മൂന്നാറില്‍ സമരം ആളിക്കത്തുന്നു; തൊഴിലാളികള്‍ പട്ടിണിയില്‍
മൂന്നാറില്‍ സമരം ആളിക്കത്തുന്നു; തൊഴിലാളികള്‍ പട്ടിണിയില്‍
Saturday, October 10, 2015 12:17 AM IST
മൂന്നാര്‍: മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരം 40-ാം ദിവസത്തോടടുക്കുമ്പോള്‍ തൊഴിലാളികള്‍ കടുത്ത പട്ടിണിയില്‍. പലര്‍ക്കും കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. സെപ്റ്റംബര്‍ നാലിനു ട്രേഡ് യൂണികള്‍ക്കെതിരേയുള്ള അഭിപ്രായഭിന്നതയില്‍നിന്നാണ് സമരം ഉടലെടുത്തത്.

സമരത്തിന്റെ ചിത്രം മുന്നോട്ടാണെങ്കില്‍ കഷ്ടിച്ചു പുകഞ്ഞുകഴിയുന്ന അടുപ്പുകള്‍കൂടി എസ്റേറ്റ് ലയങ്ങളില്‍ അധികം വൈകാതെ കെട്ടടങ്ങും. കഴിഞ്ഞ മാസം 12 ദിവസം പണിയെടുത്തെങ്കിലും ശമ്പളയിനയില്‍ കൈയില്‍ ഒന്നുമില്ലാത്ത നിലയിലായി തൊഴിലാളികള്‍. ലക്ഷ്മി എസ്റേറ്റിലെ ഏറ്റവും മികച്ച പ്ളക്കറായ രേവതിയുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് നിരാശയും വേദനയും.

ഒരുദിവസം ശരാശരി 250 മുതല്‍ 300 കിലോവരെ കൊളുന്ത് എടുത്തിരുന്ന തൊഴിലാളിയായിരുന്നു രേവതി. കഴിഞ്ഞ മാസം ഇവര്‍ക്ക് ലഭിച്ചത് 1300 രൂപ മാത്രമാണ്. കമ്പനി മൂന്നുമാസത്തില്‍ ഒരിക്കല്‍ നല്‍കുന്ന അരി തീര്‍ന്നു കഴിഞ്ഞു. കമ്പനിയില്‍നിന്നു മൂന്നു മാസത്തേക്ക് 74 കിലോ അരിയാണ് നല്‍കുന്നത്. ഈ വകയില്‍ ശമ്പളത്തില്‍നിന്ന് 780 രൂപയോളം പിടിക്കുന്നുണ്ട്. പി.എഫ്, ഇന്‍ഷ്വറന്‍സ് എന്നിവയില്‍ രണ്ടായിരത്തി അഞ്ഞൂറോളം രൂപ പിടിക്കുന്നുണ്ട്. വിറക്, കമ്പിളി എന്നിവ നല്‍കുന്നതിനായുള്ള തുക ഒഴിച്ച് ബാക്കിയാണ് ഇവര്‍ക്കു ശമ്പളമായി നല്കുന്നത്.

സ്കൂളില്‍ പോകുന്ന കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി 1500 രൂപയോളം കമ്പനിയില്‍നിന്ന് വായ്പയും എടുത്തിട്ടുണ്ട്. വായ്പ ത്തുകയുടെ ബാക്കി മാത്രമേ ശമ്പളമായി കിട്ടൂ. പലചരക്ക്, പച്ചക്കറി, ഗൃഹോപകരണങ്ങള്‍ എന്നിവ മാസപ്പറ്റില്‍ കടകളില്‍നിന്നു വാങ്ങുകയാണ്. എല്ലാ മാസവും കൃത്യമായി വീടുകളിലെത്തി കടക്കാര്‍ പണം കൈപ്പറ്റുകയുംചെയ്യും. ഒരു മാസം മുടങ്ങിയാല്‍ അടുത്ത മാസത്തേക്കുള്ള പല ചരക്കു സാധനങ്ങള്‍ വാങ്ങാനും കഴിയില്ല.


ഇപ്പോള്‍ കടംവാങ്ങുവാന്‍ നിര്‍വാഹമില്ലാത്ത നിലയിലേക്കെത്തിച്ചേര്‍ന്നിരിക്കുകയാണെന്നും കഴിഞ്ഞ മാസം ജോലിയില്ലാതായതോടെ കച്ചവടക്കാര്‍ സാധനങ്ങള്‍ നല്‍കാന്‍ വൈമനസ്യം കാട്ടിത്തുടങ്ങിയിട്ടുണ്െടന്നും തൊഴിലാളികള്‍ പറഞ്ഞു.

ചെങ്കോട്ടയിലും രാജപാളയത്തും പഠിക്കുന്ന കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് പണം നല്‍കാന്‍ കഴിയാത്ത സ്ഥിതിയുമാണുള്ളതെന്ന് ഇവര്‍ പറയുന്നു.

പള്ളിവാസല്‍ പായ്ക്കിംഗ് സെന്റര്‍ അടച്ചുപൂട്ടി

മൂന്നാര്‍: ഫാക്ടറി തൊഴിലാളി സമരത്തെത്തുടര്‍ന്നു പള്ളിവാസല്‍ പായ്ക്കിംഗ് സെന്റര്‍ പൂട്ടി. സമരംമൂലം ടാറ്റാ കമ്പനിക്ക് അപഖ്യാതി ഉണ്ടായതായും അനിശ്ചിതമായി സമരം തുടര്‍ന്നുകൊണ്ടുപോകുന്ന സാഹചര്യത്തിലുമാണു കമ്പനി പൂട്ടുന്നതെന്നു കാണിച്ച് ഫാക്ടറിക്കു മുന്നില്‍ നോട്ടീസ് പതിച്ചു.

കമ്പനി ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി നാലര കോടിയോളം രൂപ വിലവരുന്ന യന്ത്രങ്ങള്‍ കഴിഞ്ഞയാഴ്ച ഇറ്റലിയില്‍നിന്നു കൊണ്ടുവന്നെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ടാറ്റാ ടീ കമ്പനിയുടെ പ്രമുഖ ബ്രാന്‍ഡായ കണ്ണന്‍ ദേവന്‍ കമ്പനിയുടെ പല ഉത്പന്നങ്ങളും ഇവിടെനിന്നാണു പായ്ക്കുചെയ്യുന്നത്. ടാറ്റയുടെ ഇന്ത്യയിലെ മുന്‍നിരയിലുള്ള പായ്ക്കിംഗ് സെന്ററുകളില്‍ പ്രധാനപ്പെട്ടതാണ് പള്ളിവാസലിലേത്.

ഫാക്ടറി ആധുനികവത്കരിക്കുന്നിതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുകയും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മൂന്നാറിലെ ബോണസ് സമരം വിജയം കണ്ടതിനെത്തുടര്‍ന്നാണ് ഇവിടെയും സമരമാരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.