എസ്എന്‍ഡിപി-ബിജെപി ബന്ധം നീര്‍ക്കുമിള: ഇ.ടി. മുഹമ്മദ് ബഷീര്‍
Friday, October 9, 2015 12:33 AM IST
കോഴിക്കോട്: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ എസ്എന്‍ഡിപി-ബിജെപി സഖ്യത്തിനു നീര്‍ക്കുമിളയുടെ ആയുസ് മാത്രമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. ഇതിനുമുമ്പും എസ്എന്‍ഡിപി കേരളത്തില്‍ മൂന്നാംമുന്നണിക്കു ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അതിനു പൂര്‍ണ പരാജയത്തിന്റെ ചരിത്രമാണ് പറയാനുള്ളത്. യുഡിഎഫിന്റെ മുന്നില്‍ ഇടതുപക്ഷം മാത്രമാണ് എതിരാളികള്‍. ഇതില്‍ പൂര്‍ണ വിജയം യുഡിഎഫിനു തന്നെയായിരിക്കുമെന്നും ഭരണ തുടര്‍ച്ചയ്ക്കുള്ള സാഹചര്യംതന്നെയാണു നിലവിലുള്ളതെന്നും അദ്ദേഹം കോഴിക്കോട്ടു മാധ്യമങ്ങളോടു പറഞ്ഞു.

സീറ്റ് വിഭജന കാര്യത്തില്‍ പല ജില്ലകളിലും കോണ്‍ഗ്രസ്-ലീഗ് നിലനില്‍ക്കുന്ന തര്‍ക്കം സ്വാഭാവികം മാത്രമാണ്. ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കും. എസ്എന്‍ഡിപിക്കും ബിജെപിക്കും ദീര്‍ഘകാലം ഒരുമിച്ചു മുന്നോട്ടു പോവാനാവില്ല. രണ്ടു വിശ്വാസങ്ങളുമായി ഒരു തോണിയില്‍ യാത്ര ചെയ്യാന്‍ ഇവര്‍ക്കു സാധിക്കില്ല. അതുകൊണ്ടു തന്നെ ബിജെപി ഒരുതരത്തിലും ഈ തെരഞ്ഞെടുപ്പില്‍ ഭീഷണിയാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം ന്യൂനപക്ഷക്കാര്‍ കൈവശം വയ്ക്കുകയാണെന്ന തരത്തിലുള്ള വ്യാജപ്രസ്താവനകളാണു വെള്ളാപ്പള്ളി നടേശന്‍ പ്രചരിപ്പിക്കുന്നത്. ഇത് ഇല്ലാത്ത വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ്. ഇത്തരം പ്രസ്താവനകള്‍ വലിയ അപകടമുണ്ടാക്കുമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.