വികസിത കേരളം, ദാരിദ്യ്രരഹിത കേരളം ലക്ഷ്യമാക്കി യുഡിഎഫ് പ്രകടനപത്രിക
വികസിത കേരളം, ദാരിദ്യ്രരഹിത കേരളം ലക്ഷ്യമാക്കി യുഡിഎഫ് പ്രകടനപത്രിക
Wednesday, October 7, 2015 11:53 PM IST
കൊച്ചി: യുഡിഎഫ് ഭരണ സമിതികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തില്‍ വരുമ്പോള്‍ നടപ്പാക്കുന്ന വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ രൂപരേഖ വികസിത കേരളം, ദാരിദ്യ്രരഹിത കേരളം എന്ന ശീര്‍ഷകത്തില്‍ പുറത്തിറക്കി. ഇന്നലെ കൊച്ചിയില്‍ നടന്ന യുഡിഎഫ് സംസ്ഥാന നേതൃയോഗത്തില്‍ പുറത്തിറക്കിയ യുഡിഎഫ് പ്രകടനപത്രികയുടെ കാതല്‍ വികസനവും കരുതലും എന്ന സംസ്ഥാന സര്‍ക്കാരിന്റെ മുദ്രാവാക്യം തന്നെയാണ്.

പതിനെട്ടു ശീര്‍ഷകങ്ങളിലായി 90ല്‍ പരം നിര്‍ദേശങ്ങളാണ് പത്രികയില്‍ ഉള്ളത്. മുന്‍ സര്‍ക്കാരുകളില്‍നിന്നു ഭിന്നമായി എന്തെല്ലാം മാറ്റങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളോടുള്ള സമീപനത്തില്‍ ഈ സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന കാര്യം 23 പേജുള്ള പ്രകടനപത്രികയുടെ ആമുഖത്തില്‍ വിശദീകരിക്കുന്നു. പ്രകടനപത്രികയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ:

1. പാവപ്പെട്ട രോഗികള്‍ക്കു ചികിത്സാസഹായം നല്‍കുന്ന ആശ്വാസനിധി നിര്‍ബന്ധമാക്കും.

2. പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൌജന്യമായി നല്‍കുന്ന വിശപ്പിനോട് വിട പരിപാടി നടപ്പാക്കും.

3. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം നല്‍കാന്‍ മംഗല്യസഹായനിധി രൂപീകരിക്കും.

4. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തര്‍ക്കപരിഹാര കേന്ദ്രങ്ങള്‍ ആരംഭിക്കും.

5. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് കൃഷിയോഗ്യമായ മുഴുവന്‍ സ്ഥലങ്ങളിലും കൃഷി ചെയ്യാന്‍ നടപടി സ്വീകരിക്കും. നെല്ല്, പച്ചക്കറികള്‍, കിഴങ്ങുകള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ വര്‍ധിച്ച അളവില്‍ കൃഷി ചെയ്യും. റബര്‍കൃഷി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും കര്‍ഷകരെ സഹായിക്കാനും നടപടികള്‍ സ്വീകരിക്കും.


6. ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും.

7. ജൈവ കാര്‍ഷിക ജനകീയ സമിതികള്‍ രൂപീകരിക്കും.

8. പ്രാദേശികമായി ഉത്പാദിപ്പിച്ച അരിയും പച്ചക്കറിയും ന്യായവിലയ്ക്ക് വിപണനം നടത്തുന്ന സംവിധാനം ഒരുക്കും.

9. ശാസ്ത്രീയ അറവുശാലകള്‍ സ്ഥാപിക്കും.

10. ഉള്‍നാടന്‍ മത്സ്യകൃഷി വര്‍ധിപ്പിക്കും.

11. ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മിനി വ്യവസായ എസ്റേറ്റുകള്‍ ആരംഭിക്കും.

12. വിദ്യാലയങ്ങളെ ഹരിതകാമ്പസുകളാക്കി മാറ്റും.

13. തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും.

14. എല്ലാ ജലസ്രോതസുകളും ഉള്‍പ്പെടുത്തി ശാസ്ത്രീയമായ കുടിവെള്ള പദ്ധതി ആരംഭിക്കും.

15. മാലിന്യസംസ്കരണ പ്ളാന്റുകള്‍ നിര്‍ബന്ധമാക്കും.

16. തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും സ്ത്രീസൌഹൃദമാക്കും.

17. വയോജന ക്ളബ്ബുകള്‍ രൂപീകരിക്കും.

18. ആധുനിക സൌകര്യങ്ങളോടുകൂടിയ ബസ് സ്റ്റാന്‍ഡുകള്‍ നിര്‍മിക്കും.

19. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കും.

20. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.