തെക്കന്‍കാറ്റിന്റെ ആനുകൂല്യം ആര്‍ക്ക്?
തെക്കന്‍കാറ്റിന്റെ ആനുകൂല്യം ആര്‍ക്ക്?
Friday, October 9, 2015 12:38 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പു പോരാട്ടം പ്രവചനാതീതം. കേരള നിയമസഭ കഴിഞ്ഞാല്‍ ഏറ്റവും വലിയ ജനപ്രതിനിധി സഭയായ തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പു തന്നെയാണു രാഷ്ട്രീയ കേന്ദ്രങ്ങളെ ചൂടുപിടിപ്പിക്കുന്നത്. കാല്‍നൂറ്റാണ്ടിലേറെയായി കോര്‍പറേഷന്‍ ഭരണം കുത്തകയാക്കിവച്ചിരിക്കുന്ന എല്‍ഡിഎഫും ഭരണത്തിലെത്താന്‍ കൊതിക്കുന്ന യുഡിഎഫും തമ്മിലായിരുന്നു ഇതുവരെയുമുള്ള പോരാട്ടം. എന്നാല്‍ ഇക്കുറി ചിത്രം മാറുന്ന അവസ്ഥയാണ്.

സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുറപ്പിക്കാന്‍ തയാറെടുത്തുനില്‍ക്കുന്ന ബിജെപി ഇവിടെ ത്രികോണമത്സരത്തിനു വേദിയൊരുക്കുന്നു. പുതുതായി രൂപമെടുത്ത ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ടിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പു ഫലം കൂടിയാകും തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്.

കോര്‍പറേഷനു പുറമേ നാലു മുനിസിപ്പാലിറ്റികളും 26 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തും 11 ബ്ളോക്ക് പഞ്ചായത്തുകളും 73 ഗ്രാമപഞ്ചായത്തുകളുമാണു തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. 2010ല്‍ കോര്‍പറേഷന്‍ എല്‍ഡിഎഫിനൊപ്പവും ജില്ലാ പഞ്ചായത്ത് യുഡിഎഫിനൊപ്പവുമായിരുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 2005-ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു കോര്‍പറേഷനില്‍ ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളുള്ള കോര്‍പറേഷനില്‍ എല്‍ഡിഎഫിനു ലഭിച്ചത് 51 സീറ്റായിരുന്നു. യുഡിഎഫിനു 42-ഉം ബിജെപിക്ക് ആറും സീറ്റാണുണ്ടായിരുന്നത്. ഒരു സ്വതന്ത്രനും ജയിച്ചു.

നാലു മുനിസിപ്പാലിറ്റികളില്‍ ആറ്റിങ്ങല്‍ എല്‍ഡിഎഫിനൊപ്പവും വര്‍ക്കലയും നെയ്യാറ്റിന്‍കരയും യുഡിഎഫിനൊപ്പവും നിന്നു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്വതന്ത്രന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരിക്കുന്ന സ്ഥിതിയും ഉണ്ടായി. 26 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിനു 12-ഉം സോഷ്യലിസ്റ് ജനതയ്ക്കു (ഇപ്പോഴത്തെ ജനതാദള്‍-യു) രണ്ടും ഉള്‍പ്പെടെ യുഡിഎഫിനു 14 സീറ്റ് ലഭിച്ചു. 12 സീറ്റാണ് എല്‍ഡിഎഫിനു കിട്ടിയത്. ഇതില്‍ സിപിഎമ്മിനു 10-ഉം സിപിഐ, ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റും ലഭിച്ചു. രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ജില്ലാ പഞ്ചായത്തു ഭരണം യുഡിഎഫിനു ലഭിച്ചു.

11 ബ്ളോക്കു പഞ്ചായത്തുകളില്‍ ആറെണ്ണത്തില്‍ യുഡിഎഫും അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫുമാണു വിജയിച്ചത്.

73 ഗ്രാമപഞ്ചായത്തുകളില്‍ 39 എണ്ണത്തില്‍ യുഡിഎഫും 34 എണ്ണത്തില്‍ എല്‍ഡിഎഫുമായിരുന്നു ഭരണം. 1442 ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ 594 എണ്ണത്തില്‍ യുഡിഎഫും 553 എണ്ണത്തില്‍ എല്‍ഡിഎഫും ജയിച്ചപ്പോള്‍ 67 വാര്‍ഡുകളില്‍ ബിജെപിയും 84 വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയും സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി യുഡിഎഫും കാല്‍നൂറ്റാണ്ടിലേറെയായി കോര്‍പറേഷന്‍ ഭരണം കൈയാളിയതിന്റെ വികസന ചിത്രവുമായി എല്‍ഡിഎഫും അമിത് ഷായുടെ കേരള മോഡല്‍ പരീക്ഷണവുമായി ബിജെപിയും തെരഞ്ഞെടുപ്പു കളത്തിലിറങ്ങുമ്പോള്‍ തെക്കന്‍കാറ്റ് ആര്‍ക്കനുകൂലമായി വീശുമെന്നു കണ്ടുതന്നെ കാണണം.

25,90,470 വോട്ടര്‍മാരാണു തിരുവനന്തപുരം ജില്ലയിലുള്ളത്. ഇതില്‍ 1.79 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരാണ്.

തിരുവനന്തപുരം 2010ല്‍

തിരുവനന്തപുരം കോര്‍പറേഷന്‍
എല്‍ഡിഎഫ്

ജില്ലാ പഞ്ചായത്ത്

ആകെ ഡിവിഷന്‍: 26
യുഡിഎഫ് 14,
എല്‍ഡിഎഫ് 12

ബ്ളോക്ക് പഞ്ചായത്ത്(11)

യുഡിഎഫ്: 6
എല്‍ഡിഎഫ്: 5
മുനിസിപ്പാലിറ്റി (4)

യുഡിഎഫ്-2
എല്‍ഡിഎഫ്-2

ഗ്രാമപഞ്ചായത്ത്( 73)

എല്‍ഡിഎഫ്- 39
എല്‍ഡിഎഫ്- 34


പത്തനംതിട്ടയില്‍ പടയൊരുക്കം

പത്തനംതിട്ട: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന പാരമ്പര്യമുള്ള പത്തനംതിട്ട ജില്ല തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മാറിയും മറിഞ്ഞും നിലപാടുകള്‍ എടുക്കാറുണ്ട്. നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും രാഷ്ട്രീയത്തിനതീതമായ നിലപാടുകള്‍ വോട്ടര്‍മാര്‍ സ്വീകരിക്കുന്നതും സാധാരണം.

2010ലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ 2005ല്‍ എല്‍ഡിഎഫാണു കൂടുതല്‍ സീറ്റുകള്‍ നേടിയത്. ജില്ലാ പഞ്ചായത്തും രണ്ടു നഗരസഭകളും നാല് ബ്ളോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരണത്തിലായിരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.

2010ല്‍ തിരുവല്ല ഉള്‍പ്പെടെ മൂന്നു നഗരസഭകളിലും യുഡിഎഫ് അധികാരത്തില്‍ വന്നെങ്കിലും മുന്നണി ധാരണപ്രകാരം രണ്ടരവര്‍ഷത്തിനുശേഷം കോണ്‍ഗ്രസിനുവേണ്ടി കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍പേഴ്സണ്‍ രാജിവച്ച ഒഴിവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. സ്വതന്ത്രരുടെയും ബിജെപിയുടെയും പിന്തുണയോടെയാണിത്. റാന്നി ബ്ളോക്ക് പഞ്ചായത്തിലും ഇതേപോലെ ഭരണമാറ്റത്തിനിടെ യുഡിഎഫിന് അധികാരം നഷ്ടമായി.

ഒരു ഡസനോളം ഗ്രാമപഞ്ചായത്തുകളില്‍ കാലുമാറ്റത്തിലൂടെയും മറ്റും അധികാരം മാറിമറിഞ്ഞു. കൂറുമാറിയ അംഗങ്ങളെ മല്ലപ്പുശേരി, നാരങ്ങാനം ഗ്രാമപഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കുകയും ചെയ്തു. ജി ല്ലാ പഞ്ചായത്തില്‍ അഞ്ചുവര്‍ഷത്തിനിടെ മൂന്നു പ്രസിഡന്റുമാര്‍ ഉണ്ടായി. മുന്നണിയിലും പാര്‍ട്ടിയിലുമുള്ള ധാരണകളുടെ പേരില്‍ പ്രസിഡന്റുമാര്‍ മാറിമാറിവരുന്നതു ഭരണത്തിലെ സ്ഥിരത നഷ്ടമാകുന്നുവെന്ന ആക്ഷേപം ഉണ്ട്.

ഇത്തവണ ജില്ലയില്‍ പുതിയ ഒരു നഗരസഭ കൂടി പിറവിയെടുക്കുകയാണ്. പന്തളമാണു പുതുതായി നഗ രസഭയാകുന്നത്. ഇതോടെ ജില്ലയിലെ നഗരസഭകളുടെ എണ്ണം നാലാകുകയും ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 53 ആയി കുറയുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 17ല്‍ നിന്ന് 16 ആയി . 1990ല്‍ നഗരസഭയാകുകയും മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും പഞ്ചായത്തായി മാറുകയും ചെയ്ത പന്തളമാണ് വീണ്ടും നഗരപട്ടികയിലായിരിക്കുന്നത്.

2010ല്‍ നഗരസഭകളിലും നിരവധി ഗ്രാമപഞ്ചായത്തുകളിലും പ്രാതിനിധ്യമുണ്ടായിരുന്ന ബിജെപി ഇത്തവണ കൂടുതല്‍ സ്ഥാനങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിലാണ്. എസ്എന്‍ഡിപി അടക്കമുള്ള സാമുദായിക സംഘടനകളുടെ പിന്തുണയും കേരള കോണ്‍ഗ്രസ് - പി.സി. തോമസ് വിഭാഗത്തെ എന്‍ഡിഎ ഘടകകക്ഷിയാക്കിയതും നേട്ടമായി ബിജെപി കാണുന്നു.

എസ്എന്‍ഡിപി സ്വാധീന മേഖലകളില്‍ അവരുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും മത്സരിക്കാനുള്ള തയാറെടുപ്പ് എസ്എന്‍ഡിപിയും നടത്തിവരികയാണ്. എന്നാല്‍ ബിജെപിയുടെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴുമോയെന്ന ആശങ്ക നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. എസ്എന്‍ഡിപിയുടെ നിലപാട് ഇരുമുന്നണികളിലും പ്രധാന ചര്‍ച്ചാവിഷയമാണ്.


പത്തനംതിട്ട 2010ല്‍

നഗരസഭകള്‍ (3)

യുഡിഎഫ് - 3 (പത്തനംതിട്ട, തിരുവല്ല, അടൂര്‍)

2013ല്‍ തിരുവല്ല നഗരസഭയില്‍ ഭരണമാറ്റം. സ്വതന്ത്രരുടെയും ബിജെപിയുടെയും പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ചു.

ജില്ലാ പഞ്ചായത്ത്

ആകെ സീറ്റ് - 17
യുഡിഎഫ് - 11,
എല്‍ഡിഎഫ് - 6

ബ്ളോക്ക് പഞ്ചായത്തുകള്‍ (8)

യുഡിഎഫ് - 7
എല്‍ഡിഎഫ് - 1
2013ല്‍ റാന്നി ബ്ളോക്കില്‍ ഭരണമാറ്റം. യുഡിഎഫിലെ ഒരംഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണത്തിലെത്തി.

ഗ്രാമപഞ്ചായത്തുകള്‍ (54)

യുഡിഎഫ് - 40
എല്‍ഡിഎഫ് - 14

വിവിധ കാലയളവുകളില്‍ ഗ്രാമപഞ്ചായത്തുകളില്‍ ഭരണമാറ്റം. നിലവില്‍ യുഡിഎഫ് - 38, എല്‍ഡിഎഫ് - 16.

അഭിമാനപോരാട്ടത്തിനു യുഡിഎഫ്, പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ്

തൃശൂര്‍: ജില്ലയില്‍ പഞ്ചായത്തുകളിലും കോര്‍പറേഷനിലുമുള്ള മേല്‍ക്കോയ്മ ഇക്കുറിയും നിലനിര്‍ത്താനുള്ള അഭിമാന പോരാട്ടത്തിനു യുഡിഎഫ് കച്ചമുറുക്കുമ്പോള്‍ ആ കോട്ടകള്‍ പിടിച്ചെടുക്കാനുള്ള തന്ത്രം മെനയുകയാണ് എല്‍ഡിഎഫ്. ബിജെപിക്ക് അത്ര വലിയ മോഹങ്ങള്‍ ഇല്ലെങ്കിലും കഴിഞ്ഞതവണ നേടിയതിലും കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ അമ്പത്തേഴിലും ഭൂരിപക്ഷം നേടിയാണു യുഡിഎഫ് ഭരണം തുടങ്ങിയത്. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയും അധികാര തര്‍ക്കങ്ങളും മൂലം ചില പഞ്ചായത്തുകള്‍ യുഡിഎഫിനു നഷ്ടമായി. ഗ്രൂപ്പുകളി മൂര്‍ച്ഛിച്ചതിനെതുടര്‍ന്നു പാണഞ്ചേരി പഞ്ചായത്തിലെ യുഡിഎഫ് ഭരണം നഷ്ടമാകുക മാത്രമല്ല, കോണ്‍ഗ്രസിലെതന്നെ അംഗത്തിന്റെ പരാതിയെത്തുടര്‍ന്ന് ഏഴു കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കുകയും ചെയ്തു. ഇവര്‍ക്ക് അടുത്ത ഏഴു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്കു വന്നു. ഒടുവില്‍ 53 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം നിലനിര്‍ത്തിയാണു യുഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

പ്രസിഡന്റ്, മേയര്‍സ്ഥാനം വച്ചുമാറുന്നതില്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും തര്‍ക്കങ്ങള്‍ ഉയര്‍ന്നതു ചെറിയ തോതില്‍ യുഡിഎഫിനു ക്ഷീണം വരുത്തി. എന്നാല്‍, പിന്നീട് ആ സ്ഥാനങ്ങളിലെത്തിയ സാരഥികളുടെ പ്രവര്‍ത്തനം മുഖംരക്ഷിച്ചെന്ന വിശ്വാസമാണു യുഡിഎഫ് കേന്ദ്രങ്ങള്‍ക്കുള്ളത്.

എല്‍ഡിഎഫ് ഭരിച്ചിരുന്ന കോര്‍പറേഷന്‍ വന്‍ ഭൂരിപക്ഷത്തോടെയാണു യുഡിഎഫ് തിരിച്ചുപിടിച്ചത്. 55 ഡിവിഷനുകളില്‍ ആറു ഡിവിഷനുകളില്‍ മാത്രമാണ് എല്‍ഡിഎഫിനു വിജയിക്കാനായത്. ബിജെപി രണ്ടു സീറ്റും നേടി.

ഒല്ലൂരിലെ കേരളാ കോണ്‍ഗ്രസ്-എം പ്രതിനിധി ജോണ്‍ കാഞ്ഞിരത്തിങ്കില്‍ യുഡിഎഫിനോടു പിണങ്ങി, രാജിവച്ച് കേരള കോണ്‍ഗ്രസ്-പി.സി.തോമസ് വിഭാഗത്തില്‍ ചേര്‍ന്ന് ഒല്ലൂരില്‍ത്തന്നെ മത്സരിച്ചു വിജയിച്ചതോടെ ഇടതുപക്ഷത്തിന് ഒരംഗം കൂടിയായി. ഇടതുപക്ഷത്ത് ഏഴു പേരായി. 47 സീറ്റുമായി ജയിച്ച യുഡിഎഫ് 46 സീറ്റിലെത്തി.

കോര്‍പറേഷനിലേക്ക് അടാട്ട്, കോലഴി പഞ്ചായത്തുകളെ കൂട്ടിച്ചേര്‍ത്തു ഭരണസ്ഥിരത ഒരുക്കാന്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പാര്‍ട്ടിയില്‍തന്നെയുള്ളവരുടെ എതിര്‍പ്പു മൂലം നടന്നില്ല. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 29 ഡിവിഷനുകളില്‍ 17 സീറ്റുകള്‍ നേടിയായിരുന്നു യുഡിഎഫിന്റെ വിജയം. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു പുറമേ മുസ്ലിം ലീഗ് രണ്ടും സിഎംപി ഒരു സീറ്റുമാണു നേടിയത്. സിപിഎമ്മിന്റെ ഒമ്പതും സിപിഐയുടെ മൂന്നും അടക്കം 12 സീറ്റാണ് എല്‍ഡിഎഫിനു ലഭിച്ചത്. കോണ്‍ഗ്രസിലെ കെ.വി. ദാസന്‍ പ്രസിഡന്റായാണു ഭരണം തുടങ്ങിയത്. ഇതിനിടെ, സര്‍ക്കാര്‍ ജോലി ലഭിച്ച വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍നിന്നുള്ള സിപിഎം അംഗം എ. അന്‍സ രാജിവച്ചെങ്കിലും ഉപതെരഞ്ഞടുപ്പില്‍ റംല ഷെരീഫിനെ രംഗത്തിറക്കി ഡിവിഷന്‍ നിലനിര്‍ത്തി.

ജില്ലാ പഞ്ചായത്തിലെ ഭരണസമിതിക്കെതിരേ നിരവധി അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തി. പക്ഷേ, അതിലേറെ മുന്നോട്ടുപോകാന്‍ പ്രതിപക്ഷത്തിനും കഴിഞ്ഞില്ല. പുതുതായി വടക്കാഞ്ചേരി നഗരസഭ നിലവില്‍ വന്നു. നിലവിലുള്ള ആറു നഗരസഭകളില്‍ മൂന്നെണ്ണം യുഡിഎഫിനും മൂന്നെണ്ണം എല്‍ഡിഎഫിനുമാണ്. ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകളാണു യുഡിഎഫ് ഭരിക്കുന്നത്. ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ നഗരസഭകള്‍ എല്‍ഡിഎഫ് ഭരണത്തിലാണ്. ബ്ളോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണു മുന്നില്‍. 16 ബ്ളോക്ക് പഞ്ചായത്തുകളില്‍ ഒമ്പതെണ്ണത്തില്‍ യുഡിഎഫ്. ഏഴെണ്ണത്തില്‍ എല്‍ഡിഎഫും. ജനസമ്മതിയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തിയും ഏതുവിധേനയും ജില്ലയില്‍ എല്‍ഡിഎഫ് തരംഗമുണ്ടാക്കാന്‍ ശ്രമം നടത്തണമെന്നാണു പാര്‍ട്ടിയംഗങ്ങള്‍ക്കു നേതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പാര്‍ട്ടിയംഗങ്ങളുടെ കൊലപാതകങ്ങളും ഗ്രൂപ്പുവഴക്കും സംസ്ഥാന നേതൃത്വത്തില്‍വരെ ചര്‍ച്ചയായെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗ്രൂപ്പുതര്‍ക്കങ്ങള്‍ എല്ലാം മറന്നു നേതാക്കള്‍ ഒന്നിച്ചതു യുഡിഎഫില്‍ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

തൃശൂര്‍ 2010ല്‍

ജില്ലാ പഞ്ചായത്ത്

ആകെ ഡിവിഷന്‍ 29
യുഡിഎഫ് -17
എല്‍ഡിഎഫ് -12

തൃശൂര്‍ കോര്‍പറേഷന്‍

ആകെ ഡിവിഷന്‍ -55
യുഡിഎഫ് -46
എല്‍ഡിഎഫ് -07
ബിജെപി -02

ബ്ളോക്ക് പഞ്ചായത്ത്

ആകെ ഡിവിഷന്‍ -16

യുഡിഎഫ് - 9
എല്‍ഡിഎഫ് -7

യുഡിഎഫ്: ചാലക്കുടി, ചേര്‍പ്പ്, മാള, പഴയന്നൂര്‍, പുഴയ്ക്കല്‍, തളിക്കുളം, ഒല്ലൂക്കര, വെള്ളാങ്കല്ലൂര്‍, ചാവക്കാട്.
എല്‍ഡിഎഫ്: ചൊവ്വന്നൂര്‍, അന്തിക്കാട്, ഇരിങ്ങാലക്കുട, കൊടകര, മതിലകം, മുല്ലശേരി, വടക്കാഞ്ചേരി.

നഗരസഭ(6)

യുഡിഎഫ് -3
എല്‍ഡിഫ് - 3

യുഡിഎഫ്: ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം.
എല്‍ഡിഎഫ്: ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍.
ഇത്തവണ ഏഴു നഗരസഭകള്‍. പുതുതായി വടക്കാഞ്ചേരി.

ഗ്രാമപഞ്ചായത്ത് (88)

യുഡിഎഫ് - 53
എല്‍ഡിഎഫ് - 35

രണ്ടു പഞ്ചായത്തുകള്‍ ഇക്കുറി ഇല്ലാതാകും. വടക്കാഞ്ചേരി, മുണ്ടത്തിക്കോട് പഞ്ചായത്തുകള്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ ലയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.