മൂന്നാര്‍ പാക്കേജിനു മന്ത്രിസഭയുടെ അംഗീകാരം
Thursday, October 8, 2015 11:43 PM IST
തിരുവനന്തപുരം: തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ടു തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു. തോട്ടം മേഖലയിലെ സമഗ്ര വികസനത്തിനായി സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഇടപെടല്‍ ഉറപ്പാക്കുന്ന നയത്തിനാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്. മൂന്നാര്‍ പാക്കേജിന്റെ അടിസ്ഥാനത്തില്‍ തോട്ടം തൊഴിലാളികളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, അടിസ്ഥാന സൌകര്യ വികസനം തുടങ്ങിയവയ്ക്കായി സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കും. തോട്ടം തൊഴിലാളികളുടെ ഒറ്റമുറി ലയങ്ങള്‍ ഇരട്ട മുറികളാക്കി വികസിപ്പ്ക്കാന്‍ സര്‍ക്കാര്‍ പണം നല്‍കും. വീടുകളുടെ അറ്റകുറ്റപ്പണിക്കുള്ള തുകയും സര്‍ക്കാര്‍ നല്‍കും. നിലവില്‍ തോട്ടം ഉടമകളാണു വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വന്നത്. ടോയ്ലറ്റുകള്‍ ഇല്ലാത്തിടങ്ങളില്‍ ഇതു സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കും. ഈ മേഖലയിലെ സ്കൂളുകള്‍ ഹൈസ്കൂളുകളായും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളായും ഉയര്‍ത്തും. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണം. സമഗ്ര വികസനത്തിനായി നിയമത്തില്‍ ഭേദഗതി വരുത്തുന്നതും പരിഗണനയിലുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.