കാന്തപുരത്തിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന
Saturday, October 10, 2015 1:47 AM IST
കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ ബഹുജന സംഘടനയുടെ പ്രഖ്യാപനം ഇന്നു നടക്കും. കേരള മുസ്ലിം ജമാഅത്ത് എന്ന പേരിലാണു സംഘടന. ഇന്നു വൈകുന്നേരം മൂന്നിനു മലപ്പുറം ടൌണ്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപന പ്രഭാഷണം നടത്തും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമാന ചിന്താഗതികളുള്ള സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തി കൂട്ടായ്മ എന്ന നിലയിലാണു സംഘടന രൂപീകൃതമാകുന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നു സൂചനയുണ്െടങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സംഘടനയുടെ പിറവിയെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നുണ്ട്.

ഫെബ്രുവരിയില്‍ കോട്ടയ്ക്കലില്‍ നടന്ന എസ്വൈഎസ് 60-ാം വാര്‍ഷിക സമ്മേളനമാണു ബഹുജന സംഘടനയെന്ന ആശയവും നിര്‍ദേശവും മുന്നോട്ടുവച്ചത്. വിശ്വാസ വൈകല്യങ്ങള്‍, മാനുഷിക മൂല്യങ്ങളെ നിരാകരിക്കുന്ന പുതിയ പ്രവണതകള്‍, രാജ്യത്ത് അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന വര്‍ഗീയ ചേരിതിരിവുകള്‍, തീവ്രവാദം, ഭീകരത തുടങ്ങിയവ സമൂഹത്തില്‍ ഉളവാക്കുന്ന അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ പ്രദേശികതലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ദിശാബോധം നല്‍കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണു ബഹുജന സംഘടന രൂപം കൊള്ളുന്നതെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.


പ്രഖ്യാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍.അലി അബ്ദുള്ള, സി. മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിക്കും. സംഘടനയുടെ യൂണിറ്റ് മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളുടെ രൂപവത്കരണത്തിനു നേതൃത്വം നല്‍കാനുള്ള സ്റേറ്റ്, ജില്ലാ അഡ്ഹോക്ക് സമിതികളെ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. പ്രഖ്യാപന സമ്മേളനത്തിന് അനുബന്ധമായി സുന്നി സംഘടനകളുടെ സംയുക്ത നിര്‍വാഹക സമിതിയോഗവും മുസ്ലിം ജമാഅത്ത് രൂപവത്കരണ, എസ്വൈഎസ് പുനഃസംഘടനാ ശില്പശാലകളും രാവിലെ പത്തു മുതല്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.