മൂന്നാര്‍ നിശ്ചലം
മൂന്നാര്‍ നിശ്ചലം
Friday, October 9, 2015 12:18 AM IST
മൂന്നാര്‍: തൊഴിലാളിസമരം കൂടുതല്‍ ശക്തമായതോടെ മൂന്നാര്‍ നിശ്ചലമായി. പൊമ്പിളൈ ഒരുമൈയുടെയും ട്രേഡ് യൂണിയനുകളുടെയും സമരം പൂര്‍ണമായിരുന്നു. സമരത്തിനു പിന്തുണയുമായി വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു. ടാക്സി, ഓട്ടോ ജീവനക്കാരും അനുഭാവം പ്രകടിപ്പിച്ചു പണിമുടക്കി.

സമരത്തിനിടെ കെഡിഎച്ച്പി ലക്ഷ്മി എസ്റേറ്റിലെ ജീവനക്കാരിയായ സമുദ്രക്കനി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉച്ചകഴിഞ്ഞ് ഒന്നോടെ ലക്ഷ്മിയില്‍ റോഡ് ഉപരോധം നടത്തുന്നതിനിടയിലാണ് സംഭവം. മണ്ണെണ്ണ കന്നാസുമായി വന്ന സമുദ്രക്കനി വഴിതടയലിനിടയില്‍ മുദ്യാവാക്യം വിളിച്ചും കമ്പനിക്കെതിരേ ക്ഷോഭിച്ചും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടാണ് മണ്ണെണ്ണ ദേഹത്തൊഴിച്ചത്. മണ്ണെണ്ണ ഒഴിക്കുന്നതുകണ്ട മറ്റു പ്രവര്‍ത്തകര്‍ ഉടനെ പിടിച്ചുമാറ്റി.

കൊച്ചി-ധനുഷ്കോടി ദേശീയപാത, മൂന്നാര്‍-ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാത, കോവിലൂര്‍-മൂന്നാര്‍ റോഡ് എന്നിവയടക്കം ഇരുപതോളം സ്ഥലങ്ങളിലാണ് ട്രേഡ് യൂണിയന്‍ അനുയായികള്‍ റോഡ് ഉപരോധിച്ചത്. വിദ്യാര്‍ഥികള്‍ക്ക് എത്താന്‍ കഴിയാത്തതിനാല്‍ സ്കൂളുകളില്‍ പഠിപ്പു മുടങ്ങി.

പാത ഉപരോധിച്ചതോടെ നിരവധി സഞ്ചാരികള്‍ക്കു മൂന്നാറില്‍നിന്നു പോകാന്‍ പറ്റാതെവന്നു. അവര്‍ക്കു ഭക്ഷണം കിട്ടാത്ത അവസ്ഥയുമുണ്ടായി. കടകള്‍ അടച്ചിട്ടു പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രിതന്നെ സ്ത്രീ തൊഴിലാളികള്‍ മര്‍ച്ചന്റ്സ് അസോസിയേഷനെ സമീപിച്ചിരുന്നു. ഔദ്യോഗികമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലാതിരുന്നതിനാല്‍ രാവിലെ ചിലര്‍ കടകള്‍ തുറന്നെങ്കിലും അസോസിയേഷന്‍ ഇടപെട്ടു കടകള്‍ അടച്ചു.


രാവിലെ ഒന്‍പതോടെ പോസ്റ് ഓഫീസ് ജംഗ്ഷനില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരസമരം നടത്തുന്ന പന്തലിനു മുന്നില്‍ ദേശീയപാതയിലെ പാലത്തിനു മുമ്പില്‍ കുത്തിയിരുന്നു. കൂടുതല്‍ സമരക്കാര്‍ എത്തിയതോടെ അതു റോഡ് ഉപരോധമായി മാറി. തുറന്നു പ്രവര്‍ത്തിച്ചിരുന്ന ബാങ്കുകളിലെത്തി അടയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ ബാങ്കിംഗ് മേഖലയും നിശ്ചലമായി.

സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മൂന്നാര്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ എത്തിയതും സമരാവേശം വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ കൂടുതല്‍ പിന്തുണ സ്ത്രീ സമരവേദിക്ക് ലഭിച്ചു. സമരക്കാര്‍ വെയിലത്ത് തളര്‍ന്നപ്പോള്‍ ഡ്രൈവര്‍മാരുള്‍പ്പെടെയുള്ളവര്‍ വെള്ളവുമായെത്തി.

ചില കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞതോടെ പ്രകടനമായി മൂന്നാര്‍ ടൌണിലെത്തിയ സ്ത്രീ തൊഴിലാളികള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.