(ചങ്ങനാശേരി, അവസാന 10 മാസം)

ബ്ളോക്ക് പഞ്ചായത്ത് (11)

യുഡിഎഫ്-10
എല്‍ഡിഎഫ്-1
പഞ്ചായത്ത് (73)
യുഡിഎഫ്-57
എല്‍ഡിഎഫ്-13
മറ്റുള്ളവര്‍-3

ഇത്തവണ

ജില്ലാ പഞ്ചായത്ത് 22 ഡിവിഷനായി കുറഞ്ഞു
ഈരാറ്റുപേട്ടയും ഏറ്റുമാനൂരും നഗരസഭകളായി ഇതോടെ നഗരസഭകളുടെ എണ്ണം ആറായി
പഞ്ചായത്തുകളുടെ എണ്ണം 71 ആയി കുറഞ്ഞു


എറണാകുളത്തു വികസനത്തിന്റെ തീയും പുകയും

സ്വന്തം ലേഖകന്‍

കൊച്ചി: പരമ്പരാഗതമായി ജനാധിപത്യ പാര്‍ട്ടികള്‍ക്കു വേരോട്ടമുള്ള എറണാകുളത്തെ മത്സര ത്തില്‍ ഇക്കുറിയും തീയും പുകയും ഏറും. വ്യവസായതലസ്ഥാന ജില്ലയിലെ മത്സരം എ ന്നും വാര്‍ത്തയുടെ തലക്കെട്ടുകള്‍ നേടാറുണ്ട്.

കൊച്ചി നഗരത്തിലും ഗ്രാമാന്തരങ്ങളിലും മുനിസിപ്പല്‍ പ്രദേശങ്ങളിലും ഒന്നുപോലെ ജനാധിപത്യകക്ഷികളുടെ ആധിപത്യം പ്രകടം. കൊച്ചി കോര്‍പറേഷനില്‍ ഇടതുപക്ഷത്തിന്റെ നീണ്ട കാലത്തെ ആധിപത്യത്തിന് അന്ത്യംകുറിക്കാന്‍ കഴിഞ്ഞുവെന്നതു യുഡിഎഫിനു കഴിഞ്ഞ തവണത്തെ വിജയത്തെ കൂടുതല്‍ മധുരതരമാക്കി.

മേല്‍ക്കോയ്മ നിലനിര്‍ത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടമാണു മുറുകുന്നത്. ക ണ്ടു പഴകിയ മുഖങ്ങള്‍ ഒഴിവാക്കി, കൂടുതല്‍ ജനകീയരെ നിരത്തി...അങ്ങനെ പോ കുന്നു ഒരുക്കങ്ങള്‍. ബിജെപി മുന്നണിയാകട്ടെ കൂടുതല്‍ ഇടം കിട്ടുമെന്ന പ്രത്യാശയിലാണ്. വിവിധ തദ്ദേശ സമിതികളിലായി 24 പേരെയാണ് 2010ല്‍ ബിജെപി വിജയിപ്പിച്ചത്.

കൊച്ചി കോര്‍പറേഷനില്‍ മൂന്നു പതിറ്റാണ്ടു നീണ്ട ഏകച്ഛത്രാധിപത്യത്തിന് അന്ത്യംകുറിച്ച് 2010ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ നഗരസഭ പിടിയിലാക്കിയതു മുതല്‍ യുഡിഎഫ് താഴെ തലം വരെ വ്യക്തമായ ആധിപത്യം നേടി. കൂറുമാറ്റവും മറ്റും മൂലം പല പഞ്ചായത്തുകളും അങ്കമാലി മുനിസിപ്പാലിറ്റിയും എല്‍ഡിഎഫിലേക്കു പോയെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി തികയ്ക്കുന്ന സമയത്ത് ജില്ല യിലെ 84 പഞ്ചായത്തുകളി ല്‍ 72 എണ്ണവും യുഡിഎഫിന്റെ മേല്‍ക്കൈയില്‍ ആയിരുന്നു. 26 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 22 എണ്ണ വും, 11 മുനിസിപ്പാലിറ്റിക ളില്‍ ഒന്‍പതും 14 ബ്ളോക്ക് പഞ്ചായത്തുകളില്‍ 13 എ ണ്ണവും യുഡിഎഫിന്റെ കൈയിലായിരുന്നു.

2010നെ അപേക്ഷിച്ച് മുനിസിപ്പാലിറ്റികളുടെ എണ്ണം 11ല്‍നിന്ന് 13 ആയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളു ടെ എണ്ണം 26ല്‍നിന്ന് 27 ആ യും വര്‍ധിച്ചിട്ടുണ്ട്. കോടനാ ട് ആണു പുതിയ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. ഗ്രാ മപഞ്ചായത്തുകളാവട്ടെ 84ല്‍നിന്ന് 82 ആയി കുറ ഞ്ഞു. യുഡിഎഫ് ഭരണത്തിലുള്ള കൂത്താട്ടുകുളം, പിറവം പഞ്ചായത്തുകള്‍ ഇക്കുറി സ്ഥാനക്കയറ്റം കിട്ടി മുനിസിപ്പാലിറ്റികളായിട്ടാണു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

2011ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ കണക്കുകളും 2014ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ കണക്കുകളും പരിശോധിക്കുമ്പോഴും യുഡിഎഫിന്റെ മേല്‍ക്കൈ കാണാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 14 മണ്ഡലങ്ങളില്‍ മൂന്നിടത്തു മാത്രമാണ് എല്‍ഡിഎഫിനു ജയിച്ചു കയറാന്‍ സാധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ഘടനയിലും ഇതുതന്നെ കാണാം. എറണാകുളം, ചാലക്കുടി, കോട്ടയം, ഇടുക്കി എന്നിങ്ങനെ നാലു പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണു ജില്ല. എറണാകുളം, ചാലക്കുടി പാര്‍ലമെന്റ് മണ്ഡലങ്ങളിലാണു കൂടുതല്‍ സ്ഥലങ്ങളും ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ബഹുഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് പിറകില്‍ പോയി.


ഇടവേളയ്ക്കുശേഷം വീണ്ടും കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ഇക്കുറി വനിത എത്തും. ജില്ല പഞ്ചായത്ത് അധ്യക്ഷസ്ഥാനവും വനിതയ്ക്കു തന്നെ. 13 മുനിസിപ്പാലിറ്റികളില്‍ 10 എണ്ണവും, 82 പഞ്ചായത്തുകളില്‍ 40 എണ്ണവും 14 ബ്ളോക്ക് പഞ്ചായത്തുകളില്‍ ഏഴും സ്ത്രീഭരണത്തിലാകും. 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 14 എണ്ണം സ്ത്രീസംവരണം ആണ്.

പതിവുപോലെ റിബലുകളുടെ സാന്നി ധ്യത്തെ ഐക്യമുന്നണി ഭയക്കുന്നു. എന്നാല്‍, ഇടതുമുന്നണി നേരിടുന്ന പ്രധാന പ്രശ്നം സിപിഎമ്മിലെ വിഭാഗീയതയുടെ മാറാത്ത ആഘാതമാകും. പി. രജീവിനെപ്പോലെ പുത്തന്‍ കാലത്തിന്റെ വക്താവായ ജില്ലാ സെക്രട്ടറിക്ക് ഈ പ്രശ്നങ്ങളെ എത്രത്തോളം തരണം ചെയ്യാനാകുമെന്നും അറിയേണ്ടിരിക്കുന്നു.

കൊച്ചി മെട്രോ പോലെ തങ്ങള്‍ തുറന്നിട്ട വികസനപ്രവര്‍ത്തനങ്ങളുടെ ജാലകം ചൂണ്ടിക്കാട്ടി ഐക്യമുന്നണി അങ്കത്തട്ടിലിറങ്ങുമ്പോള്‍ ജൈവകൃഷിയും പാലിയേറ്റീവ് കെയറും അടക്കം മാറുന്ന കാലത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ശ്രമങ്ങളെ ഇടതുമുന്നണിയും ആയുധമാക്കും. എന്നാല്‍, കാര്‍ഷിക വ്യവസായ മേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ അടക്കം ഒട്ടേറെ ജനകീയ പ്രശ്നങ്ങള്‍ കാലങ്ങളായി ജില്ലയെ മഥിക്കുന്നു. കിഴക്കമ്പലത്തെ ട്വന്റി 20 പോലുള്ള കൂട്ടായ്മകള്‍ക്കു കീഴില്‍ അണിനിരക്കുന്ന ജനങ്ങള്‍ എല്ലാ മുന്നണികളെയും ഒരുപോലെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.

ബിജെപിയാകട്ടെ 2010ല്‍ പല ഇടങ്ങളിലായി 15 പഞ്ചായത്ത് അംഗങ്ങളെയും ഏഴ് മുനിസിപ്പാലിറ്റി അംഗങ്ങളെയും രണ്ടു കോര്‍പറേഷന്‍ കൌണ്‍സിലര്‍മാരെയും വിജയിപ്പിച്ചു. ഒറ്റയ്ക്കു നിന്ന തങ്ങള്‍ക്ക് ഇതാകുമെങ്കില്‍ എന്‍ഡിഎ മുന്നണിയായതും കൂടുതല്‍ കക്ഷികള്‍ എത്തിയതും എസ്എന്‍ഡിപിയുടെ പിന്തുണയും ഒക്കെ നില കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നു കരുതുന്നു. എന്നാല്‍, എസ്എന്‍ഡിപിയുടെ കടന്നുവരവ് ഉണ്ടാക്കുന്ന അദൃശ്യമായ പല അടിയൊഴുക്കുകളും തങ്ങളെ പ്രശ്നങ്ങളിലേക്കു കൊണ്ടുപോകുമെന്ന് ആശങ്കപ്പെടുന്നവരും ആ ക്യാമ്പിലുണ്ട്.


എറണാകുളം 2010ല്‍

കൊച്ചി കോര്‍പറേഷന്‍ (74)

യുഡിഎഫ് 48
എല്‍ഡിഎഫ് 24
ബിജെപി രണ്ട്

ജില്ലാ പഞ്ചായത്ത് (26)

യുഡിഎഫ് 23
എല്‍ഡിഎഫ് മൂന്ന്

ബ്ളോക്ക് പഞ്ചായത്ത് (14)

യുഡിഎഫ് 13
എല്‍ഡിഎഫ് ഒന്ന്
ആലങ്ങാട്, അങ്കമാലി, കൂവപ്പടി, വാഴക്കുളം, ഇടപ്പള്ളി, വൈപ്പിന്‍, പള്ളുരുത്തി, മുളന്തുരുത്തി, വടവുകോട്, കോതമംഗലം, പാമ്പാക്കുട, പാറക്കടവ്, മൂവാറ്റുപുഴ(യുഡിഎഫ്). പറവൂര്‍ (എല്‍ഡിഎഫ്).

നഗരസഭ (11)

പറവൂര്‍, പെരുമ്പാവൂര്‍, തൂപ്പുണിത്തുറ, ആലുവ, തൃക്കാക്കര, കോതമംഗലം, കളമശേരി, ഏലൂര്‍, മരട് (യുഡിഎഫ്). മൂവാറ്റുപുഴ, അങ്കമാലി (എല്‍ഡിഎഫ്).

ഗ്രാമപഞ്ചായത്ത് (84)

യുഡിഎഫ് 72
എല്‍ഡിഎഫ് 12


പാലക്കാട് ആര്‍ക്കൊപ്പം?

സി. അനില്‍കുമാര്‍

പാലക്കാട്: വിട്ടുകൊടുക്കാതിരിക്കാന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും പോരാട്ടം കനപ്പിക്കാന്‍ ബിജെ പിയും എത്തുന്നതോടെ കരിമ്പനയുടെ നാട്ടില്‍ തെരഞ്ഞെടുപ്പിന്റെ കാറ്റ് കൊടുങ്കാറ്റാകും. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ഇടതുകോട്ടകള്‍ തകര്‍ന്നപ്പോള്‍ മുഖം രക്ഷിച്ചതു പാ ലക്കാട്ടെ വിജയങ്ങളായിരുന്നു. ഇത്ത വണയും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ട രക്ഷിക്കുമെന്നുതന്നെയാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, യുഡിഎഫ് നില മെച്ചപ്പെടുത്തിയ തെ രഞ്ഞെടുപ്പുകൂടിയായിരുന്നു 2010ലേത്. അതിനാല്‍ ഒന്നുകൂടി മുറുകെപ്പിടിച്ച് സീ റ്റുകള്‍ തങ്ങളുടെ വരുതിയിലാക്കാനാണ് യുഡിഎഫിന്റെ കൊണ്ടുപിടിച്ച ശ്രമം.

പാലക്കാട് ജില്ലയിലെ 91 പഞ്ചായത്തുകളില്‍ 47ല്‍ വിജയം നേടിയ എല്‍ഡിഎഫ്, നാലു നഗരസഭകളില്‍ രണ്ടും സ്വന്തമാക്കിയിരുന്നു. 13 ബ്ളോക്ക് പഞ്ചായത്തുകളിലെ എട്ടും ജില്ലാ പഞ്ചായത്ത് ഡിവി ഷനുകളിലെ 29ല്‍ 19ഉം വരുതിയിലാക്കി യാണു ജില്ല ഭരിച്ചത്. ഇതേസമയം, യുഡിഎഫ് പഞ്ചായത്തുകളില്‍ 37ഉം നഗരസഭ കളില്‍ രണ്ടും ബ്ളോക്ക് പഞ്ചായത്തുക ളില്‍ അഞ്ചും ജില്ലാ പഞ്ചായത്ത് ഡിവി ഷനുകളില്‍ 11ഉം നേടി കരുത്തുകാട്ടി. ഏഴിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. പിന്നീടുണ്ടായ രാഷ്ട്രീയമാറ്റത്തില്‍ മൂന്നു പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പമായി.

2005ലും ചരിത്രം എല്‍ഡിഎഫിനൊപ്പമായിരുന്നു. ജില്ലാ പഞ്ചായത്തില്‍ 29ല്‍ 28 ഡിവിഷനുകളും നേടി. പഞ്ചായത്തുകളില്‍ 67 നേടിയപ്പോള്‍ യുഡിഎഫിനു ലഭിച്ചത് 18 മാത്രം. ആറു പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടായില്ല. ഇന്ദിരാ കോണ്‍ഗ്രസിന്റെ നിലപാടുകളാണ് അന്ന് ഇടതുമുന്നണിക്കു തുണയായത്. 35 സീറ്റുകളാണ് ഇവര്‍ നേടിയിരുന്നത്.

എല്‍ഡിഎഫ് - യുഡിഎഫ് പോരാട്ടമാണ് പ്രധാനമെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം ഇത്തവണ ഏറെ പ്രതീക്ഷ വയ്ക്കുന്ന ജില്ലയാണു പാലക്കാട്. 2010ല്‍ 20-ലേറെ പഞ്ചായത്തുകളില്‍ സാന്നിധ്യം തെളിയിച്ച പാര്‍ട്ടി 44 സീറ്റ് നേടിയിരുന്നു. പാലക്കാട് നഗരസഭയില്‍ 15 സീറ്റ് നേടി മുഖ്യ പ്രതിപക്ഷമായും നിലകൊള്ളുന്നു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭകളിലും മൂന്നു വീതം സീറ്റുനേടി. 2005 ല്‍ 19 പഞ്ചായത്തുകളിലായി 27 സീറ്റാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പാലക്കാട് നഗരസഭയില്‍ മാത്രം അന്ന് എട്ടു സീറ്റ് നേടി.

കാലങ്ങളായി നിലകൊള്ളുന്ന വിഭാഗീയതതന്നെയാണ് സിപിഎമ്മിനെ വലയ്ക്കുന്നത്. വിമതരുടെ കരുത്ത് അത്രമേലുണ്ടു പാലക്കാട്ട്. സിപിഎമ്മിന്റെ എക്കാലത്തെയും കുത്തകയായിരുന്ന കണ്ണാടി പഞ്ചായത്ത് കൈവിട്ടതു വലിയ തിരിച്ചടിയാകും. ഷൊര്‍ണൂരില്‍ എം.ആര്‍. മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയവികസന സമിതി പാര്‍ട്ടിക്കു വലിയ തിരിച്ചടി നല്‍കിയിരുന്നു. ഒറ്റപ്പാലത്തും വിമതശക്തിയില്‍ പാര്‍ട്ടി വീണിരുന്നു. എന്നാല്‍, കാലാവധി അവസാനിക്കുമ്പോള്‍ ഭരണം രണ്ടിടത്തും ഇടതിനാണ്. ഇതേസമയം, എം.ആര്‍. മുരളി സിപിഎമ്മിലേക്ക് മടങ്ങിയെത്തിയതും മേഖലയില്‍ സിപിഎമ്മിന് ആശ്വാസകരമാകും. കുഴല്‍മന്ദം, പുതുശേരി, മുണ്ടൂര്‍, കഞ്ചിക്കോട് ഏരിയാ കമ്മിറ്റികളില്‍നിന്നും ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും പുറത്താക്കപ്പെട്ട നേതാക്കള്‍ പലരും തിരിച്ചെത്തിയതും ഗുണംചെയ്യും. മുണ്ടൂരില്‍ ഗോകുല്‍ദാസ് വിഷയം സംസ്ഥാന നേതൃത്വം ഇടപെട്ടു പരിഹരിച്ചതും ഇത്തവണ സിപിഎമ്മിനു കരുത്തുകൂട്ടും.

ജനതാദള്‍-യു യുഡിഎഫിലെത്തിയതു ചിറ്റൂര്‍ മേഖലയിലുള്‍പ്പെടെ യുഡിഎഫിന് അനുകൂലമാണ്. എസ്എന്‍ഡിപിക്കു പൊതുവില്‍ വേരോട്ടമുള്ള ജില്ലയാണ് പാലക്കാട്. നേതൃനിരയില്‍ ചെറിയ പങ്ക് മറ്റു പാര്‍ട്ടികളുടെ നേതാക്കളാണെങ്കിലും യോഗം പ്രവര്‍ത്തകരുടെ നിലപാട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്‍ ബിജെപിയും ഇതിലാണു പ്രതീക്ഷയര്‍പ്പിക്കുന്നത്.

പാലക്കാട് നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ശ്രദ്ധേയമാകും. ഭരണകക്ഷിയിലെ ഗ്രൂപ്പുപോരുകള്‍കൊണ്ടാണ് നഗരസഭാ കൌണ്‍സില്‍ എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നത്. യുഡിഎഫ് ഭരണസമിതിയുടെ അധ്യക്ഷസ്ഥാനം എ, ഐ ഗ്രൂപ്പുകള്‍ രണ്ടര വര്‍ഷം വീതം പങ്കിടാമെന്നായിരുന്നു ധാരണ. ഇതില്‍ ആദ്യപകുതി കഴിഞ്ഞിട്ടും പദവി കൈമാറാന്‍ എ ഗ്രൂപ്പിലെ നേതാവ് തയാറാവാതിരുന്നതു ഭിന്നതകള്‍ പതിവാക്കി. നാലു വര്‍ഷം തികയാന്‍ രണ്ടുമാസം ബാക്കിനില്‍ക്കെയാണ് നേതാവ് ഒഴിഞ്ഞത്. ബിജെപിയുടെ ശക്തമായ പ്രതിഷേധം കൌണ്‍സിലില്‍ പതിവായിരുന്നു.

ഏതായാലും 88 പഞ്ചായത്തുകളിലായുള്ള 1490 വാര്‍ഡുകളിലേക്കും 13 ബ്ളോക്ക് പഞ്ചായത്തുകളിലെ 183 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ഏഴ് നഗരസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ് ഇത്തവണ ശക്തമായ പോരാട്ടംകൊണ്ട് കരിമ്പനക്കാറ്റിനെയും വെല്ലുമെന്നുറപ്പാണ്.


പാലക്കാട് 2010ല്‍

ജില്ലാ പഞ്ചായത്ത്

ആകെ ഡിവിഷന്‍-29
എല്‍ഡിഎഫ്-18
യുഡിഎഫ്-11
ഇത്തവണ ഒരു ഡിവിഷന്‍ കൂടി എണ്ണം 30 ആയിട്ടുണ്ട്. പറളിയാണു പുതിയ ഡിവിഷന്‍.

നഗരസഭകള്‍ (നാല്)

എല്‍ഡിഎഫ്-രണ്ട്
യുഡിഎഫ്-രണ്ട്
ഇത്തവണ ഏഴു നഗരസഭകള്‍. പുതിയതായി മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശേരി

ബ്ളോക്ക് പഞ്ചായത്ത്

ആകെ ഡിവിഷന്‍-13
എല്‍ഡിഎഫ്-എട്ട്
യുഡിഎഫ്-അഞ്ച്

ഗ്രാമപഞ്ചായത്ത് (91)

എല്‍ഡിഎഫ്-47
യുഡിഎഫ്-37

ഇത്തവണ മൂന്നു പഞ്ചായത്തുകള്‍ കുറഞ്ഞു. എണ്ണം 88 ആയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.