തര്‍ക്കങ്ങള്‍ക്കു മോറട്ടോറിയം പ്രഖ്യാപിക്കണം: എ.കെ. ആന്റണി
തര്‍ക്കങ്ങള്‍ക്കു മോറട്ടോറിയം പ്രഖ്യാപിക്കണം: എ.കെ. ആന്റണി
Wednesday, October 7, 2015 12:35 AM IST
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുന്നതിനു പരസ്യവിവാദങ്ങളും മാധ്യമങ്ങളിലെ ചര്‍ച്ചകളും ഒഴിവാക്കണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കൊച്ചിയില്‍ യുഡിഎഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിധ തര്‍ക്കങ്ങള്‍ക്കും മോറട്ടോറിയം പ്രഖ്യാപിക്കണം. മുന്നണിയിലെ പാര്‍ട്ടികളെല്ലാം ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. പ്രശ്നങ്ങളും മറ്റും ചാനലിനു മുന്നില്‍ വന്നിരുന്നു ചര്‍ച്ച ചെയ്യാതെ ബന്ധപ്പെട്ട വേദികളില്‍ അവതരിപ്പിച്ചു പരിഹരിക്കുകയാണു വേണ്ടത്. ഈ പ്രസ്താവന ആര്‍ക്കെങ്കിലും അലോസരം ഉണ്ടാക്കുന്നുണ്െടങ്കില്‍ ക്ഷമിക്കണമെന്ന മുഖവുരയോടെയാണ് ആന്റണി ഇതു പറഞ്ഞത്. വളരെ കഠിനാധ്വാനം ചെയ്തെങ്കില്‍ മാത്രമേ കഴിഞ്ഞ തവണത്തെ വിജയം തദ്ദേശ സ്ഥാപനങ്ങളില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. അത്ര വലിയ വിജയമാണ് അന്നു നമ്മള്‍ നേടിയത്. അന്ന് എവറസ്റിന്റെ ശൃംഗംവരെ നമ്മള്‍ എത്തിയെന്നോര്‍ക്കണം.

അതേസമയം, വളരെ വിഷമം പിടിച്ച കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്നും ആന്റണി ഓര്‍മിപ്പിച്ചു. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ വേരോട്ടമുണ്ടാക്കാന്‍ കഠിന ശ്രമത്തിലാണ്. സമൂഹത്തിനാകെ ആപത്കരമാണ് ഈ നീ ക്കം. കേരളത്തെ വെട്ടിപ്പിടിക്കാനായി ഡല്‍ഹിയില്‍നിന്നു പലരും പെട്ടിയും കിടക്കയും എടുത്ത് ഇങ്ങോട്ടു വരുന്നുണ്ട്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ പണ്ടത്തെ ഭ്രാന്താലയമായി കേരളം മാറുന്നതിനു മാത്രമേ ഈ നീക്കങ്ങള്‍ സഹായിക്കുകയുള്ളൂ. പ്രബുദ്ധകേരളം ഇതിനു ചുട്ട മറുപടി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരുവിക്കരയില്‍ കുറച്ചു വോട്ടു കിട്ടിയെന്നോര്‍ത്ത് ആരും പനിക്കേണ്ട. കേരളത്തിലെ ബിജെപിയുടെ അവസ്ഥ പരമദയനീയമാരിക്കും.

ഇപ്പോള്‍ നടക്കുന്നത് അസംബ്ളി ഇലക്ഷന്റെ സെമിഫൈനലാണ്. സെമിയില്‍ നല്ല വിജയം നേടിയാലേ ഫൈനല്‍ മത്സരമായ അസംബ്ളി ഇലക്ഷനില്‍ മികച്ച വിജയം നേടി സംസ്ഥാന സര്‍ക്കാരിനു തുടര്‍ഭരണം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യം ഉള്‍ക്കൊണ്ടു എല്ലാവരും പ്രവര്‍ത്തിക്കണം.


സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനം തല ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ അഭിമുഖീകരിക്കുന്നതിനു പ്രാപ്തമാക്കുന്നതാണ്. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നേറ്റങ്ങള്‍ നടത്തുകയുണ്ടായി. ഇതെല്ലാം ചൂണ്ടിക്കാട്ടി കൂടുതല്‍ ഐക്യത്തോടെ തെരഞ്ഞെടുപ്പിലേക്കു പോകണം. ജനങ്ങളുടെ മുന്നില്‍ നിര്‍ത്തുമ്പോള്‍ കല്ലെറിയാത്ത സ്ഥാനാര്‍ഥികളെയാവണം മത്സരരംഗത്ത് അവതരിപ്പിക്കേണ്ടത്. ~ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ ഇക്കാര്യം മനസില്‍വയ്ക്കണമെന്നും എ.കെ. ആന്റണി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കണമെന്നതിലാണ് സമ്മേളനത്തില്‍ പ്രസംഗിച്ചവരെല്ലാം ഊന്നല്‍ നല്‍കിയത്.

എറണാകുളം ടൌണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. പ്രകടനപത്രിക മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങള്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു നല്‍കി പ്രകാശനം ചെയ്തു. മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, ആര്യാടന്‍ മുഹമ്മദ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, കെ.ബാബു, സി.എന്‍. ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ.പി. മോഹനന്‍, എംപിമാരായ വയലാര്‍ രവി, കെ.വി.തോമസ്, ജോയി ഏബ്രഹാം, എന്‍.കെ. പ്രേമചന്ദ്രന്‍, വിവിധ കക്ഷി നേതാക്കളായ എ.എ. അസീസ്, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, എ.എന്‍. രാജന്‍ ബാബു, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ സ്വാഗതവും എറണാകുളം ജില്ലാ ചെയര്‍മാന്‍ എം.ഒ. ജോണ്‍ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.