സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യക്ഷസമരമെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി
Thursday, October 8, 2015 11:48 PM IST
കട്ടപ്പന: പട്ടയഭൂമി വനമാണെന്ന ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യക്ഷസമരം തുടങ്ങുമെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്‍ ഇടുക്കി ജില്ല പരിസ്ഥിതിലോല മേഖലയാണെന്നു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വന്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നു പിന്‍വലിക്കേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ സത്യവാങ്മൂലത്തിനെതിരേ ഹൈറേഞ്ച് സംരക്ഷണസമിതി സമരമുന്നറിയിപ്പു നല്‍കിയത്. സത്യവാങ്മൂലത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ മുഖ്യമന്ത്രിക്കു കത്തുനല്‍കി.

ചീഫ് സെക്രട്ടറി ജിജി തോംസണ്‍ 2015 സെപ്റ്റംബര്‍ 25-നു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1993-ലെ പ്രത്യേക ചട്ടം അനുസരിച്ച് പട്ടയം നല്‍കിയിരിക്കുന്ന ഭൂമിയെല്ലാം വനഭൂമിയാണെന്ന് പറഞ്ഞിരിക്കുന്നു. ഇത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ഇത് അംഗീകരിക്കില്ല. അടിയന്തരമായി സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: അദ്ദേഹം ആവശ്യപ്പെട്ടു.


ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നല്‍കിയ 17149 പട്ടയങ്ങളും ഈ നിയമമനുസരിച്ചാണ്. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 1993 ലെ പ്രത്യേക ഭൂപതിവു നിയമമനുസരിച്ച് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള 28588 ഹെക്ടര്‍ സ്ഥലം വനഭൂമിയാണെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കര്‍ഷകരുടെ കൈവശഭൂമി അംഗീകരിച്ച് പട്ടയം നല്‍കാന്‍ സര്‍ക്കാരും ഇതിന് സുപ്രീംകോടതി നിയമ അംഗീകാരവും നല്‍കിയിട്ടുള്ളതാണ്. ഈ ഭൂപ്രദേശം വനമാണെന്ന സര്‍ക്കാരിന്റെ ഇപ്പോഴത്തെ സത്യവാങ്മൂലം ഗൂഢലക്ഷ്യത്തോടെ തയാറാക്കി നല്‍കിയതാണെന്നും മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആരോപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.