വൈകുന്നേരം അഞ്ചുവരെ മാത്രം വോട്ടിംഗ്
വൈകുന്നേരം അഞ്ചുവരെ മാത്രം വോട്ടിംഗ്
Thursday, October 8, 2015 11:58 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പു സമയക്രമത്തില്‍ മാറ്റംവരുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനം. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമാകും വോട്ട് ചെയ്യാനുള്ള അവസരം. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയായിരുന്നു നേരത്തെ വോട്ടെടുപ്പു സമയക്രമം നിശ്ചയിച്ചിരുന്നത്. സമയക്രമത്തില്‍ മാറ്റം വരുത്തിയതു പഞ്ചായത്ത് രാജ് ആക്ടില്‍ വോട്ടെടുപ്പു സമയക്രമം വൈകുന്നേരം അഞ്ചു വരെയെന്നു നിശ്ചയിച്ചിരുന്നതിനാലാണ്.

സംസ്ഥാനത്തെ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 21,871 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്നലെ പുറത്തിറക്കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നവംബര്‍ രണ്ടിനും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നവംബര്‍ അഞ്ചിനുമായിരിക്കും തെരഞ്ഞെടുപ്പ്.

നാമനിര്‍ദേശപത്രിക ബന്ധപ്പെട്ട വരണാധികാരികള്‍ ഇന്നലെ സ്വീകരിച്ചുതുടങ്ങി. 14 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം. 15നു സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 17 ആണ്.

വിജ്ഞാപനമിറങ്ങിയതോടെ മാതൃകാ പെരുമാറ്റചട്ടം നടപ്പിലാക്കുന്നതിനു നിര്‍ദേശം നല്‍കി. ഈമാസം മൂന്നിനു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയതോടെ സംസ്ഥാനത്തു മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും അധികാര സ്ഥാനങ്ങളിലിരിക്കുന്നവരും സമ്മതിദായകരെ സ്വാധീനിക്കുകയോ പ്രീണിപ്പിക്കുകയോ പ്രീതിപ്പെടുത്തുകയോ ചെയ്യുന്ന നടപടി സ്വീകരിക്കുന്നതില്‍നിന്ന് അവരെ തടയുന്നതിനും അതുവഴി തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമായി നടത്തുന്നതിനുമാണു മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുത്തുന്നത്.


സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്യണം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയതോടെ സര്‍ക്കാര്‍ പരസ്യങ്ങളും ജനപ്രതിനിധികളുടെ പരസ്യങ്ങളും നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്കി.

സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ അവരുടെ നേട്ടങ്ങള്‍, നടപ്പിലാക്കിയ പദ്ധതികള്‍ തുടങ്ങിയവയുടെ പരസ്യങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, എല്‍ഇഡി ഡിസ്പ്ളേ എന്നിവ സമ്മതിദായകരെ സ്വാധീനിക്കാവുന്ന തരത്തില്‍ പൊതുസ്ഥലങ്ങളിലും റോഡിന്റെ വശങ്ങളിലും സ്ഥാപനങ്ങളുടെ പരിസരത്തും സ്ഥാപിച്ചിട്ടുള്ളതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്െടന്നും ഇവ അടിയന്തരമായി നീക്കം ചെയ്യുന്നതിനു ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി.

സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേട്ടങ്ങളും നടപ്പാക്കിയ പദ്ധതികളും സംബന്ധിച്ച് അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ നിര്‍ത്താനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലേക്കാവശ്യമായ പോലീസ് സഹായം ലഭ്യമാക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കാന്‍ ഡിജിപിയോടു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.