വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്
വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്
Sunday, October 11, 2015 12:08 AM IST
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കലശില്‍പ്പവും അടങ്ങുന്നതാണു പുരസ്കാരം. കഴിഞ്ഞവര്‍ഷം വരെ അവാര്‍ഡ് തുക 25,000 രൂപയായിരുന്നു.

പ്രഫ. തോമസ് മാത്യു, പ്രഫ. ഓമനക്കുട്ടന്‍, ഡോ. ജി.വി. അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണു പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. 27നു വൈകുന്നേരം 5.30നു തിരുവനന്തപുരം എകെജി സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ് പ്രസിഡന്റ് പ്രഫ. എം.കെ. സാനു സുഭാഷ് ചന്ദ്രന് പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ പതിറ്റാണ്ടിനിടയ്ക്കു മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് മനുഷ്യന് ഒരു ആമുഖമെന്ന് ജൂറി വിലയിരുത്തി. 128 കൃതികളില്‍നിന്നാണ് മനുഷ്യന് ഒരു ആമുഖംതെരഞ്ഞെടുത്തത്.


ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നു മലയാളം ഐച്ഛിക വിഷയമായെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങി പത്താം ക്ളാസ് പാസാകുന്ന വിദ്യാര്‍ഥിക്കു നല്‍കുന്ന സ്കോളര്‍ഷിപ്പിന് അമലാ മേരി തോമസ് അര്‍ഹയായി. 5,000 രൂപയാണു സ്കോളര്‍ഷിപ്പ് തുക.
27നു നടക്കുന്ന ചടങ്ങില്‍ സ്കോളര്‍ഷിപ്പ് സമ്മാനിക്കും. ട്രസ്റ് പ്രസിഡന്റ് പ്രഫ എം.കെ. സാനു, സെക്രട്ടറി സി.വി. ത്രിവിക്രമന്‍, ജൂറി അംഗങ്ങള്‍, സി. ഗൌരീദാസന്‍ നായര്‍, ബി. സതീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.