470 ഗ്രാമപഞ്ചായത്തുകളില്‍ വനിതാ വൈസ് പ്രസിഡന്റുമാര്‍
Wednesday, October 7, 2015 1:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 470 ഗ്രാമപഞ്ചായത്തുകളില്‍ വനിതാ വൈസ് പ്രസിഡന്റുമാര്‍ ഭരണം നിയന്ത്രിക്കും. പ്രസിഡന്റ് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടില്ലാത്ത 470 ഗ്രാമപഞ്ചായത്തുകളിലെ വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ടിലെ 153-ാം വകുപ്പ് (4എ) പ്രകാരമാണ് ഈ നടപടി.

പ്രസിഡന്റ് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടില്ലാത്ത 75 ബ്ളോക്ക് പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തു.

പ്രസിഡന്റ് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടില്ലാത്ത തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.


തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടില്ലാത്ത കോര്‍പറേഷനുകളാണ് ഇത്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വനിതാ മേയര്‍മാരും പുരുഷ ഡെപ്യൂട്ടി മേയര്‍മാരുമാകും ഉണ്ടാകുക.

ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടില്ലാത്ത 43 മുനിസിപ്പാലിറ്റികളിലെ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.