സമുദായ പുരോഗതിക്കായി യത്നിച്ച നേതാവ്
സമുദായ പുരോഗതിക്കായി യത്നിച്ച നേതാവ്
Thursday, October 8, 2015 12:25 AM IST
ജോണ്‍ കച്ചിറമറ്റം

കത്തോലിക്കരുടെയും കത്തോലിക്കരെപ്പോലെ അവഗണന അനുഭവിച്ച ഇതര ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണ പോരാട്ടത്തിനു നേതൃത്വം നല്‍കിയ ഷെവ. ഇലഞ്ഞിക്കല്‍ തര്യതു കുഞ്ഞിത്തൊമ്മന്‍ ദിവംഗതനായിട്ട് ഇന്ന് അറുപതു വര്‍ഷം തികയുന്നു.

തിരുവിതാംകൂറിന്റെ ചരിത്രത്തിലും കേരള സഭാചരിത്രത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രതിഭാശാലിയാണു ഷെവ. ഇലഞ്ഞിക്കല്‍ തര്യതു കുഞ്ഞിത്തൊമ്മന്‍. താന്‍ ഏര്‍പ്പെട്ട എല്ലാ പ്രസ്ഥാനങ്ങളോടും നൂറു ശതമാനം നീതിപുലര്‍ത്തിയ കുഞ്ഞിത്തൊമ്മനെ ഇന്നത്തെ സമുദായം എങ്ങനെ വീക്ഷിക്കുന്നുവെന്നു പഠനവിധേയമാക്കുകതന്നെ വേണം. മരിക്കുന്നതിനു നാലു ദശാബ്ദങ്ങള്‍ക്കു മുമ്പുള്ള കാലഘട്ടത്തില്‍ കേരളത്തിലെ കത്തോലിക്കാ സമുദായത്തിലുണ്ടായിട്ടുള്ള സാമൂഹികവും രാഷ്്ട്രീയവുമായ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്ന കുഞ്ഞിത്തൊമ്മന്‍ തനിക്കുള്ളതെല്ലാം സമുദായനന്മയ്ക്കുവേണ്ടി വിനിയോഗിച്ച ഒരു ത്യാഗിയായിരുന്നു.

കോതമംഗലത്തെ പുരാതനപ്രസിദ്ധമായ ഇലഞ്ഞിക്കല്‍ കുടുംബത്തില്‍ 1882 ജൂലൈ 28ന് കുഞ്ഞിത്തൊമ്മന്‍ ജനിച്ചു. പിതാവ് ഇലഞ്ഞിക്കല്‍ തര്യതും അമ്മ അങ്കമാലി പഞ്ഞിക്കാരന്‍ കുടുംബാംഗവും. കുഞ്ഞിത്തൊമ്മന്റെ പിതാമഹി കുത്തിയതോട്ടില്‍ തച്ചില്‍ കുടുംബത്തിലെ അംഗമായിരുന്നു. കേരള ക്രൈസ്തവ സമുദായത്തിലെ അനശ്വര ജ്യോതിസായ തച്ചില്‍ മാത്തു തരകന്‍ ആ കുടുംബാംഗമാണ്. മാത്തു തരകന്റെ പ്രശസ്തിക്കും അഭിവൃദ്ധിക്കും നിദാനമായ തടിവ്യാപാരം കുഞ്ഞിത്തൊമ്മന്റെ പിതാവും തുടര്‍ന്നു.

കുഞ്ഞിത്തൊമ്മന്‍ തമിഴും മലയാളവും സംസ്കൃതവും പഠിച്ചു. അക്കാലത്തെ പതിവനുസരിച്ച് കച്ചകെട്ടി തിരുമ്മിക്കുകയും ആയുധാഭ്യാസത്തില്‍ നിപുണത നേടുകയും ചെയ്തു. പിതാവിന്റെ തടിവ്യാപാരം വളരെ നഷ്ടത്തില്‍ കലാശിച്ചു. കുഞ്ഞിത്തൊമ്മന്‍ തടിവ്യാപാരത്തിലേക്കു കടക്കാതെ കൃഷിയില്‍ മാത്രം ശ്രദ്ധചെലുത്തി. വനം കൃഷിയിലും തോട്ടംകൃഷിയിലും വന്‍ വിജയം നേടി. തന്റെ പിതാവുമായിട്ടുള്ള കച്ചവടത്തില്‍ നഷ്ടം സഹിക്കേണ്ടിവന്നിട്ടുള്ളവര്‍ക്കെല്ലാം കുഞ്ഞിത്തൊമ്മന്‍ പില്‍ക്കാലത്തു മുതലും പലിശയും കൊണ്ടുചെന്നു കൊടുത്തു.

കുഞ്ഞിത്തൊമ്മന്‍ കര്‍ഷകനായി കഴിഞ്ഞുകൂടവേ 1910ല്‍ പ്രജാസഭാ മെംബറായിരുന്ന ഇലഞ്ഞിക്കല്‍ കുര്യൈപ്പ് നിര്യാതനായി. തുടര്‍ന്ന് 1911ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുഞ്ഞിത്തൊമ്മന്‍ പ്രജാസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1922ലെ പരിഷ്കരിച്ച നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിലും കുഞ്ഞിത്തൊമ്മന്‍ വിജയിച്ചു. അന്നു മുതല്‍ വളരെക്കാലത്തേക്കു കുഞ്ഞിത്തൊമ്മന്‍ നിയമസഭാംഗമായിരുന്നു. രാഷ്ട്രീയമായി തിരുവിതാംകൂറില്‍ ഉണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളിലും നേതൃത്വം വഹിച്ചിട്ടുള്ളയാളാണു കുഞ്ഞിത്തൊമ്മന്‍.

പൌരസമത്വവാദ പ്രക്ഷോഭം

മലയാളി മെമ്മോറിയല്‍ പ്രക്ഷോഭത്തിനുശേഷം പൌരസമത്വവാദ പ്രക്ഷോഭമാണു തിരുവിതാംകൂറിലെ ആദ്യത്തെ പ്രക്ഷോഭം. ക്രൈസ്തവ- ഈഴവ- മുസ്ലിം സമുദായങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വീസിലും പ്രതിനിധി സ്ഥാപനങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കുന്നതിനുവേണ്ടിയായിരുന്നു ആ പ്രക്ഷോഭണം. സംസ്ഥാനത്തെ റവന്യൂവകുപ്പിലും പട്ടാളത്തിലും പ്രസ്തുത സമുദായങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ ദേവസ്വം കാര്യങ്ങള്‍കൂടി കൈകാര്യം ചെയ്തിരുന്നതിനാല്‍ തീണ്ടലും തൊടീലും ഉണ്ടായിരുന്ന അക്കാലത്ത് സവര്‍ണരല്ലാത്തവരെ റവന്യൂ വകുപ്പില്‍ നിയമിക്കാന്‍ സാധ്യമായിരുന്നില്ല.


ആ സാഹചര്യത്തിലാണു റവന്യൂ - ദേവസ്വം വിഭജനത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നു കുഞ്ഞിത്തൊമ്മന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നു നടത്തിയ സമരത്തിന്റെ സകല ചെലവും വഹിച്ചതു കുഞ്ഞിത്തൊമ്മന്‍ തന്നെയായിരുന്നു. സമരം നാലുവര്‍ഷം നീണ്ടു. 1922ല്‍ പൌരസമത്വവാദ പ്രക്ഷോഭം വിജയിച്ചു. റവന്യൂ വകുപ്പില്‍ ക്രിസ്ത്യാനികള്‍ക്കു ജോലി ലഭിച്ചു. എന്നാല്‍ കത്തോലിക്കര്‍ക്ക് അതുകൊണ്ടു പ്രയോജനമുണ്ടായില്ല.

മലയാളി മെമ്മോറിയല്‍ പ്രക്ഷോഭംകൊണ്ടു നേട്ടമുണ്ടായതു നായന്മാര്‍ക്കാണ്. പൌരസമത്വവാദ പ്രക്ഷോഭംകൊണ്ടു നേട്ടമുണ്ടായത് അകത്തോലിക്കര്‍ക്കും. കത്തോലിക്കരെ ഒരു പ്രത്യേക വിഭാഗമായി അംഗീകരിപ്പിച്ചെങ്കിലേ അവര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയുള്ളൂവെന്നു മനസിലാക്കി അതിനുവേണ്ടിയായിരുന്നു കുഞ്ഞിത്തൊമ്മന്റെ പിന്നീടുള്ള ശ്രമം. ഓരോ സമുദായത്തിനും പബ്ളിക് സര്‍വീസിലും പ്രതിനിധിസഭകളിലുമുള്ള പ്രാതിനിധ്യവിഹിതം നിയമസഭയിലെ അനേകം ചോദ്യങ്ങള്‍വഴി അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നു. കത്തോലിക്കരോടും മറ്റ് അവശ സമുദായങ്ങളോടും ഗവണ്‍മെന്റ് അനുവര്‍ത്തിച്ചുപോരുന്ന ചിറ്റമ്മനയത്തിന്റെ വിപുലതയും ഗര്‍ഹണീയതയും അദ്ദേഹം പ്രകടമാക്കുകയുണ്ടായി. കുഞ്ഞിത്തൊമ്മനടക്കം നിയമസഭയിലെ ആറു കത്തോലിക്കാ മെംബര്‍മാര്‍ ചേര്‍ന്നു റീജന്റ് മഹാറാണിക്ക് ഒരു മെമ്മോറാണ്ടം നല്‍കി. അന്നു ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന ഒഴിവുകളില്‍ ഒരു കത്തോലിക്കനെ നിയമിക്കുന്നതിനുവേണ്ടിയാണ് മെമ്മോറാണ്ടം നല്‍കിയത്. മെമ്മോറാണ്ടം അച്ചടിപ്പിക്കുന്നതിനും ഡപ്യൂട്ടേഷന്‍ പോകുന്നതിനുമൊക്കെയുള്ള പണം കുഞ്ഞിത്തൊമ്മന്‍തന്നെയാണു ചെലവഴിച്ചത്. ഇതിലൊക്കെ വിജയം വരിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കുഞ്ഞിത്തൊമ്മന്‍. 1945ല്‍ അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണു കത്തോലിക്കാ കോണ്‍ഗ്രസിനു സ്ഥിരമായ ഒരു കേന്ദ്രാലയം ഉണ്ടായതും അംഗസംഖ്യ അതിന്റെ മൂര്‍ധന്യത്തിലെത്തിയതും. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ വിദ്യാലയ ദേശസാത്കരണത്തിനെതിരായി വന്‍ പ്രക്ഷോഭണം നടത്തിയതും രണ്ടര ലക്ഷം പേര്‍ ഒപ്പിട്ട മെമ്മോറാണ്ടം മഹാരാജാവിനു സമര്‍പ്പിച്ചതും ഇക്കാലത്താണ്. കത്തോലിക്കാ വിദ്യാലയങ്ങള്‍ക്കുവേണ്ടി വീറോടെ വാദിച്ച അദ്ദേഹത്തെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ സി.പി സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിച്ചു. അദ്ദേഹത്തെ ജയിലിലടച്ചു. കുത്തകപ്പാട്ടത്തിലായിരുന്ന തേയിലത്തോട്ടങ്ങള്‍ ഗവണ്‍മെന്റ് കൈയേറി മറ്റുള്ളവര്‍ക്കു കൊടുത്തു. പക്ഷേ, അദ്ദേഹം അചഞ്ചലനായി നിലകൊണ്ടു. ബിഷപ് മാര്‍ കാളാശേരിയെ ഒരു ഇടയലേഖനത്തിന്റെ പേരില്‍ അറസ്റ് ചെയ്യാന്‍ സി.പി ഉത്തരവിട്ടു. കത്തോലിക്കാ സമുദായത്തിലെ അവസാന വ്യക്തി അവശേഷിക്കുന്നതുവരെ തങ്ങളുടെ ആധ്യാത്മിക പിതാവിനെ അറസ്റ് ചെയ്യാന്‍ സമ്മതിക്കില്ലെന്നു കുഞ്ഞിത്തൊമ്മന്‍ പ്രഖ്യാപിച്ചു.1952ല്‍ ഷെവലിയര്‍ സ്ഥാനം നല്‍കി കുഞ്ഞിത്തൊമ്മനെ മാര്‍പാപ്പ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.