അശോകന്റെ ഹൃദയത്തുടിപ്പുമായി ആംബുലന്‍സ് പാഞ്ഞു
അശോകന്റെ ഹൃദയത്തുടിപ്പുമായി ആംബുലന്‍സ് പാഞ്ഞു
Friday, October 9, 2015 12:24 AM IST
സ്വന്തം ലേഖകര്‍

തൃശൂര്‍: ട്രാഫിക് സിനിമയെ ഓര്‍മിപ്പിച്ചുകൊണ്ടു വീണ്ടും ഒരു ഹൃദയയാത്ര. തൃശൂരില്‍നിന്നു നെടുമ്പാശേരി വിമാനത്താവളം വരെ. കഴിഞ്ഞദിവസം മസ്തിഷകമരണം സംഭവിച്ച ചെറുതുരുത്തി പൈങ്കുളം റോഡില്‍ മേച്ചേരിപ്പടി വീട്ടില്‍ പരേതനായ രാഘവന്റെയും സത്യഭാമയുടെയും മകനായ അശോകന്റെ(29) ഹൃദയമാണ് ഇന്നലെ ഉച്ചയ്ക്കു 12.12ഓടെ ആംബുലന്‍സില്‍ റോഡുമാര്‍ഗം തൃശൂരില്‍നിന്നു നെടുമ്പാശേരി വഴി ചെന്നൈയിലേക്കു കൊണ്ടുപോയത്. 58 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ആംബുലന്‍സെടുത്ത സമയം 41 മിനിറ്റ്!

രണ്ട് ആംബുലന്‍സുകളാണ് തൃശൂരില്‍നിന്നു നെടുമ്പാശേരിയിലേക്ക് അക്ഷരാര്‍ഥത്തില്‍ പറന്നത്. ഹൃദയവുമായി പോകുന്ന ആംബുലന്‍സിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ യാത്ര മുടങ്ങാതിരിക്കാനായിരുന്നു രണ്ടാമത്തെ ആംബുലന്‍സ്. ഡോക്ടര്‍മാരും ഒപ്പം കയറിയിരുന്നു.

അശോകന്റെ ഹൃദയത്തുടിപ്പുമായി പാഞ്ഞ ആംബുലന്‍സിനു വഴിയൊരുക്കാന്‍ തൃശൂര്‍ മുതല്‍ നെടുമ്പാശേരി വരെ എല്ലാ ക്രമീകരണങ്ങളും നേരത്തെതന്നെ സജ്ജമാക്കിയിരുന്നു. തിക്കും തിരക്കും ആ ഹൃദയയാത്രയ്ക്കു മുന്നില്‍ വഴിയൊഴിഞ്ഞുനിന്നു.

കനത്ത മഴയും മോശം കാലാവസ്ഥയും മൂലം എയര്‍ ആംബുലന്‍സിനു തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാഡമിയില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വന്നതോടെയാണു ഹൃദയവുമായുള്ള യാത്ര റോഡുമാര്‍ഗമാക്കാന്‍ അന്തിമമായി തീരുമാനിച്ചത്.

ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കാണു ഹൃദയം കൊണ്ടുപോയത്. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ കരള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലേക്കും കണ്ണുകള്‍ തൃശൂര്‍ ജൂബിലി മിഷനിലേക്കും കൊണ്ടുപോയി. വൃക്കകള്‍ എറണാകുളത്തെ ലേക്ഷോറിലേക്കു കൊണ്ടുപോകാനാണു തീരുമാനിച്ചിരുന്നതെങ്കിലും അശോകന്റെ വൃക്കകളില്‍ ആല്‍ബുമിന്റെ അളവ് ക്രമാതീതമായി കൂടുതലായതിനാല്‍ വൃക്കമാറ്റം സാധ്യമായില്ലെന്ന് ആദ്യം ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, പിന്നീടു വൃക്കകളെടുക്കാമെന്നു ഡോക്ടര്‍മാര്‍തന്നെ അറിയിച്ചു.


ചെന്നൈയില്‍നിന്നുള്ള ഡോ.സതീഷിന്റെ നേതൃത്വത്തില്‍ കാര്‍ഡിയാക് സര്‍ജന്‍ ഡോ. ശ്രീനാഥ്, അനസ്തറ്റിസ്റ് ഡോ. മുരളീകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഏഴംഗ ഡോക്ടര്‍ സംഘവും തൃശൂര്‍ ദയ ആശുപത്രിയിലെ ഡോ. അബ്ദുള്‍ അസീസ്, ഡോ. ബാലുമോഹന്‍, ഡോ. ഷാലിഖ് അടക്കമുള്ള ഏഴു ഡോക്ടര്‍മാരുമടക്കം ഡോക്ടര്‍മാരുടെ വന്‍നിര തന്നെ ദയ ആശുപത്രിയില്‍ അശോകന്റെ അവയവങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കി. രാവിലെ എട്ടേമുക്കാലോടെ ആരംഭിച്ച അവയവമാറ്റ ശസ്ത്രക്രിയ ഉച്ചയ്ക്കു 12.10 വരെ നീണ്ടു. ശസ്ത്രക്രിയ കഴിഞ്ഞു നിമിഷങ്ങള്‍ക്കകംതന്നെ ഹൃദയവുമായി ആംബുലന്‍സ് പുറപ്പെട്ടു.

തൃശൂരില്‍ നടത്തിയ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയായിരുന്നു ഇത്. പഞ്ചാബിലെ റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് അശോകന്റെ ഹൃദയം വച്ചുപിടിപ്പിച്ചത്. ചെറുതുരുത്തി അമൃത സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു അശോകന്‍. സെപ്റ്റംബര്‍ 27നു ചെറുതുരുത്തി പാലത്തിലുണ്ടായ ബൈക്ക് അപകടത്തിലാണ് അശോകനു സാരമായ പരിക്കേറ്റതും മസ്തിഷ്കമരണത്തിലെത്തിയതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.